Top News

അപ്പണ്ടീഷന്‍ സര്‍ജറിക്ക് വേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി യുവാവ് 50 ദിവസത്തിലധികമായി അബോധാവസ്ഥയില്‍, ചെര്‍ക്കളയിലെ ആശുപത്രിക്കെതിരെ കുടുംബം നിയമനടപടിക്ക്‌

കാസറകോട്: അപ്പണ്ടീഷന്‍ സര്‍ജറിക്ക് വേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി  യുവാവ് 51 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെ അബോധാവസ്ഥയില്‍ കഴിയുന്നു.  ഉദുമ കുണ്ടടുക്കത്തെ പരേതനായ മാഹിനിന്റെ മകന്‍ അല്‍ത്താഫ് (31) ആണ് മംഗ്‌ളൂരുവിലെ ഏനപ്പോയ മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.[www.malabarflash.com]


ഗള്‍ഫിലായിരുന്ന അല്‍ത്താഫ് അപ്പണ്ടീഷന്‍ സര്‍ജറിക്കായി നാട്ടിലെത്തിയത്. കഴിഞ്ഞ ഏപ്രില്‍ 25 ന് ചെര്‍ക്കളയില്‍ പുതുതായി തുടങ്ങിയ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. മികച്ച സൗകര്യത്തോടെ പുതുതായി ആരംഭിച്ച ഹോസ്പിറ്റല്‍ എന്ന് മനസ്സിലാക്കിയാണ് ചികിത്സക്ക് വേണ്ടി കുടുംബം ഈ ആശുപത്രി തിരഞ്ഞെടുത്തത്.

പൂര്‍ണ്ണ ആരോഗ്യാവാനായിരുന്ന അല്‍ത്താഫ്. ഓപ്പറേഷന്‍ തീയേറററില്‍ വെച്ച് അനസ്‌തേഷ്യന്‍ നല്‍കിയതോടെയാണ് ഗുരുതരാവസ്ഥയില്‍ ആയത്. അലര്‍ജിക് റിയാക്ഷന്‍ സംഭവിച്ചത് കാരണം  ബ്രയിനിലേക്കുള്ള ഓക്‌സിജന്‍ കിട്ടാത്ത ഹൈപോക്‌സിക്   എന്‍സിലഫോപാതി സംഭവിച്ചിരിക്കാമെന്നും ഇവിടെ കൂടുതല്‍ സംവിധാനങ്ങള്‍ ഇല്ലെന്നും മംഗ്‌ളൂരുവിലെ ഏതെങ്കിലും ആശുപത്രിയിലേക്ക് മാററാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു ഡോക്ടര്‍മാര്‍.

മംഗ്‌ളൂരുവിലെ ഫസ്റ്റ് ന്യൂറോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അല്‍ത്താഫിന്റെ ബ്രയിനിലേക്കുള്ള ഓക്‌സിജന്‍ തടസ്സപ്പെട്ടതിനാല്‍ ബ്രെയിന്‍ 90% ഡാമേജ് ആയെന്നും ഇനി പ്രതീക്ഷക്ക് വകയില്ലെന്നും ഡോക്ടര്‍ അറിയിക്കുകയായിരുന്നു. കുറച്ചു ദിവസം ഫസ്റ്റ് ന്യൂറോയില്‍ ചികിത്സയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ കൈവിട്ടതോടെ ഏനപ്പോയ മെഡിക്കല്‍ കോളേജിലേക്ക് മാററുകയായിരുന്നു.

കഴിഞ്ഞ മാംഗ്‌ളൂരു വിമാന അപകടത്തിലാണ് അല്‍ത്താഫിന്റെ പിതാവ് മാഹിന്‍ മരണപ്പെട്ടത്. ഈ ദുരന്തത്തില്‍ നിന്നും കുടുംബം കരകയറുന്നതിനിടയിലാണ് കുടുംബത്തിന്റെയും കൂട്ടുകാരുടെയും പ്രിയപ്പെ അല്‍ത്താഫ് ഈ അവസ്ഥയില്‍ ആകുന്നത്.

