NEWS UPDATE

6/recent/ticker-posts

30കാരിയെ കുത്തിവീഴ്ത്തി കത്തിച്ച യുവാവ് ജീവനൊടുക്കി; കൊലയ്ക്കു പിന്നിൽ പ്രണയപ്പക

പട്ടാമ്പി: പാലക്കാട് പട്ടാമ്പിയിൽ മുപ്പതുകാരിയെ കുത്തിക്കൊലപ്പെടുത്തി കത്തിച്ച കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കി. തൃത്താല ആലൂർ സ്വദേശി സന്തോഷാണ് മരിച്ചത്. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കൻഘത്ത് പറമ്പിൽ കെ.പി. പ്രവിയയെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]


പ്രവിയയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു അരുംകൊല. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നു പറയുന്നു. പ്രണയപ്പകയെ തുടർന്നാണ് സന്തോഷ് പ്രവിയയെ കൊലപ്പെടുത്തി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. ആത്മഹത്യക്കു ശ്രമിച്ച നിലയിൽ കണ്ടെത്തിയ സന്തോഷിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

കൊടുമുണ്ട തീരദേശ റോഡിലാണ് കത്തിക്കരിഞ്ഞ നിലയിൽ ഞായറാഴ്ച രാവിലെ പ്രവിയയുടെ മൃതദേഹം കണ്ടെത്തിയത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയാണ് മരിച്ച പ്രവിയ. ജോലിക്കായി വരുന്ന സമയത്ത് സ്കൂട്ടർ തടഞ്ഞുനിർത്തി ആക്രമിച്ചതാണെന്നാണ് വിവരം. മൃതദേഹത്തിനു സമീപത്തുനിന്ന് കത്തി കണ്ടെടുത്തിട്ടുണ്ട്.

പ്രവിയയെ കൊലപ്പെടുത്തിയ തൃത്താല ആലൂർ മൂലടിയിൽ സന്തോഷ് (45), യുവതി മുൻപ് ജോലി ചെയ്തിരുന്ന ഫോട്ടോസ്റ്റാറ്റ് കടയുടെ ഉടമയാണ്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് പ്രവിയയ്ക്കു വേറെ വിവാഹം ഉറപ്പിച്ചതാണു സന്തോഷിനെ കൊടുംക്രൂരതയ്ക്കു പ്രേരിപ്പിച്ചതെന്നുമാണു വിവരം.

പ്രവിയ നേരത്തേ വിവാഹിതയായിരുന്നെങ്കിലും ഈ ബന്ധം ഒഴിവായിരുന്നു. ആദ്യ വിവാഹത്തിൽ പ്രവിയയ്ക്ക് 12 വയസ്സുള്ള ഒരു കുട്ടിയുണ്ട്. പിന്നീട് സന്തോഷിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സമയത്ത് ഇരുവരും അടുപ്പത്തിലായി. ഈ ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സന്തോഷിന്റെ ഭാര്യ പിണങ്ങിപ്പോയതായാണു വിവരം. സന്തോഷും രണ്ടു കുട്ടികളുടെ പിതാവാണ്.

ആറു മാസം മുൻപ് സന്തോഷിന്റെ കടയിലെ ജോലി പ്രവിയ മതിയാക്കിയിരുന്നു. പിന്നീട് പട്ടാമ്പിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സ്റ്റോർ കീപ്പറിന്റെ സഹായിയായി ജോലിക്കു കയറി. ഇതിനിടെയാണു പ്രവിയയ്ക്കു വേറെ വിവാഹം നിശ്ചയിച്ചത്. ഈ മാസം വിവാഹം നടക്കാനിരിക്കെയാണു പ്രവിയ സന്തോഷിന്റെ ക്രൂരതയ്ക്ക് ഇരയായത്.

രാവിലെ പതിവുപോലെ സ്കൂട്ടറിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്കു ജോലിക്കായി പുറപ്പെട്ട പ്രവിയയെ, വഴിക്കുവച്ച് സന്തോഷ് തടഞ്ഞുനിർത്തി ആക്രമിച്ചെന്നാണു പോലീസിന്റെ നിഗമനം. സ്കൂട്ടർ തടഞ്ഞ് പ്രവിയയെ കുത്തിവീഴ്ത്തുകയും തുടർന്ന് പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തെന്നാണ് അനുമാനം. പ്രവിയയുടെ മൃതദേഹത്തിനു സമീപത്തുനിന്നു കുത്താൻ ഉപയോഗിച്ചതെന്നു കരുതുന്ന കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രവിയയുടെ മരണവുമായി ബന്ധപ്പെട്ടു പ്രാഥമിക അന്വേഷണം നടക്കുന്നതിനിടെയാണ് സന്തോഷിനെ ഒരു ബന്ധുവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്കു ശ്രമിച്ച നിലയിൽ കണ്ടെത്തിയ സന്തോഷിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Post a Comment

0 Comments