Top News

കേരളം ആസ്ഥാനമാക്കി വിമാന കമ്പനിയുമായി അൽഹിന്ദ്‌; കേന്ദ്രാനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്

കേരളം ആസ്ഥാനമാക്കി വിമാന കമ്പനി സ്ഥാപിക്കാനൊരുങ്ങി അല്‍ഹിന്ദ് ഗ്രൂപ്പ്. അല്‍ഹിന്ദ് എയര്‍ എന്ന പേരിലാണ് കമ്പനി സ്ഥാപിതമാകുക. അല്‍ ഹിന്ദ് എയറിന് വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി ലഭിച്ചതായി ദേശീയ മാധ്യമമായ CNBC-TV 18 റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം അവസാനത്തോടെ എയര്‍ലൈന്‍സ് പ്രവര്‍ത്തനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.[www.malabarflash.com]


മൂന്ന്‌ എടിആര്‍ 72 വിമാനങ്ങളുപയോഗിച്ച് ആഭ്യന്തര ആഭ്യന്തര പ്രാദേശിക കമ്യൂട്ടര്‍ എയര്‍ലൈനായി കമ്പനി ആരംഭിക്കാനാണ് പദ്ധതി. ആഭ്യന്തര രംഗത്ത് ചുവടുറപ്പിച്ച ശേഷം അന്താരാഷ്ട്ര സര്‍വീസിലേക്കും കടക്കാനും ലക്ഷ്യമിടുന്നുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുപതോളം വിമാനങ്ങള്‍ കമ്പനി വാങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊച്ചി വിമാനത്താവളം വഴിയായിരിക്കും സര്‍വീസുകള്‍ പ്രവര്‍ത്തിക്കുക. കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ നഗരങ്ങളിലേക്കായിരിക്കും തുടക്കത്തില്‍ സര്‍വീസുണ്ടാവുക. 30 വര്‍ഷത്തിലധികമായി ഇന്ത്യയിലും വിദേശത്തും ട്രാവല്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് അല്‍ഹിന്ദ്. ഇരുപതിനായിരം കോടിയില്‍ പരം വിറ്റുവരവും ഇന്ത്യയിലും വിദേശത്തുമായി 130-ല്‍ കൂടുതല്‍ ഓഫീസുകളും കമ്പനിക്കുണ്ട്. നിരവധി എയര്‍ലൈനുകളുടെ ജനറല്‍ സെയില്‍സ് ഏജന്റ് കൂടിയാണ് അല്‍ഹിന്ദ് ഗ്രൂപ്പ്.

Post a Comment

Previous Post Next Post