രണ്ട് മാസവും 5 വയസ്സും പ്രായമുള്ളതുമായ ചെറിയ രണ്ട് മക്കളാണ് അല്‍ത്താഫിനുളളത്. ഈ കുഞ്ഞുമക്കളുടെ മുന്നിലേക്ക് പ്രിയപ്പെട്ട അല്‍ത്താഫിനെ തിരികെ ലഭിക്കണമെന്ന പ്രാര്‍ത്തനയിലാണ് ഒരു നാട് മുഴുവന്‍.

അതിനിടെ കുടുംബം ചെര്‍ക്കളയിലെ ആശുപത്രിക്കെതിരെ നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്.

ഈ വിഷയത്തില്‍ അല്‍ത്താഫിന്റെ സഹോദരന്‍ മുഹമ്മദ് ഇര്‍ശാദ് അല്‍ത്താഫിന് സംഭവിച്ച ദുരന്തത്തെ കുറിച്ചും ചെര്‍ക്കളയിലെ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ അനുഭവത്തെ കുറിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാവുകയാണ്.

അല്‍ത്താഫിന്റെ സഹോദരന്‍ മുഹമ്മദ് ഇര്‍ശാദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ആരോഗ്യരംഗത്തെ ദൈവദൂതന്മാരേ.... പറയൂ... ചികിത്സയോ ... കൊലയോ.....?
ഈ അനുഭവം ആർക്കും ഉണ്ടാകരുതേ എന്ന പ്രാർത്ഥനയോടെയാണ് ഈ കുറിപ്പ്...
ജീവിത്തിൽ വേദനയേറിയ ഒരു പരീക്ഷണഘട്ടത്തിലൂടെയാണ് ഞാൻ കടന്നു പോകുന്നത്. കുറേ നാളുകളായി ആരുടേയും ഫോൺ കോളുകൾ എടുക്കുവാനോ സംസാരിക്കുവാനോ സാധിക്കുന്നില്ല.

അപ്പണ്ടീഷൻ സർജറിക്കായി സി.എം ഹോസ്പിറ്റലിലേക്ക്
എന്റെ അനുജൻ അൽത്താഫിനെ അപ്പണ്ടീഷൻ സർജറിക്ക് വേണ്ടി ഏപ്രിൽ 25 ന് സി എം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. മികച്ച സൗകര്യത്തോടെ പുതുതായി ആരംഭിച്ച ഹോസ്പിറ്റൽ എന്ന് മനസ്സിലാക്കിയാണ് ചികിത്സക്ക് വേണ്ടി സി എം ഹോസ്പിറ്റൽ തിരഞ്ഞെടുത്തത്.

താരതമ്യേന ചെറിയ ശസ്ത്രക്രിയയായതുകൊണ്ടാണ് കാസർകോട് വെച്ച് തന്നെ ചികിത്സ നടത്താമെന്ന് തീരുമാനിച്ചത്. നമ്മുടെ നാട്ടിലെ ചികിത്സാസൗകര്യങ്ങളുടെ പരിമിതികളെ കുറിച്ച് നമുക്കെല്ലാവർക്കും നല്ല ബോധ്യമുണ്ട്. ആരോഗ്യരംഗത്ത് സർക്കാർ മേഖലയിലെ ഇടപെടലുകൾ പരിമിതമാണെങ്കിലും സ്വകാര്യ മേഖലയിലെ പുതിയ സ്ഥാപനങ്ങൾ വരുമ്പോൾ പണം കൊടുത്തിട്ട് ആയാലും മികച്ച ആരോഗ്യ സൗകര്യങ്ങൾ ജില്ലയിൽ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയാണല്ലോ നമുക്ക് എല്ലാവർക്കും.
അങ്ങനെ ഒരു പ്രതീക്ഷ തന്നെയാണ് സി എം ഹോസ്പിറ്റലിൽ എൻറെ അനിയനെ പ്രവേശിപ്പിക്കുന്നത് വരെ എനിക്കുമുണ്ടായിരുന്നത്.

