Top News

ജമ്മുവിൽ പള്ളിയിൽ സുബ്ഹി നിസ്കാരത്തിനിടെ മുൻ പോലീസ് ഉദ്യോഗസ്ഥൻ ഭീകരരുടെ വെടിയേറ്റ് മരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ പള്ളിയിൽ സുബഹി നിസ്കരിക്കുന്നതിനിടെ വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു. റിട്ടയേർഡ് എസ്എസ്പി മുഹമ്മദ് ഷാഫിയാണ് കൊല്ലപ്പെട്ടത്. ഷാഫി ഗണ്ടമൂല ശീരി മസ്ജിദിