Top News

അന്ന് വിഎസിന്റെ ശബ്ദം കേള്‍ക്കാത്ത വേദികളില്ലായിരുന്നു, മിമിക്രിക്കാരുടെ പ്രിയതാരം; സ്വീകരണമുറികളിലെ അച്ചുമാമ

കേരളത്തിലെ മിമിക്രിക്കാര്‍ ആവര്‍ത്തിച്ച് അനുകരിച്ചത് കൊണ്ട് വളര്‍ന്നുവന്ന രാഷ്ട്രീയക്കാരനാണ് വിഎസ് അച്യുതാനന്ദനെന്നും ഇതിനപ്പുറം അച്യുതാനന്ദന് വേറെ കഴിവുകള്‍ ഒന്നുമില്ലെന്ന് ഒരിക്കല്‍ പറഞ്ഞത് ഇപ്പോള്‍ ഇടത് മന്ത്രിയായ കെബി ഗണേഷ് കുമാറാണ്. 2011ല്‍ ഇടമലയാര്‍കേസില്‍ വിഎസ് നടത്തിയ കേസില്‍ കേരള കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണപ്പിള്ള ജയിലിലായപ്പോഴാണ് ഗണേഷിന്റെ പ്രസ്താവന. 
അന്നത്തെ രാഷ്ട്രീയ കാലവസ്ഥയിലായിരുന്നെങ്കിലും വിഎസും മിമിക്രിക്കാരും തമ്മിലുള്ള ബന്ധം അങ്ങനെ ചെറിയ ബന്ധമായി ചുരുക്കാന്‍ സാധിക്കില്ല എന്ന് തന്നെ പറയാം.[www.malabarflash.com]

മിമിക്രിയില്‍ നിന്നും രൂപമെടുത്ത മിമിക്‌സ് പരേഡ് എന്ന കലാരൂപം ആദ്യകാലത്ത് സിനിമതാരങ്ങളുടെ രൂപങ്ങള്‍ വച്ചാണ് വളര്‍ന്നതെങ്കില്‍ 1990 കളുടെ തുടക്കത്തോടെ രാഷ്ട്രീയ നേതാക്കളെയും വേദിയില്‍ എത്തിച്ചുതുടങ്ങി. ആദ്യകാലത്ത് മിമിക്രി വേദികളിലെ പ്രിയ താരങ്ങള്‍ കെ കരുണാകരനും, നായനാരുമായിരുന്നു. അതിന് മുന്‍പ് രാഷ്ട്രീയക്കാര്‍ പ്രധാന കഥാപാത്രമായിരുന്നത് കാര്‍ട്ടൂണുകളിലയിരുന്നു. ആ രംഗത്തും സൂപ്പര്‍താരങ്ങള്‍ ഇവര്‍ രണ്ടുപേരും തന്നെയായിരുന്നു. ഒരു പാര്‍ട്ടിമാന്‍ എന്ന നിലയില്‍ പലപ്പോഴും വിഎസ് ഈ ആസ്വാദന ഇടങ്ങളില്‍ നിന്നും അകന്ന് തന്നെയാണ് നിന്നത് എന്ന് കാണാം.

