പശ്ചിമബംഗാളിലെ ആർ.ജി. കർ മെഡിക്കൽ കോളേജിലാണ് 31-കാരിയായ പി.ജി വിദ്യാർഥി മരിച്ചത്. വ്യാഴാഴ്ച രാത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന യുവതിയെ വെള്ളിയാഴ്ച പുലർച്ചയോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അർധനഗ്നയായ നിലയിലായിരുന്നു മൃതദേഹം. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാംവർഷ വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിന് പിന്നാലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ബംഗാളിലെ ആശുപത്രികളിൽ വൻ പ്രതിഷേധം അരങ്ങേറിയിരുന്നു.
സംഭവസ്ഥലത്തുനിന്ന് ലഭിച്ച ബ്ലൂടൂത്ത് ഹെഡ് സെറ്റാണ് പോലീസിനെ പ്രതിയിലേക്കെത്തിച്ചത്. കണ്ണിലും ചുണ്ടിലും ചോരയൊലിപ്പിച്ച്, ചോരപുരണ്ട തറയിൽ കിടന്നിരുന്ന വനിതാ ഡോക്ടറുടെ മൃതദേഹത്തിന് അരികിൽനിന്ന് ബ്ലൂടൂത്ത് ഹെഡ് സെറ്റ് ലഭിച്ചിരുന്നു. ഇതിനേപ്പറ്റിയുള്ള അന്വേഷണത്തിനൊടുവിൽ പോലീസ് സഞ്ജയ് റോയിലേക്ക് എത്തുകയായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം സംഭവസമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നവരെ അന്വേഷണ സംഘം വിളിച്ചുചേർത്തു. തുടർന്ന് എല്ലാവരുടേയും ഫോണിൽ ബ്ലൂടൂത്ത് ഓൺ ചെയ്തു പരിശോധിച്ചു. ഈ സമയം റോയിയുടെ ഫോണുമായി ക്രൂരകൃത്യം നടന്നിടത്ത് നിന്ന് ലഭിച്ച ബ്ലൂടൂത്ത് കണക്ടായി. ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യംചെയ്യുകയായിരുന്നു.
പ്രതി കുറ്റസമ്മതം നടത്തിയതായി പോലീസ് വ്യക്തമാക്കി. എന്നാൽ മൊഴിയിൽ വൈരുധ്യങ്ങളുള്ളതിനാൽ കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ സംഭവത്തെക്കുറിച്ച് കൂടുതൽ പറയാനാകൂ എന്നാണ് പോലീസ് പറയുന്നത്. ക്രൂരകൃത്യത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സംഭവസ്ഥലത്തുള്ള സിസിടിവി പരിശോധിച്ചതിൽനിന്ന് ഇയാൾ പുലർച്ചെയോടെ ആശുപത്രിയിൽനിന്ന് മടങ്ങുന്നതിന്റെ ദൃശ്യം പോലീസ് കണ്ടെടുത്തിട്ടുണ്ട്.
വനിതാ ഡോക്ടർ അതിക്രൂരമായ ബലാത്സംഗത്തിനിരയായതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ രക്തസ്രാവവും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ മുറിവുകളും ഉണ്ടെന്ന് നാല് പേജുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. 'കണ്ണുകളിൽനിന്നും വായയിൽനിന്നും രക്തം പുറത്തേക്ക് വരുന്നുണ്ടായിരുന്നു. മുഖത്തും നഖങ്ങളിലും മുറിവുകൾ ഉണ്ട്. വയർ, ഇടതുകാൽ, കഴുത്ത്, വലതു കൈ, മോതിര വിരൽ, ചുണ്ട് എന്നീ ഭാഗങ്ങളിൽ പരിക്കുണ്ട്'. കഴുത്തിലെ എല്ല് ഒടിഞ്ഞിട്ടുള്ളതിനാൽ ശ്വാസം മുട്ടിയാണ് മരണമെന്നാണ് കൊൽക്കത്ത പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ പറയുന്നത്.
0 Comments