NEWS UPDATE

6/recent/ticker-posts

കരിപ്പോടി തിരൂർ മുച്ചിലോട്ട് ക്ഷേത്രത്തിൽ അന്തിത്തിരിയനും കോമരവും ഊരാളനും ആചാരമേറ്റു

പാലക്കുന്ന്: കരിപ്പോടി തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ മുഖ്യ സ്ഥാനികനായ അന്തിത്തിരിയനായി കൊളത്തൂർ മരുതടക്കത്തെ നാരായണൻ ആചാരമേറ്റു. വിഷ്ണുമൂർത്തിയുടെ പ്രതിപുരുഷനായി കോമര സ്ഥാനത്തേക്ക് പാക്കത്ത് നിന്ന് മോഹനനും ഊരാളനായി തോക്കാനം കരുവാക്കോടിൽ നിന്ന് നാരായണനും ഇതോടൊപ്പം ഉപകർമികളായി സ്ഥാനമേറ്റു.[www.malabarflash.com]

ചൊവ്വാഴ്ച രാവിലെ നിയുക്തരായ മൂവരും അകമ്പടിയോടെ അരവത്ത് ഇല്ലത്തെത്തി പദ്മനാഭ തന്ത്രിയിൽ നിന്നും തുടർന്ന് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെത്തി മേൽശാന്തി നവീൻചന്ദ്ര കായർത്തായയിൽ നിന്നും അനുഗ്രഹമേറ്റു വാങ്ങി മുച്ചിലോട്ടെത്തി. അമ്പലക്കുളത്തിൽ സ്നാനം ചെയ്ത് ശ്രീകോവിലിൽ പ്രവേശിച്ച് 'അരങ്ങിൽ അടിയന്തിര' ചടങ്ങുകൾ പൂർത്തിയാക്കി ആചാര മേറ്റു .

അന്തിത്തിരിയന്റെ ആചാരപ്പെടലിന് കല്യാൽ മുച്ചിലോട്ടെ സുരേഷ് അന്തിത്തിരിയനും കോമരത്തിന്റെ ചടങ്ങിന് പുതുക്കൈ മുച്ചിലോട്ട് കണ്ണൻ കോമരവും ഗുരുസ്ഥാനം വഹിച്ചു. തുടർന്ന് 'വീടേൽക്കൽ' ചടങ്ങിന്റെ ഭാഗമായി ആചാര സ്ഥാനികരുടെയും വിശ്വാസികളുടെയും ഭാരവാഹികളുടെയും അകമ്പടിയോടെ ഭണ്ഡാര ഗൃഹപ്രവേശവും നടത്തി. 

കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്ന് ബന്ധപ്പെട്ട മുച്ചിലോട്ട് കഴകങ്ങളിൽ നിന്ന് സ്ഥാനികരും പ്രതിനിധികളും വിശ്വാസികളും പങ്കെടുത്തു. പ്രസാദമായി സ്ഥാനികർമാർക്ക് 'വാരി കൊടുക്കാ'നും വിശ്വാസികൾക്ക് വിതരണം ചെയ്യാനും 12 പറ അരിയുടെ ഉണ്ണിയപ്പം മാതൃസമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ നിന്ന് ചുട്ടെടുത്തിരുന്നു.

അരങ്ങിൽ അടിയന്തിരത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ആയിരങ്ങൾക്ക് വിഭവസമൃദ്ധമായ പച്ചക്കറി സദ്യ വിളമ്പി. 'എടുത്തുകുളി'യോടെ ബുധനാഴ്ച്ച ആചാരമേൽക്കൽ ചടങ്ങിന് സമാപനമാകും. ഉച്ചയ്ക്ക് മത്സ്യ മാംസാധികളോടുകൂടിയ സദ്യ വിളമ്പുന്നത് എന്നത് ഈ ചടങ്ങിന്റെ പ്രത്യേകതയാണ്‌. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾക്കെല്ലാം ഇത് വിളമ്പുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Post a Comment

0 Comments