Top News

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ കോട്ടയം സ്വദേശിനികളുടെ മരണം: പ്ലാറ്റ്‍ഫോം മാറി, തിരികെവന്നപ്പോൾ ‘ചൂളം വിളിച്ച്’ മരണമെത്തി; ചില ശരീരഭാഗങ്ങൾ കണ്ടെത്തിയത് അടുത്ത സ്റ്റേഷനിൽനിന്ന്

കാഞ്ഞങ്ങാട്: ഓണത്തിരക്കിൽ അമർന്ന നഗരത്തെ ഞെട്ടിച്ചാണ് രാത്രി ട്രെയിൻ തട്ടി മൂന്നു സ്ത്രീകളുടെ ദാരുണാന്ത്യം. ഉത്രാടദിനത്തിൽ രാത്രി 7.10ന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനു സമീപം മൂന്നു പേരുടെ ജീവനെടുത്ത അപകടം നാടിനെ നടുക്കി.[www.malabarflash.com]

കോട്ടയത്തുനിന്നു കള്ളാറിലേക്ക് വിവാഹ ചടങ്ങുകൾക്ക് എത്തിയ സംഘത്തിലെ മൂന്നു പേരാണു ട്രെയിൻ തട്ടി മരിച്ചത്. ചിങ്ങവനം പാലക്കുടി വീട്ടിൽ ചിന്നമ്മ ഉതുപ്പായ് (73), നീലംപേരൂർ പരപ്പൂത്തറ ആലീസ് തോമസ് (61), എയ്ഞ്ചലീന ഏബ്രഹാം (30) എന്നിവരാണു മരിച്ചത്.

കള്ളാർ അഞ്ചാലയിലെ ജോർജ് തെങ്ങുംപള്ളിയിലിന്റെ മകൻ ജസ്റ്റിൻ ജോർജിന്റെയും ചിങ്ങവനം പരപ്പൂത്തറ ബിജു ജോർജിന്റെയും ലിനുവിന്റെയും മകൾ മാർഷയുടെയും വിവാഹത്തിന് ഇന്നലെ രാവിലെ മലബാർ എക്സ്പ്രസിലാണു ചിങ്ങവനത്തുനിന്നുള്ള ബന്ധുക്കളുടെ സംഘമെത്തിയത്. കള്ളാർ സെന്റ് തോമസ് പള്ളിയിലായിരുന്നു വിവാഹം.  

ശനിയാഴ്ച രാവിലെ മലബാർ എക്സ്പ്രസിലാണ് 52 പേർ അടങ്ങുന്ന സംഘം കാഞ്ഞങ്ങാട് എത്തിയത്. ഇവിടെനിന്നു ബസിൽ കള്ളാറിലേക്ക് പോകുകയായിരുന്നു. കള്ളാർ സെന്റ് തോമസ് പള്ളിയിലായിരുന്നു വിവാഹച്ചടങ്ങുകൾ. ചടങ്ങുകൾ പൂർത്തിയാക്കി വൈകിട്ടോടെ 2 ബസുകളായി സംഘം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തി. ബസിന് സ്റ്റേഷനിൽ തിരിയാനുള്ള ഇടമില്ലാത്തതിനാൽ ട്രോളി പാത്തിന് സമീപത്താണ് ബസ് നിർത്തി ആളുകളെ ഇറക്കിയത്.

ബസ് ഇറങ്ങി ഒരുസംഘം ട്രോളി പാത്ത് വഴി രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് പോയി. പിന്നാലെ എത്തിയവർ ട്രെയിൻ വരുന്നത് ഒന്നാം പ്ലാറ്റ്ഫോമിലാണെന്ന് ഇവരെ അറിയിച്ചു. തുടർന്ന് ഇവർ ഇതേ വഴിയിലൂടെ വീണ്ടും ഒന്നാം പ്ലാറ്റ്ഫോമിലേക്ക് തിരികെ വരാൻ പാളം മറി കടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തു നിന്നെത്തിയ കോയമ്പത്തൂർ–ഹിസാർ എക്സ്പ്രസ് ട്രെയിൻ മൂവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിലവിളിയും ഒച്ചയും കേട്ടു കൂടെയുണ്ടായിരുന്നവർ ഭയന്നു. ആരൊക്കെയാണ് അപകടത്തിൽ പെട്ടതെന്ന് തിരിച്ചറിയാനാകാതെ ബന്ധുക്കൾ പകച്ചുനിന്നു.

പിന്നീടാണ് സംഭവസ്ഥലത്തു നിന്നു 150 മീറ്റർ അപ്പുറത്ത് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മൂന്നു പേരുടെയും ശരീരം തിരിച്ചറിയാൻ പറ്റാത്ത വിധത്തിലായിരുന്നു. ശരീരഭാഗങ്ങൾ ചിലത് മംഗളൂരു ജംക്‌ഷനിൽ നിന്നും കണ്ടെത്തി. ഹിസാർ എക്സ്പ്രസിന് കണ്ണൂർ കഴിഞ്ഞാൽ പിന്നെ സ്റ്റോപ് ഉള്ളത് മംഗളൂരു ജംക്‌ഷനിൽ മാത്രമാണ്. 

കള്ളാർ അഞ്ചാലയിലെ ജോർജ് തെങ്ങുംപള്ളിയുടെ മകൻ ജസ്റ്റിൻ ജോർജിന്റെയും കോട്ടയം ചിങ്ങവനം പേരൂരിലെ‍ മാർഷയുടെയും വിവാഹ ചടങ്ങുകൾക്കാണ് സംഘം എത്തിയത്. വിവാഹ സംഘത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർ മലബാർ എക്സ്പ്രസിൽ തന്നെ കോട്ടയത്തേക്ക് മടങ്ങി.

സംഭവത്തെ തുടർന്നു മലബാർ എക്സ്പ്രസ് കോട്ടക്കുളം സ്റ്റേഷനിൽ പിടിച്ചിട്ടു. പിന്നീട് 8.15ന് ആണ് ട്രെയിൻ കാഞ്ഞങ്ങാട് എത്തിയത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, ഇൻസ്പെക്ടർ പി.അജിത്ത് കുമാർ എന്നിവർ സ്ഥലത്തെത്തി. 3 ആംബുലൻസുകളിലായാണു ശരീരഭാഗങ്ങൾ കാസർകോട് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. കലക്ടർ ഇടപെട്ട് രാത്രി തന്നെ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകാനുള്ള നടപടി സ്വീകരിച്ചു. വിവരമറിഞ്ഞ് ജില്ലാ പൊലീസ് ചീഫ് ഡി.ശിൽപ കാഞ്ഞങ്ങാടെത്തി.

ചിന്നമ്മയുടെ ഭർത്താവ്: പി.എ.ഉതുപ്പായ്. മക്കൾ: ലിജു, ലിനു, സിനു. ആലീസിന്റെ ഭർത്താവ്: പി.എ.തോമസ്. മക്കൾ: മിഥുൻ, നീതു. മല്ലപ്പള്ളി തുരുത്തിക്കാട് പയ്യനാട്ട് കുടുംബാഗമാണ് എയ്ഞ്ചല. ഭർത്താവ് റോബർട്ട് കുര്യാക്കോസ് യുകെയിൽ എൻജിനീയറാണ്. പാലക്കാട്ട് നഴ്സായി ജോലി ചെയ്യുന്ന എയ്ഞ്ചല വിവാഹത്തിനു പോകാനായി കഴിഞ്ഞദിവസമാണു കോട്ടയത്തെത്തിയത്.

Post a Comment

Previous Post Next Post