Top News

72 ലക്ഷം മോഷ്ടിച്ചതിൽ ട്വിസ്റ്റ്, മുളകുപൊടി വിതറി കവർച്ചനാടകം; പരാതിക്കാരനടക്കം 3 പേർ അറസ്റ്റിൽ

കോഴിക്കോട്: അരിക്കുളം കുരുടിമുക്കിൽ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ പണം കവർന്ന സംഭവത്തിൽ വൻ വഴിത്തിരിവ്. ബന്ദിയാക്കി പണം തട്ടിയെന്ന കേസിൽ പരാതിക്കാരനായ യുവാവും സുഹൃത്തുക്കളും ചേർന്ന് നടത്തിയത് കവർച്ചാ നാടകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കുരുടിമുക്കിൽ വച്ച് കണ്ണിൽ മുളകു പൊടി വിതറിയ ശേഷം ബന്ദിയാക്കി പണം കവർന്ന സംഭവത്തിലാണ് നിർണായകമായ വഴിത്തിരിവിലേക്ക് കേസ് അന്വേഷണം എത്തിയിരിക്കുന്നത്.[www.malabarflash.com]


ഇന്ത്യ വൺ എടിഎം കൗണ്ടറുകളിൽ പണം നിറയ്ക്കാൻ പോകുന്നതിനിടെ കുരുടിമുക്കിൽ വച്ച് കവർച്ച നടന്നുവെന്നായിരുന്നു പരാതിക്കാരനായ സുഹൈല്‍ പോലീസിനു മൊഴി നൽകിയത്. കണ്ണിൽ മുളകുപൊടി വിതറി ബന്ദിയാക്കിയ ശേഷം പണം കവരുകയായിരുന്നുവെന്നും സുഹൈൽ പറഞ്ഞിരുന്നു. സുഹൈലിനെ കാറിൽ ബന്ദിയാക്കിയ നിലയിലും ശരീരമാകെ മുളകുപൊടി വിതറിയ നിലയിലുമാണ് കണ്ടെത്തിയത്.

ഈ കേസിലാണ് സുഹൈലും സുഹൃത്തുക്കളും ചേർന്ന് നടത്തിയത് കവർച്ചാ നാടകമാണെന്ന് പോലീസ് കണ്ടെത്തിയത്. പയ്യോളി സ്വദേശി സുഹൈൽ, സുഹൃത്ത് താഹ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ സുഹൃത്തായ മറ്റൊരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. താഹയിൽ നിന്നും 37 ലക്ഷം രൂപയും കണ്ടെത്തി. ‌

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. എടിഎമ്മിൽ നിറയ്ക്കാനായി 72,40,000 രൂപയുമായാണ് സുഹൈൽ കൊയിലാണ്ടിയിലെ ഫെഡറൽ ബാങ്കിൽ നിന്ന് യാത്ര പുറപ്പെട്ടത്. എന്നാൽ പയ്യോളിയിലേക്കുള്ള യാത്രയ്ക്കിടെ പർദ്ദ ധരിച്ച ഒരാൾ വണ്ടിയുടെ മുന്നിലേക്ക് വീണുവെന്നും വാഹനം നിർത്തിയപ്പോൾ മറ്റൊരാൾ ആക്രമിച്ചുവെന്നും ആയിരുന്നു സുഹൈൽ പോലീസിനു നൽകിയ മൊഴി. യുവാവിന്റെ മൊഴിയില്‍ തുടക്കം മുതൽ തന്നെ പോലീസിന് സംശയം ഉണ്ടായിരുന്നു. ഈ വൈരുധ്യത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരന്‍ തന്നെയാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് വ്യക്തമായത്.

Post a Comment

Previous Post Next Post