1995ന് ശേഷം കേരളത്തില്‍ ടെലിവിഷന്റെ പ്രചാരം വര്‍ദ്ധിക്കുകയും ഹാസ്യപരിപാടികള്‍ ടെലിവിഷന്‍ വഴി കേരളത്തിലെ സ്വീകരണമുറികളില്‍ എത്തുകയും ചെയ്തു. ഇതിനൊപ്പം തന്നെ മുഖ്യധാര മലയാള ചിത്രങ്ങള്‍ സമകാലിക രാഷ്ട്രീയം പ്രമേയമാക്കുവാന്‍ തുടങ്ങി. അതിനാല്‍ തന്നെ രാഷ്ട്രീയക്കാരെ കഥാപാത്രങ്ങളാക്കുന്ന രീതി മലയാളിക്ക് സുപരിചിതമായി. 1996-2001 കാലഘട്ടത്തില്‍ വിഎസ് എല്‍ഡിഎഫ് ചെയര്‍മാനായിരുന്നു. ഇകെ നായനാര്‍ ആയിരുന്നു മുഖ്യമന്ത്രി. നായനാര്‍ കേരളത്തിലെ തന്റെ ജനകീയതയും ഹാസ്യവും ഒക്കെ വച്ച് മിമിക്‌സ് വേദികളിലെ സ്‌കിറ്റുകളില്‍ പ്രധാന കഥാപാത്രമായിരുന്നു. എന്നാല്‍ അക്കാലത്ത് വന്ന ഒരു വാണിജ്യ മുഖ്യധാര സിനിമയല്‍ പോലും വിഎസിനോട് സാമ്യമുള്ള കഥാപാത്രത്തെ വെട്ടിനിരത്തല്‍ സമരക്കാരന്‍ എന്നാണ് ചിത്രീകരിച്ചത്.

എന്നാല്‍ ശരിക്കും മിമിക്രിക്കാര്‍ക്കിടയില്‍ വിഎസ് താരമാകുന്നത് 2001ല്‍ പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ്. രാഷ്ട്രീയമായി കേരളത്തില്‍ വിഎസിന്റെ മേയ്ക്ക്ഓവര്‍ എന്ന് പറയാവുന്ന ഈ കാലഘട്ടം മിമിക്രിക്കാരും ശരിക്കും മുതലെടുത്തു. വിഎസിന്റെ ശൈലി മിമിക്‌സ് വേദികളിലെ പ്രധാന ഐറ്റമായി. അച്ചുമാമന്‍ എന്നാണ് പലപ്പോഴും മിമിക്‌സ് സ്‌കിറ്റുകളില്‍ വിഎസ് അച്യുതാനന്ദന്റെ ക്യാരക്ടറിന് പേര് പോലും നല്‍കപ്പെട്ടത്.

തോളുകള്‍ പൊന്തിച്ച്, വലിച്ചു നീട്ടിയ സംസാര ശൈലിയില്‍ വിഎസിനെ വേദികളില്‍ അനുകരിക്കുന്നത് പതിവായി. അക്കാലത്തെ വേദികളെക്കുറിച്ച് ഓര്‍ക്കുന്ന മുന്‍ മിമിക്രി കലാകാരനും ടിവി പ്രോഗ്രാം പ്രൊഡ്യൂസറുമായ അല്‍ബി ഫ്രാന്‍സിസ് ഇങ്ങനെ പറയുന്നു: 'വിഎസ് അന്ന് ഒരു പോസിറ്റീവ് ഘടകമായിരുന്നു സമൂഹത്തില്‍, ഒപ്പം അന്നത്തെ ടെലിവിഷനിലെ ജനപ്രിയ മുഖമായിരുന്നു. അതിനാല്‍ തന്നെ ഏത് വേദിയിലും ക്ലിക്ക് ആകുന്ന വളരെ പൊസറ്റീവ് സ്‌കിറ്റുകളാണ് അന്ന് ഉണ്ടായിരുന്നത്. വിഎസിന്റെ ഫിഗര്‍ ചെയ്യാന്‍ പറ്റിയ ഒരു വ്യക്തി അന്നത്തെ മിമിക്‌സ് ട്രൂപ്പുകളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ആളായിരുന്നു.'

