NEWS UPDATE

6/recent/ticker-posts

അപകടത്തിൽ പരിക്കേറ്റ് റോഡിൽ രക്തം വാർന്ന് വ്യവസായി; രക്ഷിക്കാതെ പണം കവർന്ന് കടന്നുകളഞ്ഞ മൂന്ന് പേർ അറസ്റ്റിൽ

ആഗ്ര: അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ആളെ രക്ഷിക്കാതെ പണം കവർന്ന് കടന്നുകളഞ്ഞതിൽ മൂന്ന് പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് മനസാക്ഷിയെ നടുക്കിയ സംഭവമുണ്ടായത്. അപകടത്തിൽപ്പെട്ടയാളുടെ ബാഗിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയാണ് കവർന്ന നാട്ടുകാർ ആളെ റോഡിൽ ഉപേക്ഷിച്ച് കടന്നു. ഇതിന് പിന്നാലെ രക്തം വാർന്ന് റോഡിൽ കിടന്ന അപകടത്തിൽപ്പെട്ടയാൾ മരിച്ചിരുന്നു.[www.malabarflash.com]


ആഗ്ര സ്വദേശിയും വ്യാപാരിയുമായ ധർമ്മേന്ദ്രകുമാർ ഗുപ്തക്കാണ് ദാരുണാന്ത്യമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്നിരുന്ന ധര്‍മ്മന്ദ്ര കുമാര്‍ ഗുപ്തയെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം അയാളുടെ ബാഗിലെ കാശ് കവര്‍ന്നെടുക്കുന്നതിനിടയിൽ ആൾകൂട്ടം ആര്‍ത്ത് വിളിച്ചത് ആദ്യം കാശ് എടുക്കൂവെന്നായിരുന്നു.

കഴിഞ്ഞ ചൊവാഴ്ച്ചയായിരുന്നു സംഭവം. ക്ഷീര വ്യാപാരിയായിരുന്ന ധര്‍മ്മേന്ദ്ര കുമാര്‍ ഗുപ്ത മഥുരയിൽ നിന്നും ആഗ്രയിലെ തന്റെ വീട്ടിലേക്ക് ഇരുചക്ര വാഹനത്തിൽ വരുകയായിരുന്നു. ഗുപ്തയുടെ ബാഗിൽ 1.5 ലക്ഷം രൂപയും ഉണ്ടായിരുന്നു. അമിതവേഗതയിലെത്തിയ ട്രക്ക് ധര്‍മ്മന്ദ്ര ഗുപ്തയുടെ ഇരുചക്ര വാഹനമടക്കമുളള 20 വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ദില്ലി ആഗ്ര ദേശീയ പാതയിലായിരുന്നു അപകടം.

അപകടത്തിൽ റോഡിൽ തെറിച്ച് വീണ ഗുപ്തക്ക് ഗുരുതരമായി പരിക്കേറ്റു. എന്നാൽ സ്ഥലത്ത് ഓടികൂടിയ ജനകൂട്ടം പരിക്കേറ്റ ഗുപ്തയെ ആശുപത്രിയിലെത്തിക്കാതെ ഗുപ്തയുടെ ബാഗിലുണ്ടായിരുന്ന 1.5 ലക്ഷം രൂപ കവർന്ന് മുങ്ങി. ഗുപ്തയെ കാണാതായതിനെതുടര്‍ന്ന് അന്വേഷിച്ച് എത്തിയ ബന്ധുക്കൾ തകര്‍ന്ന ഇരുചക്ര വാഹനവും റോഡിൽ കിടന്ന ബാഗും കണ്ട ശേഷം പോലീസുമായി ബന്ധപ്പെട്ടു. ഈ സമയത്താണ് ഗുപ്തയെ ആശുപത്രിയിലെത്തിച്ചെന്ന് പോലീസ് ബന്ധുക്കളെ അറിയിക്കുന്നത്. പോലീസ് ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ ഗുപ്ത മരിച്ചിരുന്നു. പോലീസ് കേസ് എടുത്ത് അന്വേഷണമാരംഭിക്കുകയായിരുന്നു.

സംഭവത്തിന്റെ 47 സെക്കന്‍ഡ് ദൈൃഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് ഗുപത്യ്ക്ക് സംഭവിച്ചത് എന്താണെന്ന് ലോകമറിയുന്നത്. ജനവരി 9ന് നടന്ന അപകടത്തിന് പിന്നാലെ നടന്ന സംഭവങ്ങളേക്കുറിച്ച് കഴിഞ്ഞ ദിവസമാണ് വീഡിയോ പുറത്ത് വന്നത്. മറ്റ് രണ്ട് പേർ കൂടി ഈ അപകടത്തിൽ മരിച്ചിരുന്നു. എന്നാൽ പണം പോലീസ് സ്റ്റേഷനിലെത്തിക്കാന്‍ വേണ്ടി എടുത്തതാണെന്നാണ് അറസ്റ്റിലായ മൂന്ന് പേർ വാദിക്കുന്നത്. പണത്തിന് പുറമേ ഗുപ്തയുടെ ആധാർ കാർഡ്, എടിഎം കാർഡ് എന്നിവയും അറസ്റ്റിലായവരിൽ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Post a Comment

0 Comments