Top News

കേടില്ലാത്ത പല്ലിൽ പണിതു; ഡോക്ടർ അഞ്ചുലക്ഷം നഷ്ടപരിഹാരം നൽകണം

കോട്ടയം: കേടില്ലാത്ത അഞ്ച് പല്ലുകൾക്ക് ഡെന്‍റൽ ഡോക്ടർ കേടുവരുത്തിയെന്ന പരാതിയിൽ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ ഉത്തരവ്.[www.malabarflash.com]


വട്ടുകുളം കടപ്പൂർ സ്വദേശി കെ.ആർ. ഉഷാകുമാരിയുടെ പരാതിയിലാണ് നടപടി. കോട്ടയത്തെ കാനൻ ഡെന്‍റൽ ക്ലിനിക്കിലെ സർജൻ ഡോ. ഷൈനി ആന്റണി റൗഫ് ആണ് നഷ്ടപരിഹാരം നൽകേണ്ടത്. അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ കമീഷനാണ് ഉത്തരവിട്ടത്. 

മേൽനിരയിലെ പല്ലിന്റെ വിടവ് നികത്താനാണ് ഉഷാകുമാരി ക്ലിനിക്കിലെത്തിയത്. എന്നാൽ, ഡോക്ടർ മേൽനിരയിലെ ഒരു പല്ലും താഴെ നിരയിലെ നാല് പല്ലുകളും അനുമതിയില്ലാതെ രാകിമാറ്റിയെന്നും ഇത് ശരിയാക്കുന്നതിന് മുൻകൂർ തുക വാങ്ങിയെന്നും പരാതിയിൽ പറയുന്നു.

പരാതിക്കാരി പിറ്റേ ദിവസം പാലായിലെ ഒരു ക്ലിനിക്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും അവിടെനിന്ന് കോട്ടയം ഡെന്‍റൽ കോളജിലും ചികിത്സ തേടി. പിന്നീട് പല്ലുകളുടെ ക്രൗൺ ഉറപ്പിക്കുന്നതിന് കൊച്ചിയിലെ ക്ലിനിക്കിൽ 57,600 രൂപ ചെലവായെന്നും പരാതിയിൽ പറയുന്നു. 

പരാതിക്കാരിയുടെ പല്ലിന് കേടുണ്ടായിരുന്നില്ലെന്ന് എക്‌സ്‌-റേ പരിശോധനയിൽ വ്യക്തമായതായി കോട്ടയം ഡെന്‍റൽ കോളജിലെ പ്രഫസറും വകുപ്പ് മേധാവിയുമായ ഡോ. എൽ.എസ്. ശ്രീല കമീഷന് മൊഴി നൽകി.

Post a Comment

Previous Post Next Post