Top News

യൂത്ത് കോൺ​ഗ്രസ് സംഘർഷം; വി ഡി സതീശൻ ഒന്നാം പ്രതി, ഷാഫി പറമ്പിലും പ്രതിപ്പട്ടികയിൽ

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിൽ പൊലീസെടുത്ത കേസിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒന്നാം പ്രതി. ഷാഫി പറമ്പിലും എം. വിൻസന്റും രാഹുൽ മാങ്കൂട്ടത്തിലും ഉൾപ്പെടെയുള്ളവർ പ്രതിപ്പട്ടികയിലുണ്ട്.[www.malabarflash.com]

പൊതു മുതൽ നശിപ്പിച്ചത് ഉൾപ്പെടെയുള്ള ജാമ്യമില്ലാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എ ആർ ക്യാംപിൽ നിന്ന് ചാടിപ്പോയതിന് ഉൾപ്പെടെ നാല് കേസുകളാണ് ഇന്നത്തെ സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പൊതുമുതൽ നശിപ്പിക്കൽ, പോലീസിന് നേരെ ആക്രമണം, കലാപാഹ്വനം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അന്യായമായി സംഘംചേരൽ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പിങ്ക് പോലീസ് വാഹനം അടിച്ചുതകർത്തതിനും കേസ് എടുത്തിട്ടുണ്ട്.

മ്യൂസിയം പോലീസ് സ്റ്റേഷൻ , കന്റോൺമെന്റ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് കേസെടുത്തത്. രണ്ട് സ്റ്റേഷനുകളിലായി നാല് കേസുകളാണ് എടുത്തത്. 38 പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കന്റോൺമെന്റ് സ്റ്റേഷനിൽ 23 പേർക്കെതിരെയും മ്യൂസിയം സ്റ്റേഷനിൽ 15 പേർക്കെതിരെയുമാണ് കേസ്. കണ്ടാലറിയുന്ന മുന്നൂറോളം പേരും കേസിൽ പ്രതികളാണ്.

സംസ്ഥാനത്ത് തുടർച്ചയായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ആക്രമിക്കുന്നതായി ആരോപിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ വ്യാപക സംഘർഷമുണ്ടായിരുന്നു. പൊലീസ് ജലപീരങ്കി പ്രയോഗത്തിലും ലാത്തിച്ചാർജിലുമായി സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനും വൈസ് പ്രസിഡന്റ് അബിൻ വർക്കിക്കും ഉൾപ്പെടെ 20 പ്രവർത്തകർക്ക് പരിക്കേറ്റു. സംഘർഷത്തിൽ വനിതാ ഇൻസ്പെക്ടർ ഉൾപ്പെടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.

Post a Comment

Previous Post Next Post