ഗൾഫിലുണ്ടായിരുന്ന അനുജൻ ഒരാഴ്ചയിലധികം ലീവെടുക്കാൻ നിർവ്വാഹമില്ലാത്തതിനാൽ കീഹോൾ സർജ്ജറി ചെയ്യാമെന്നും ഒരാഴ്ചക്കുള്ളിൽ തന്നെ ഗൾഫിലേക് മടങ്ങാമെന്നും ഉറപ്പ് കിട്ടിയത് കൊണ്ടാണ് ചെർക്കള സി എം ഹോസ്പിറ്റൽ ചികിത്സക്കായി തിരഞ്ഞെടുത്തത് . 

ഗൾഫിൽ നിന്ന് വന്നതിന്റെ പിറ്റേ ദിവസം, അതായത് കഴിഞ്ഞ ഏപ്രിൽ 25 നു സർജ്ജറിക്കായി ഹോസ്പ്പിറ്റലിൽ നേരെ പോയി അഡ്മിറ്റ്‌ ആയതായിരുന്നു. ഞാനും ഉമ്മയും ഉമ്മയുടെ സഹോദരൻ ഉൾപ്പെടെയുള്ളവർ ഹോസ്പിറ്റലിൽ അവൻ്റെ കൂടെ പോയിരുന്നു . രണ്ട് മാസം പ്രായമുള്ളതും 5 വയസ്സ് പ്രായമുള്ളതുമായ ചെറിയ രണ്ട് മക്കൾ ഉള്ളതിനാൽ അനുജന്റെ ഭാര്യയെ പിന്നീട് വീട്ടിലേക്ക് തിരിച്ചയച്ചു. ഓപ്പറേഷനു പോകും വരെ വളരെ നോർമ്മൽ ആയി ഞങ്ങൾ സംസാരിച്ചിരുന്നു. 

അവനെ ഓപ്പറേഷൻ തീയേറ്ററിൽ കയറ്റി പുറത്ത് കാത്ത് നിന്നു.എല്ലാ ടെസ്റ്റുകളും നടത്തി പ്രശ്നം ഒന്നും ഇല്ലെന്നും മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും അറിയിച്ചു.

അനസ്തേഷ്യയിൽ പിഴക്കുന്നു....
അൽത്താഫിനെ ഓപ്പറേഷൻ തിയേറ്ററിൽ കയറ്റി പുറത്ത് കാത്തുനിൽക്കുകയായിരുന്ന ഞങ്ങൾ , കുറച്ചു കഴിഞ്ഞപ്പോൾ കാണുന്നത് ഹോസ്പ്പിറ്റലിൽ ഉണ്ടായിരുന്ന എല്ലാ ഡോക്ടർമാരും ഒ പി നിർത്തി വച്ചു പരിഭ്രാന്തരായി ഓപ്പറേഷൻ തീയേറ്ററിലേക്ക് ഓടുന്നതാണ്..!
ഓപ്പറേഷൻ തിയേറ്ററിലുള്ള ആർക്കോ എന്തോ അപകടം സംഭവിച്ചു എന്ന് അതിൽ നിന്ന് തന്നെ മനസ്സിലായി...
പിന്നീട് അന്വേഷിച്ചപ്പോഴാണ് ഡോക്ടർമാർ ഓടിയത് എൻറെ അനിയൻ അൽത്താഫിന്റെ അടുത്തേക്കാണ് എന്ന് മനസ്സിലായത് !
ഓപ്പറേഷന് മുമ്പ് ബോധം കെടുത്താനുള്ള ഇൻജെക്ഷൻ നൽകിയപ്പോൾ അൽത്താഫ് ക്രിട്ടിക്കൽ ആയി എന്ന മറുപടിയാണ് ലഭിച്ചത്. 
കുറേ നേരത്തിന് ശേഷം ഞങ്ങളെ ഓപ്പറേഷൻ തീയേറ്ററിൽ കൊണ്ട് പോയി അൽത്താഫിനെ കാണിച്ചു. ഞങ്ങളോട് ചിരിച്ച് സംസാരിച്ച് ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറിയ എൻ്റെ അനിയൻ അബോധാവസ്ഥയിൽ വെന്റിലേറ്റർ ഘടിപ്പിച്ചു കിടക്കുന്ന അതി ദാരുണമായ കാഴ്ചയാണ് ഞങ്ങൾ കാണുന്നത്...

ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ സ്തബ്ധനായി..
എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ അവിടത്തെ പ്രധാന ഡോക്ടറായ ഡോ. ജാസിർ അലി ഞങ്ങളോട് അദ്ദേഹത്തിൻറെ കേബിനിലേക്ക് വരാൻ ആവശ്യപ്പെട്ടു. അൽത്താഫിന് അലർജിക് റിയാക്ഷൻ സംഭവിച്ചു രോഗി ക്രിട്ടിക്കൽ ആയി എന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ഇത് ലക്ഷത്തിൽ ഒരാൾക്ക് സംഭവിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

എന്ത് ഇൻജെക്ഷൻ ആണ് ഇവർ നൽകിയത് എന്ന് അറിയില്ല.ഇഞ്ചക്ഷൻ മാറിയതാണോ എന്ന് അൽത്താഫിന്റെ കൂട്ടുകാർ ചോദിച്ചപ്പോൾ സാധാരണ അനസ്തേഷ്യയുടെ ഭാഗമായി നൽകുന്ന ഫെന്റനിൽ, midaz ഇൻജെക്ഷനുകളാണ് നൽകിയതെന്നും രോഗിക്ക്‌ അലർജിക്കലായി അബോധാവസ്ഥയിലായെന്നും പറഞ്ഞു. എല്ലാ ഡോക്ടർമാരും നിന്ന് വിയർക്കുന്ന കാഴ്ചയാണ് ഞങ്ങൾ കണ്ടത്..!

കുറച്ചു കഴിഞ്ഞ് വീണ്ടും ഹോസ്പിറ്റലിന്റെ എം ഡി യും പ്രധാന ഡോക്ടറുമായ ജാസിറലി ഡോക്ടർ ഞങ്ങളെ വിളിച്ചു.അൽത്താഫിനു ബോധം വരുന്നില്ല. ബ്രയിനിലേക്കുള്ള ഓക്സിജൻ കിട്ടാത്ത ഹൈപോക്സിക് എൻസിലഫോപാതി സംഭവിച്ചിരിക്കാമെന്നും ഇവിടെ കൂടുതൽ സംവിധാനങ്ങൾ ഇല്ലെന്നും മംഗലാപുരത്ത് ഏതെങ്കിലും ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകണം എന്നും അറിയിച്ചു.പെട്ടെന്നുള്ള ഷോക്കിൽ എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങൾ പകച്ചു നിന്നു..

ഹോസ്പിറ്റലിന്റെ ബില്ലൊന്നും ഇപ്പൊ വേണ്ടെന്നും പെട്ടെന്ന് മംഗലാപുരത്തേക്ക് പോയിക്കോളൂ എന്നും പറഞ്ഞു. ഹോസ്പിറ്റൽ അധികൃതർ തന്നെ വെന്റിലേറ്റർ സംവിധാനമുള്ള ആംബുലൻസ് വിളിച്ചു വരുത്തി ഡിസ്ചാർജ് ഒന്നും ചെയ്യാതെ തന്നെ ഹോസ്പിറ്റലിൽ നിന്നുള്ള ഒരു ഡോക്ടറിനും നഴ്സിനുമൊപ്പം രോഗിയെ ഷിഫ്റ്റ്‌ ചെയ്തു മംഗലാപുരത്തേക്ക് കൊണ്ട്പോയി.

