NEWS UPDATE

6/recent/ticker-posts

അമ്മയെ കൊന്ന് 50 ലക്ഷം രൂപ നേടാൻ പദ്ധതി; ഓൺലൈൻ ഗെയിമുകളിലൂടെ ഉണ്ടായ കടം തീർക്കാൻ ക്രൂരത

ഓൺലൈൻ ഗെയിമിലൂടെ ഉണ്ടായ ലക്ഷങ്ങളുടെ കടം തീർക്കാൻ യുവാവ് കണ്ടെത്തിയ വഴി അമ്മയെ കൊല്ലുകയായിരുന്നു. പദ്ധതി നടപ്പാക്കി അമ്മയെ കൊന്നതിന് പിന്നാലെ പോലീസ് ഇയാളെ പിടികൂടുകയും ചെയ്തു. നാല് ലക്ഷം രൂപയുടെ കടമാണ് യുവാവിന് ഉണ്ടായിരുന്നത്. ആകെ 50 ലക്ഷം രൂപ കിട്ടാനുള്ള പദ്ധതിയാണ് യുവാവ് തയ്യാറാക്കിയതെന്ന് പോലീസ് പറഞ്ഞു.[www.malabarflash.com]


ഉത്തർപ്രദേശിലെ ഫത്തേപൂരിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തുവരുന്നത്. സുപീ എന്ന ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമിൽ ഗെയിമുകൾ കളിച്ച് യുവാവ് അതിന് അടിമയായി മാറിയിരുന്നു. കളികളിൽ നിന്ന് നിരന്തരം നഷ്ടമുണ്ടായി. പിന്നീട് കടം വാങ്ങിയായി കളി. നാല് ലക്ഷത്തോളം രൂപയാണ് ഇങ്ങനെ കടം വന്നത്. ഈ കടം എങ്ങനെ വീട്ടുമെന്ന ചോദ്യമാണ് അമ്മയെ കൊല്ലാമെന്ന ക്രൂരമായ പദ്ധതിയിലേക്ക് യുവാവിനെ എത്തിച്ചത്.

ഒരു ബന്ധുവിന്റെ സ്വർണാഭരണം മോഷ്ടിച്ച് വിറ്റതായിരുന്നു പദ്ധതിയുടെ ആദ്യ ഘട്ടം. ഇത് ഉപയോഗിച്ച് മാതാപിതാക്കള്‍ക്ക് രണ്ട് പേർക്കും 50 ലക്ഷം രൂപ വീതമുള്ള ലൈഫ് ഇൻഷുറൻസ് പോളിസികള്‍ വാങ്ങി. തൊട്ടുപിന്നാലെ അമ്മയെ കൊല്ലാനുള്ള പദ്ധതികളായി. അച്ഛൻ സ്ഥലത്തില്ലാതിരുന്ന സമയം നോക്കി അമ്മയെ ശ്വാസം മുട്ടിച്ച് കൊന്നു. മൃതദേഹം ചാക്കിലാക്കി ട്രാക്ടറിൽ കയറ്റി യമുനാ തീരത്തേക്ക് ഓടിച്ചുപോയി. നദിയിൽ മൃതദേഹം ഉപേക്ഷിക്കാനായിരുന്നു പദ്ധതി.

ഈ സമയം ചിത്രകൂട്ട് ക്ഷേത്രത്തിൽ ദര്‍ശനത്തിന് പോയിരിക്കുകയായിരുന്ന അച്ഛൻ തിരിച്ചെത്തിയപ്പോൾ വീട്ടിൽ ആരെയും കാണാതായതോടെ അന്വേഷണം തുടങ്ങി. തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിൽ പോയി അന്വേഷിച്ചെങ്കിലും അവരാരും കണ്ടില്ലെന്ന് മറുപടി നൽകി. എന്നാൽ മകൻ ഹിമാൻഷു നദിയുടെ സമീപം ട്രാക്ടറുമായി നിൽക്കുന്നത് കണ്ടുവെന്ന് അയൽവാസി അറിയിച്ചു.

പോലീസിൽ പരാതി നൽകിയത് പ്രകാരം പോലീസെത്തി യുവാവിനെ ചോദ്യം ചെയ്തു. പിന്നാലെ നദിയിൽ നിന്ന് മൃതദേഹം കണ്ടെത്തി. കടം വീട്ടാൻ അമ്മയെ കൊന്നതാണെന്ന ഞെട്ടിക്കുന്ന സത്യം ഇയാൾ തുറന്നുപറഞ്ഞു. യുവാവിനെ ചോദ്യം ചെയ്തപ്പോൾ തന്നെ കേസ് തെളിഞ്ഞുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Post a Comment

0 Comments