Top News

പ്രസവശേഷം ചികിത്സയിലിരിക്കെ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

തൃശ്ശൂർ: പ്രസവാനന്തരം അതീവ ഗുരുതരാവസ്ഥയിലായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചെന്ത്രാപ്പിന്നി അലുവത്തെരുവ് പടിഞ്ഞാറ് ഭാഗം കുട്ടോടത്ത് പാടം വീട്ടിൽ അഷിമോൻ്റെ ഭാര്യ കാർത്തിക (28) ആണ് മരിച്ചത്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ പ്രസവിച്ച യുവതി തൃശൂർ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.[www.malabarflash.com]


മാര്‍ച്ച് 25-നാണ് കാർത്തിക കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ആശുപത്രിയിൽ തുടരുകയായിരുന്ന യുവതിക്ക് നാല് ദിവസങ്ങൾക്ക് ശേഷം അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. എന്നാൽ അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് സ്കാനിങിന് വിധേയയാക്കിയത്. സ്കാനിങിൽ ഗുരുതര പഴുപ്പ് കണ്ടതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ സ്കാനിങ്ങിൽ അവസ്ഥ അതീവ ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശാസ്ത്രക്രിയ നടത്തി. എന്നാൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ മരണപ്പെടുകയായിരുന്നു.

ശ്വാസകോശം ഉൾപ്പെടെ ആന്തരിക അവയവങ്ങൾക്ക് പഴുപ്പ് ബാധിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. കൊടുങ്ങല്ലൂർ ആശുപത്രിയിൽ നിന്നും ഉണ്ടായ പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. കുഞ്ഞ് സുരഷിതയാണ്. കാർത്തികയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ടോടെ വീട്ടിൽ കൊണ്ടുവന്നു സംസ്കരിക്കും.

Post a Comment

Previous Post Next Post