ഫസ്റ്റ് ന്യൂറോയിലേക്ക്
മംഗലാപുരത്ത് ഫസ്റ്റ് ന്യൂറോ ഹോസ്പിറ്റലിലേക്ക് ആയിരുന്നു അൽത്താഫിനെ കൊണ്ടുപോയത്. ഹോസ്പിറ്റലിലെ പ്രധാന ഡോക്ടർ രാജേഷ് ഷെട്ടി പരിശോധിച്ച് അൽത്താഫിന്റെ ബ്രയിനിലേക്കുള്ള ഓക്സിജൻ തടസ്സപ്പെട്ടതിനാൽ ബ്രെയിൻ 90% ഡാമേജ് ആയെന്നും ഇനി പ്രതീക്ഷക്ക് വകയില്ലെന്നും അറിയിച്ചു.എന്താണ് കാരണം എന്ന് ഞങ്ങൾ അദ്ദേഹത്തോട് ചോദിച്ചപ്പോൾ അവിടെ എത്തിയതിനു ശേഷമുള്ള കാര്യം മാത്രമേ അദ്ദേഹം പറയുകയുള്ളു അതിന് മുമ്പുള്ളത് നിങ്ങൾക്ക് തന്നെ അറിയാമല്ലോ ,എന്നും പറഞ്ഞു ഒഴിഞ്ഞു മാറി. 

കുറച്ചു ദിവസത്തെ അവിടുത്തെ ചികിത്സയ്ക്കുശേഷം ഇനി തങ്ങൾക്ക് കൂടുതലായി ഒന്നും ചെയ്യാനില്ല എന്നും നിങ്ങൾക്ക് ഇഷ്ടമുള്ള ഹോസ്പിറ്റലിലേക്ക് മാറ്റാം എന്നും ഫസ്റ്റ് ന്യൂറോയിൽ നിന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ഡോക്ടർമാർ കൈവിട്ടെങ്കിലും യത്തീമായ
ഭാര്യയും പറക്കമുറ്റാത്ത രണ്ട് പിഞ്ചു കുഞ്ഞുങ്ങളുമുള്ള എൻറെ കൂടെപ്പിറപ്പിനെ മരണത്തിനു വിട്ട് കൊടുക്കാൻ ഞങ്ങൾക്ക് പറ്റാത്തതിനാൽ ഞങ്ങൾ അവിടുന്ന് യേനെപ്പോയ മെഡിക്കൽ കോളേജിലേക്ക് അവനെ മാറ്റി. വെന്റിലേറ്റർ സഹായത്തോടെ ഇപ്പോൾ 51 ദിവസമായി യേനെപ്പോയ ഹോസ്പിറ്റലിലെ ഐസിയുവിൽ അവൻ കിടക്കുകയാണ്......

പ്രാർത്ഥന മാത്രം
ഡോക്ടർമാർ ഏതാണ്ട് പൂർണമായി പ്രതീക്ഷ കൈവിട്ടിരിക്കുകയാണ്.
അവന്റെ ജീവന്റെ കാര്യത്തിൽ എന്തെങ്കിലും അത്ഭുതം സംഭവിക്കട്ടെ എന്ന പ്രാർത്ഥനയിൽ കഴിഞ്ഞ 51 ദിവസമായി ഞങ്ങൾ കാത്തിരിക്കുകയാണ്.

തിരിഞ്ഞു നോക്കാതെ സി എം ഹോസ്പിറ്റൽ
തങ്ങളുടെ ഹോസ്പിറ്റലിൽ ഓപ്പറേഷനു വേണ്ടി അഡ്മിറ്റ് ചെയ്ത ഒരു രോഗി 51 ദിവസമായി മരണക്കിടക്കയിലാണ് എന്നറിഞ്ഞിട്ടും കുടുംബത്തെ ബന്ധപ്പെടാനോ ഞങ്ങളോട് സംസാരിക്കാനോ ഹോസ്പിറ്റൽ അധികൃതർ തയ്യാറായിട്ടില്ല. 

