Top News

സാമൂഹ്യ മാധ്യമത്തിൽ വിദ്വേഷ കമന്റുകൾ: റിയാസ് മൗലവി വധക്കേസിൽ വെറുതെ വിട്ട യുവാവടക്കം 2 പേർ അറസ്റ്റിൽ

കാസർകോട്: സാമൂഹ്യ മാധ്യമത്തിൽ വിദ്വേഷ കമന്റുകളിട്ടുവെന്ന വ്യത്യസ്ത കേസുകളിലായി രണ്ടുപേർ അറസ്റ്റിൽ. കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ അജേഷ് എന്ന അപ്പു, കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ അബൂബകർ സിദ്ദീഖ് എന്നിവരാണ് അറസ്റ്റിലായത്.[www.malabarflash.com]

ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവി കൊല്ലപ്പെട്ട കേസിൽ കോടതി വെറുതെ വിട്ടയാളാണ് ഇപ്പോൾ അറസ്റ്റിലായ അജേഷ്.

അപ്പു കെ 7608 എന്ന ഇൻസ്റ്റാഗ്രാം ഐഡിയിൽ നിന്ന് എംകെഎഫ് - ഐല എന്ന ഇൻസ്റ്റാഗ്രാം ഗ്രൂപിൽ വന്ന മീഡിയ വൺ വാർത്ത ചാനലിന്റെ വാർത്തയുടെ അടിയിൽ 'കാസർകോട് ജില്ലയിലെ ഒരു പള്ളി പോലും ഉണ്ടാവില്ല, ഒരു വെള്ളിയാഴ്ച ബോംബിട്ട് തകർക്കും, കമിങ്', എന്ന് കമന്റ് ചെയ്തുവെന്നാണ് അജേഷിനെതിരെയുള്ള കേസ്. ഇതിന്റെ സ്ക്രീൻ ഷോട് വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഐപിസി 153 എ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നത്.

സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ യുവാവിനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ഇയാളുടെ സോഷ്യൽ മീഡിയ അകൗണ്ടുകൾ പരിശോധിക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്ത ശേഷം യുവാവിനെ പിന്നീട് വിട്ടയച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അജേഷ് ഇപ്പോൾ അറസ്റ്റിലായത്.

റിയാസ് മൗലവി കേസിൽ മൂന്ന് പേരെ വെറുതെ വിട്ട വിധിയെ സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ യൂട്യൂബ് ചാനലിൽ വന്ന വാർത്തയ്ക്ക് താഴെ 'ചൂരിയിൽ ഒരാഴ്ചക്കുള്ളിൽ മൂന്ന് തല എടുത്തിരിക്കും' എന്ന് കമന്റ് ചെയ്തുവെന്നാണ് അബൂബകർ സിദ്ദീഖിനെതിരെയുള്ള കേസ്. ഇതിലും ഐപിസി 153 എ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരുന്നത്.

Post a Comment

Previous Post Next Post