Top News

ഇരട്ട ഗര്‍ഭപാത്രങ്ങളുള്ള യുവതിയ്ക്ക് വ്യത്യസ്തഗര്‍ഭാശയങ്ങളിലായി ഇരട്ടക്കുട്ടികള്‍ പിറന്നു

ജന്മനാ ഇരട്ട ഗര്‍ഭപാത്രങ്ങളുള്ള യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. വ്യത്യസ്ത ഗര്‍ഭപാത്രങ്ങളിലായാണ് കുഞ്ഞുങ്ങള്‍ ഉണ്ടായത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായാണ് ഒരു സ്ത്രീയില്‍ ഇരട്ട ഗര്‍ഭപാത്രം കണ്ടുവരുന്നത്. രണ്ട് ഗര്‍ഭപാത്രങ്ങളിലായി ഒരേ സമയം ആരോഗ്യമുള്ള രണ്ട് കുഞ്ഞുങ്ങള്‍ പിറന്നതും ആരോഗ്യലോകത്തിന് അത്ഭുതം പകര്‍ന്നിരിക്കുകയാണ്.[www.malabarflash.com]

ചൈനയിലെ ഷാന്‍സി പ്രവിശ്യയിലെ ആശുപത്രിയില്‍ സെപ്റ്റംബറിലാണ് പ്രസവം നടന്നതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലീ എന്ന കുടുംബപേര് മാത്രമാണ് ഇരട്ടക്കുട്ടികളുടെ അമ്മയെ കുറിച്ച് നിലവില്‍ ലഭ്യമായ വിവരം. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ലീയ്ക്ക് ജനിച്ചത്. ലീയുടെ ഗര്‍ഭകാലം എട്ടരമാസം തികഞ്ഞപ്പോഴായിരുന്നു പ്രസവം.

ശസ്ത്രക്രിയയിലൂടെയാണ് ലീയുടെ പ്രസവം. ആണ്‍കുഞ്ഞിന് 3.3 കിലോഗ്രാമും പെണ്‍കുഞ്ഞിന് 2.4 കിലോഗ്രാമും തൂക്കമാണ് ജനനസമയത്തുണ്ടായിരുന്നത്.

പത്ത് ലക്ഷത്തിലൊന്ന് എന്നാണ് ലീയുടെ പ്രസവത്തെ ആശുപത്രിയിലെ മുതിര്‍ന്ന ഒബ്‌സ്റ്റെട്രീഷ്യനായ കായ് യിങ് വിശേഷിപ്പിച്ചത്. ഇരട്ട ഗര്‍ഭാശയങ്ങളുള്ള കേസുകളില്‍ സ്വാഭാവിക ഗര്‍ഭധാരണം നടക്കുന്നത് അപൂര്‍വ്വമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇത്തരത്തിലുള്ള രണ്ടോ മൂന്നോ സംഭവം മാത്രമാണ് ഇതുവരെ കേട്ടിട്ടുള്ളതെന്നും ഡോക്ടര്‍ കായ് യിങ് പറഞ്ഞു.

ലോകത്തില്‍ 0.3 ശതമാനം സ്ത്രീകളില്‍ മാത്രം കണ്ടുവരുന്ന അവസ്ഥയാണ് ഇരട്ട ഗര്‍ഭപാത്രം. ഇത്തരക്കാരില്‍ പൂര്‍ണവളര്‍ച്ച പ്രാപിച്ച രണ്ട് ഗര്‍ഭാശയങ്ങളും അവയോടനുബന്ധിച്ച് പ്രത്യേക ജോടി അണ്ഡാശയങ്ങളും അണ്ഡവാഹിനികളും ഉണ്ടാകും. ഗര്‍ഭകാലത്ത് ഗര്‍ഭമലസല്‍, മാസം തികയാതെയുള്ള പ്രസവം തുടങ്ങി പല ഗുരുതരപ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

Post a Comment

Previous Post Next Post