ചികിത്സാപ്പിഴവ് ചൂണ്ടിക്കാണിച്ചുകൊണ്ട് അൽത്താഫിന്റെ കൂട്ടുകാരനായ ഒരാൾ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച ഒരു കുറിപ്പിന് ,അതെഴുതിയ ആളെ ഹോസ്പിറ്റലിൻ്റെ ഭാഗത്തുനിന്നും വിളിച്ച് ഭീഷണിപ്പെടുത്തുകയും ഈ വിഷയത്തിൽ ഹോസ്പിറ്റലിന്റെ ഭാഗത്ത് തെറ്റൊന്നുമില്ല എന്ന് ന്യായീകരിക്കുന്ന ഒരു കുറിപ്പും ഹോസ്പിറ്റൽ അധികൃതർ പുറത്തുവിടുകയുണ്ടായി.

രോഗിയുടെ അവസ്ഥ ,രഹസ്യമാക്കി ആരോഗ്യ വിവരങ്ങൾ ഉൾപ്പെടെ പരസ്യപ്പെടുത്തിക്കൊണ്ടാണ് അങ്ങനെ ഒരു കുറിപ്പ് ഹോസ്പിറ്റൽ അധികൃതർ പുറത്തുവിട്ടത്.

ഒരു ലക്ഷത്തിൽ ഒരാൾ
തങ്ങളുടെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ല എന്നും ഒരു ലക്ഷത്തിൽ ഒരാൾക്ക് ഇങ്ങനെ അപായം സംഭവിക്കാം എന്നും വളരെ ലാഘവത്തോടെയുള്ള വിശദീകരണമാണ് ഹോസ്പിറ്റൽ അധികൃതർ നൽകിയിട്ടുള്ളത്. മരണത്തിലേക്ക് നയിക്കുന്ന ഒരു ലക്ഷത്തിലെ ഒരാളായി മാറാനുള്ള ദൗർഭാഗ്യകരമായ സാഹചര്യം ഹോസ്പിറ്റലിന്റെ പിഴവാണോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണമാണോ എന്ന് ഹോസ്പിറ്റൽ അധികൃതർ പറയുന്നില്ല. 

സാധാരണയായി ഉപയോഗിക്കുന്ന പാരസെറ്റമോൾ ഗുളികകൾ കടക്കം അലർജിക് റിയാക്ഷൻ ഉണ്ടാകും എന്നും ഇത് അത്തരത്തിൽ ഒന്ന് മാത്രമായി കാണണമെന്നുമാണ് ആശുപത്രി അധികൃതർ ഉപദേശിക്കുന്നത്.

പൂർണ്ണ ആരോഗ്യവാനായിരുന്ന 31 വയസ്സ് മാത്രം പ്രായമായ ഒരു ചെറുപ്പക്കാരൻ ഈ അവസ്ഥയിൽ ആയത് എങ്ങനെ എന്ന് വിശദീകരിക്കേണ്ട ബാധ്യത സി എം ഹോസ്പിറ്റൽ അധികൃതർക്കുണ്ട്.

അതിസമ്പന്നരായ ആളുകൾക്ക് മക്കളെ ഡോക്ടർ ആക്കാൻ എളുപ്പമാണ് കോടികൾ ചെലവഴിച്ചാൽ വലിയ സൗകര്യങ്ങളുള്ള ഹോസ്പിറ്റലും സ്ഥാപിക്കാൻ കഴിയും. ദൈവത്തോടുള്ള പ്രാർത്ഥനയോടൊപ്പം ഡോക്ടർമാരോടുള്ള വിശ്വാസത്തിലുമാണ് ഓരോ രോഗിയും ചികിത്സക്കായി ആശുപത്രിയിലേക്ക് വരുന്നത്. ഇത്രയും ദിവസം മംഗലാപുരം ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ കിടന്നിട്ടും അൽത്താഫിനെ ഒന്ന് തിരിഞ്ഞു നോക്കാൻ സി എം ഹോസ്പിറ്റൽ അധികൃതർ തയ്യാറായിട്ടില്ല. 

