NEWS UPDATE

6/recent/ticker-posts

പരീക്ഷ പേപ്പറില്‍ ജയ്ശ്രീറാമും ക്രിക്കറ്റ് താരങ്ങളുടെ പേരും; 50% മാര്‍ക്ക് നല്‍കി ജയിപ്പിച്ച അധ്യാപകർക്ക് സസ്‌പെന്‍ഷന്‍

പരീക്ഷ പേപ്പറില്‍ ഉത്തരത്തിന് പകരം ജയ്ശ്രീറാം എന്ന് എഴുതിയ വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ച പ്രൊഫസര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. യുപിയിലെ ഒരു സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് പരീക്ഷ പേപ്പറില്‍ ജയ്ശ്രീറാം എന്നെഴുതിയത്. ഒപ്പം ചില ക്രിക്കറ്റ് താരങ്ങളുടെ പേരും ഇവര്‍ പരീക്ഷ പേപ്പറില്‍ എഴുതിയിരുന്നു.[www.malabarflash.com]


18 ഒന്നാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ത്ഥികളുടെ പരീക്ഷ പേപ്പര്‍ പുനര്‍മൂല്യനിര്‍ണയം നടത്തണമെന്ന് ആവശ്യപ്പെട്ട് ജോന്‍പൂരിലെ വീര്‍ ബഹാദൂര്‍ സിംഗ് പൂര്‍വാഞ്ചല്‍ സര്‍വകലാശാല മുന്‍ വിദ്യാര്‍ത്ഥിയായ ദിവ്യാന്‍ഷു സിംഗ് നല്‍കിയ വിവരാവകാശ അപേക്ഷയാണ് ക്രമക്കേട് വെളിച്ചതുകൊണ്ടുവന്നത്. 2023 ആഗസ്റ്റ് 3നാണ് ദിവ്യാന്‍ഷു അപേക്ഷ നല്‍കിയത്. വിദ്യാര്‍ത്ഥികളുടെ റോള്‍ നമ്പര്‍ അടക്കം നല്‍കിയായിരുന്നു ഇദ്ദേഹം ആവശ്യം ഉന്നയിച്ചത്.

സര്‍വകലാശാലയിലെ പ്രൊഫസര്‍മാരായ ആശിഷ് ഗുപ്തയും വിനയ് വര്‍മ്മയും വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈക്കൂലി വാങ്ങി ജയിപ്പിച്ചുവെന്നും ദിവ്യാന്‍ഷു സിംഗ് ആരോപിച്ചു. ഇതുസംബന്ധിച്ച സത്യവാങ്മൂലം സഹിതം ഇദ്ദേഹം ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.

ജയ്ശ്രീറാം എന്ന് മാത്രമല്ല, പരീക്ഷ പേപ്പറില്‍ ചില ക്രിക്കറ്റ് താരങ്ങളുടെ പേരെഴുതിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു. വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ പേരാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ പേപ്പറിലെഴുതിയത്. 50 ശതമാനം മാര്‍ക്ക് നല്‍കിയാണ് ഇവരെ വിജയിപ്പിച്ചത്.

വിദ്യാര്‍ത്ഥികള്‍ക്ക് അധികം മാര്‍ക്ക് നല്‍കിയെന്ന പരാതി ഉയര്‍ന്നിരുന്നു. ഇത് അന്വേഷിക്കാനായി ഒരു കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധികം മാര്‍ക്ക് നല്‍കിയതായി കണ്ടെത്തി എന്ന് വൈസ് ചാന്‍സലര്‍ വന്ദന സിംഗ് പറഞ്ഞു.

ജയ്ശ്രീറാം എന്ന് ഉത്തരമെഴുതിയ പരീക്ഷ പേപ്പര്‍ കണ്ടിട്ടില്ല. എന്നാല്‍ എഴുതിയതൊന്നും വ്യക്തമല്ലാത്ത പരീക്ഷ പേപ്പര്‍ കണ്ടു. വായിക്കാന്‍ കഴിയാത്ത രീതിയിലുള്ള കൈയക്ഷരമായിരുന്നു അത് എന്ന് വന്ദനസിംഗ് പറഞ്ഞു.

പരാതി ലഭിച്ചതിന് പിന്നാലെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു. തുടര്‍ന്ന് അന്വേഷണത്തിനായി സര്‍വകലാശാല ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. 2023 ഡിസംബര്‍ 21നാണ് കമ്മിറ്റിയെ നിയോഗിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥികളുടെ ഉത്തരകടലാസില്‍ ക്രമക്കേട് കണ്ടെത്തുകയായിരുന്നു. ഇതോടെ കേസിലുള്‍പ്പെട്ട രണ്ട് പ്രൊഫസര്‍മാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

Post a Comment

0 Comments