Top News

കോഴിക്കോട് മെഡിക്കൽ കോളേജിൽ പുകപടർന്ന സംഭവം; 3പേർ മരിച്ചെന്ന് എംഎൽഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പുകപടർന്നതിനെ തുടർന്ന് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചതായി ആരോപണം. സംഭവ ശേഷം നാല് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയെന്നാണ് പുറത്തുവരുന്നത്.[www.malabarflash.com]

എന്നാൽ മൂന്നു പേർ മെഡിക്കൽ കോളേജിൽ മരിച്ചതായി സ്ഥിരീകരണമുണ്ട്. വെസ്റ്റ് ഹിൽ സ്വദേശിയായ ഗോപാലൻ, വടകര സ്വദേശിയായ സുരേന്ദ്രൻ, മേപ്പയൂർ സ്വദേശിയായ ഗംഗാധരൻ എന്നിവരാണ് മരിച്ചത്. ഇവർ സംഭവത്തിന് മുമ്പ് തന്നെ മരിച്ചവരാണെന്നു മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ പറയുന്നു. 

മരിച്ച മൂന്നുപേരിൽ ഒരാൾ വിഷം അകത്തു ചെന്ന് ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൽ പറഞ്ഞു. മറ്റു രണ്ടുപേരിൽ ഒരാൾ കാൻസർ രോഗിയും ഒരാൾ കരൾ രോഗത്തിന് ഒപ്പം മറ്റു പ്രശ്നങ്ങളും ഉള്ളയാളാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

മരിച്ച ഗോപാലൻ്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു. ഗോപാലൻ്റെ കാര്യത്തിൽ ബന്ധുക്കൾ ആരോപണങ്ങൾ ഉയർത്തുന്നില്ല. നേരത്തെ, അത്യാഹിത വിഭാഗത്തിൽ നിന്നും മാറ്റുന്നതിനിടെ രോഗി മരിച്ചതായി ടി സിദ്ദിഖ് എംഎൽഎ ആരോപിച്ചിരുന്നു. വെന്റിലേറ്ററിൽ ആയിരുന്ന വയനാട് കോട്ടപ്പടി സ്വദേശി നസീറയുൾപ്പെടെ മൂന്നുപേർ മരിച്ചെന്ന് എംഎൽഎ പറഞ്ഞു. കാഷ്വാലിറ്റിക്ക് പുറത്തേക്ക് കൊണ്ടുപോകുമ്പോഴാണ് ഇവർ മരിച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു. 

കൂടുതൽ കാര്യങ്ങൾ അധികൃതർ വ്യക്തമാക്കണം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തരമായി കാഷ്വാലിറ്റി ഒരുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടിരുന്നു. അതിനിടെ, അത്യാഹിത വിഭാഗം മുഴുവനും പൊലീസ് സീൽ ചെയ്തു. അപകടം ഉണ്ടായ ബ്ലോക്ക്‌ ആണ് അടച്ചത്. എന്താണ് സംഭവിച്ചത് എന്നു അന്വേഷിച്ചു കണ്ടെത്തിയ ശേഷം മാത്രമേ തുറക്കൂ. 

അതേസമയം, കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി ഇവിടെ ലഭ്യമാക്കും.

Post a Comment

Previous Post Next Post