Top News

സിബിഐ കോടതി വിധി അന്തിമവിധിയല്ല, മേൽക്കോടതികളുണ്ട്, കുഞ്ഞിരാമൻ നിരപരാധിയെന്ന് എല്ലാവർക്കും അറിയാം: ഇപി ജയരാജൻ

കണ്ണൂർ: പെരിയ ഇരട്ടക്കൊല കേസിലെ കോടതി വിധിയോട് പ്രതികരിച്ച് സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ രംഗത്ത്. സി ബി ഐ കോടതിയുടെ വിധി അന്തിമമാണെന്ന് പറയാൻ കഴിയില്ലെന്നുമാണ് ഇപി ജയരാജൻ പറഞ്ഞത്. സി പി എമ്മിന് നേരെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് നടത്തുന്ന അക്രമ പ്രവർത്തനങ്ങളെ മറച്ചുവെക്കലാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും ഇ പി അഭിപ്രായപ്പെട്ടു.[www.malabarflash.com]


കൊലപാതകവും കൂത്തുപറമ്പ് വെടിവെപ്പും എല്ലാം നടത്തിയ കോൺഗ്രസിന് എന്ത് ധാർമികതയാണ് സി പി എമ്മിനെ വിമർശിക്കാനുള്ളതെന്നും ഇ പി ജയരാജൻ ചോദിച്ചു. സി പി എം ഒരിക്കലും ഒരു അക്രമത്തെയും പ്രോത്സാഹിപ്പിച്ചിട്ടില്ല. സി പി എമ്മിന്റെ നേതാക്കളെ കൊന്ന പാരമ്പര്യം കോൺഗ്രസിനാണ്. 

പെരിയ കേസിനെ സി പി എമ്മിനെതിരെ തിരിച്ചുവിടാൻ യു ഡി എഫും ബിജെപിയും പരമാവധി ശ്രമിച്ചു. അതിന്‍റെ തുടർച്ചയായാണ് സി പി എമ്മിന്റെ പ്രധാന നേതാക്കളെ കുറ്റക്കാർ ആക്കിയതെന്നും ഇ പി കൂട്ടിച്ചേർത്തു. 

കെ വി കുഞ്ഞിരാമൻ നിരപരാധിയാണെന്ന് ആരോപണമുന്നയിച്ചവർക്ക് വരെ അറിയാം. പാർട്ടിയുടെ നിരപരാധികളായ സഖാക്കളെ സംരക്ഷിക്കുമെന്നും ഇ പി വ്യക്തമാക്കി. സി ബി ഐ കോടതിയുടെ ഇന്നത്തെ വിധി അന്തിമവിധിയല്ല. ഇതിനുമേലെയും കോടതികൾ ഉണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.

Post a Comment

Previous Post Next Post