ചികിത്സക്ക് വേണ്ടി താങ്ങാൻ പറ്റാത്ത സാമ്പത്തിക ബാധ്യത ഞങ്ങൾക്കുണ്ടായി. ഓരോ ദിവസവും കഴിഞ്ഞു പോകുന്നതിന് പതിനായിരങ്ങൾ കണ്ടെത്തേണ്ട അവസ്ഥയാണ്. എങ്കിലും അവൻ കണ്ണ് തുറക്കുമെന്ന പ്രതീക്ഷ മാത്രമാണ് മുന്നോട്ട് നയിക്കുന്നത്..
മനുഷ്യത്വപരമായ ഒരു സമീപനവും ചെർക്കളയിലെ സിഎം ഹോസ്പിറ്റൽ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല എന്നത് ഞങ്ങളുടെ വേദന ഇരട്ടിപ്പിക്കുന്നു.കുറേ സമയം അൽത്താഫിന്റെ ബ്രയിനിലേക്ക് ഓക്സിജൻ കിട്ടാത്തതാണ് ഈ അവസ്ഥക്ക് കാരണമെന്നാണ് മംഗലാപുരത്തെ ന്യൂറോ ഡോക്ടർമാർ അറിയിച്ചത്.
ഇത് എങ്ങനെ സംഭവിച്ചു ??
സി എം ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ പരിചയക്കുറവോ അനാസ്ഥയോ ആണെന്ന് വിശ്വസിക്കാതിരിക്കാൻ ഞങ്ങൾക്ക് പറ്റുന്നില്ല.

ഓപ്പറേഷനു കൊണ്ട് പോയി ഇത് പോലൊരു അവസ്ഥ കാസറഗോഡ് ഏതെങ്കിലും ഹോസ്പിറ്റലിൽ ഉണ്ടായതായി നമ്മുടെ അനുഭവത്തിൽ ഇല്ല. ഓരോ ജീവനും എത്ര മാത്രം വിലപ്പെട്ടതാണെന്ന് ഡോക്ടർമാരും ഹോസ്പിറ്റലുകളും തിരിച്ചറിയേണ്ടിയിരിക്കുന്നു!

സാമ്പത്തിക ലാഭത്തിനു മാത്രം പ്രഥമസ്ഥാനം നൽകി പ്രവർത്തിക്കുന്ന ഹോസ്പിറ്റലുകൾ അത് മനസ്സിലാക്കുന്നുണ്ടോ...?
ഞങ്ങൾക്ക് സംഭവിച്ചത് മറ്റൊരു കുടുംബത്തിലും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 
എല്ലാവരും എന്റെ അനുജന് ഒരു അത്ഭുതം സംഭവിച്ചു എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങി
വരാൻ വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു.

നിയമ നടപടികളിലേക്ക്
വൈദ്യശാസ്ത്രത്തിന്റെ സാങ്കേതിക പദങ്ങളും നടപടിക്രമങ്ങളിലെ സങ്കീർണതകളും പറഞ്ഞുകൊണ്ട് മനുഷ്യജീവനെ നിസ്സാരവൽക്കരിക്കുന്ന ആശുപത്രി കച്ചവടക്കാർക്കെതിരെ പൊതു മനസ്സാക്ഷി ഉണരേണ്ടതുണ്ട്. ആശുപത്രികൾക്ക് കിട്ടുന്ന നിയമപരമായ പരിരക്ഷകൾ തെറ്റുകളെ പിന്തുണക്കാനുള്ളതല്ല എന്ന ബോധ്യവും ആശുപത്രി കച്ചവടക്കാർക്കുണ്ടാവണം. ഈ വിഷയത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച പൊതുജന മധ്യത്തിൽ തുറന്ന് കാട്ടാനുള്ള നിയമ പോരാട്ടങ്ങളിലേക്ക് ഇറങ്ങുകയാണ്. നിങ്ങളുടെ ഏവരുടേയും പിന്തുണ പ്രതീക്ഷിക്കുന്നു.
എന്ന്
മുഹമ്മദ് ഇർഷാദ് കെ
ഉദുമ

1 Comments

Post a Comment

Previous Post Next Post