Top News

മകളെ സെക്സ് റാക്കറ്റ് സംഘത്തോടൊപ്പം പിടിച്ചെന്ന് വ്യാജ ഫോൺകോൾ; മനംനൊന്ത് അധ്യാപികയായ അമ്മ മരിച്ചു

ആഗ്ര: മകൾ സെക്സ് റാക്കറ്റിൽ അകപ്പെട്ടെന്ന് വ്യാജ ഫോൺകോളിൽ മനംനൊന്ത അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു. തിങ്കളാഴ്ചയാണ് സംഭവം. ആഗ്രയിലെ സർക്കാർ സ്കൂൾ അധ്യാപികയായിരുന്ന മാൽതി വർമ(58) ആണ് ഹൃദയം തകർന്ന് മരിച്ചത്.[www.malabarflash.com]


തിങ്കളാഴ്ച മാൽതിക്കെത്തിയ വാട്സാപ് കോളിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രമാണ്(ഡിപി) ഉണ്ടായിരുന്നത്. കോളജ് വിദ്യാർഥിനിയായ മകളെ സെക്സ് റാക്കറ്റ് സംഘത്തോടൊപ്പം പിടിച്ചെന്നാണ് അയാൾ പറഞ്ഞത്. മകൾ സുരക്ഷിതയായി വീട്ടിൽ എത്തണമെങ്കിൽ ഒരു ലക്ഷം രൂപ അയാൾ പറയുന്ന അക്കൗണ്ടിലേക്ക് ഇടണമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും മാൽതിയുടെ മകൻ ദിപാൻഷു പോലീസിനോടു പറഞ്ഞു. പണം നൽകിയാൽ മകൾക്കെതിരെയുള്ള കേസ് ഒഴിവാക്കാമെന്നും വിളിച്ചയാൾ പറഞ്ഞെന്ന് ദിപാൻഷു അറിയിച്ചു.

‘‘ആഗ്രയിലെ അച്നേരയിൽ സർക്കാർ സ്കൂൾ അധ്യാപികയാണ് എന്റെ അമ്മ. ഈ കോൾ വന്നതിനു പിന്നാലെ ഭയന്നുവിറച്ച് അമ്മ എന്നെ വിളിച്ചിരുന്നു. കോൾ വന്ന നമ്പർ ഞാൻ പരിശോധിച്ചപ്പോൾ +92 എന്നാണ് തുടങ്ങുന്നത്. അതു കണ്ടപ്പോഴേ തട്ടിപ്പാണെന്ന് മനസ്സിലായി. അമ്മ അപ്പോഴും പരിഭ്രാന്തിയിലായിരുന്നു. എന്തോ തളർച്ച പോലെ തോന്നുന്നതായും പറ‍ഞ്ഞു. ഞാൻ വീണ്ടും വീണ്ടും പ്രശ്നമൊന്നുമില്ലെന്നും കോളജിലുള്ള സഹോദരിയെ വിളിച്ചിരുന്നുവെന്നും പറഞ്ഞെങ്കിലും അമ്മയ്ക്ക് ആശ്വാസമായില്ല. 

അമ്മയുടെ ആരോഗ്യനില മോശമാവുകയും സ്കൂളിൽനിന്ന് തിരികെ വന്നപ്പോൾ വേദന അനുഭവപ്പെടുന്നതായി പറയുകയും ചെയ്തു. ഞങ്ങൾ വെള്ളം നൽകി, അത് കുടിച്ചതിനു ശേഷം വേദന കൂടുകയും മരിക്കുകയുമായിരുന്നു’’– ദിപാൻഷു പറഞ്ഞു. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post