2004ല്‍ ഇകെ നായനാര്‍ അന്തരിച്ചതിന് ശേഷം മിമിക്‌സ് കലാപരിപാടികളില്‍ ഇടത് ഫിഗറുകളില്‍ വിഎസിന് കൂടുതല്‍ പ്രധാന്യം കൈവന്നു. ഇതേ സമയം തന്നെ സിപിഎമ്മിലെ വിഭാഗീതയും വലിയ മാധ്യമ ചര്‍ച്ചയും യാഥാര്‍ത്ഥ്യവുമായി. ഇത് മിമിക്രി മിമിക്‌സ് വേദികളിലും നിറഞ്ഞു. വിഎസ്-പിണറായി ദ്വന്ദ്വം മിമിക്‌സ് സികിറ്റുകളുടെ ഒഴിവാക്കാന്‍ പറ്റാത്ത ഘടകമായി. ഇതേ സമയം തന്നെ 2000ത്തിന് ശേഷം ഇന്നോളം സംസ്ഥാന സ്‌കൂള്‍ മിമിക്രി വേദികളിലും വിഎസിന്റെ ശബ്ദം കേള്‍ക്കാത്ത ഒരു വര്‍ഷം പോലും ഉണ്ടായിട്ടില്ല.

2010ന് ശേഷം കേരളത്തിലെ വിനോദപരിപാടികളുടെ ഭൂപടത്തില്‍ തിരുത്തല്‍ വരുകയും മിമിക്‌സ് ഗ്രൂപ്പുകള്‍ കുറഞ്ഞുവരുകയും പൊളിറ്റിക്‌സ് അടിസ്ഥാനമാക്കിയുള്ള സ്‌കിറ്റുകള്‍ പതുക്കെ പൊതുവേദികളില്‍ നിന്നും അപ്രത്യക്ഷമാകുവാനും തുടങ്ങി. പ്രധാനമായും വാര്‍ത്ത ചാനലുകള്‍ അടിസ്ഥാനമാക്കി വരുന്ന ആക്ഷേപഹാസ്യ പരിപാടികള്‍ ഈ രംഗം കീഴടക്കിയെന്ന് പറയാം.

പക്ഷെ ഇന്നും കോമഡി ഉത്സവങ്ങള്‍ പോലുള്ള ജനപ്രിയ ഷോകളില്‍ മിമിക്രിയുമായി എത്തുന്ന ഭൂരിഭാഗം പേരും വിഎസിന്റെ ശബ്ദമോ ഫിഗറോ അവതരിപ്പിക്കാതെ പോകുന്നത് നാം കണ്ടിട്ടില്ല. ടെലിവിഷനില്‍ നിറഞ്ഞു കവിഞ്ഞ വിഎസ് സ്വീകരണ മുറികളിലെ പ്രിയ താരമായി മാറുന്നത് ഇങ്ങനെയാണ്. കൊച്ചുകുട്ടികള്‍ക്കു പോലും പരിചിതനായി അച്ചുമാമ. പാര്‍ട്ടി വേദികളില്‍ കാര്‍ക്കശ്യത്തോടെ നിന്ന വി എസിനെ മധ്യവര്‍ഗ കുടുംബങ്ങളുടെ പ്രിയങ്കരനാക്കി മാറ്റിയതില്‍ മിമിക്രി വലിയ പങ്കാണ് വഹിച്ചത്.

ഇനി ആദ്യം പറഞ്ഞ ഗണേഷ് കുമാറിന്റെ വാക്കുകളിലേക്ക് വരാം, അത് ഒരിക്കലും ശരിയല്ലെന്ന് തന്നെയാണ് മിമിക്രി കലാകാരന്മാരുടെയും അഭിപ്രായം.മിമിക്രിക്കാര്‍ ആവര്‍ത്തിച്ച് അനുകരിച്ചത് കൊണ്ട് വളര്‍ന്നുവന്ന രാഷ്ട്രീയക്കാരനാണ് വിഎസ് എന്ന് ചരിത്രം അറിയുന്നവര്‍ പറയില്ല. എങ്കിലും കേരളത്തിലെ മിമിക്രിയുടെ വളര്‍ച്ചയിലേക്ക് വിഎസും സ്വാധീനം ചെലുത്തിയെന്ന് പറയാം.

Post a Comment

Previous Post Next Post