Top News

ഫാത്തിമ കാസിമിന്റെ മരണം കൊലപാതകം; പ്രതികൾ പിടിയിൽ

ഇടുക്കി: അടിമാലിയിലെ ഫാത്തിമ കാസിമിന്റെ മരണം കൊലപാതകമെന്ന് പോലീസ്. വയോധികയുടെ കൊലപാതകത്തിൽ പ്രതികൾ പിടിയിലാകാനുള്ള തുമ്പ് ലഭിച്ചത് അടിമാലിയിലെ ധനകാര്യ സ്ഥാപനത്തിൽ നിന്ന്.[www.malabarflash.com] 

അടിമാലി കുരിയൻസ് പടിയിൽ താമസിക്കുന്ന 70 വയസുകാരി ഫാത്തിമ കാസിമിനെ കൊന്ന് സ്വര്‍ണവുമായി മുങ്ങിയ പ്രതികൾ, അടിമാലിയിലെ തന്നെ ധനകാര്യ സ്ഥാപനത്തിൽ ഇതിൽ ചിലത് പണയം വെച്ചിരുന്നു. ഇവിടെ നൽകിയ വിലാസവും ഫോൺ നമ്പറും പ്രതികളുടേത് തന്നെയായിരുന്നു.

ഫാത്തിമയുടെ വീടിനടുത്ത് കണ്ട രണ്ട് പേരെ തിരഞ്ഞെത്തിയ പോലീസിന് പ്രതികൾ ഇവരാണെന്ന് വ്യക്തമാവുകയും, പ്രതികളെ കണ്ടെത്താൻ സാധിക്കുന്ന ഫോൺ നമ്പറും വിലാസവും കിട്ടുകയും ചെയ്തു. പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കൊല്ലം കിളിക്കൊല്ലൂർ സ്വദേശികളായ കെ.ജെ.അലക്സ്, കവിത എന്നിവർ പാലക്കാട്ടുനിന്നാണ് പിടിയിലായത്. മോഷണ ശ്രമത്തിനിടെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

ശനിയാഴ്ച പകൽ 11 നും നാല് മണിക്കും ഇടയിലാണ് കൊലപാതകം നടന്നത്. വീട്ടിലെത്തിയ മകൻ സുബൈറാണ് ഫാത്തിമയുടെ മൃതദേഹം കണ്ടത്. രക്തം വാർന്ന നിലയിൽ മുറിക്കുള്ളിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപം മുളകുപൊടി വിതറിയ നിലയിൽ ആയിരുന്നു. ഫാത്തിമയുടെ സ്വർണമാല അടക്കം നഷ്ടപ്പെട്ടിരുന്നു.

പ്രതികൾ കഴിഞ്ഞ ദിവസം വീട് വാടകക്ക് ചോദിച്ച് എത്തിയിരുന്നു. സംഭവത്തിനുപിന്നാലെ നാട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് ഇവരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി സ്ത്രീയും പുരുഷനും വാടകവീടു അന്വേഷിച്ച് പ്രദേശത്ത് കറങ്ങി നടക്കുന്നത് കണ്ടതായാണ് നാട്ടുകാർ നൽകിയ വിവരം.

Post a Comment

Previous Post Next Post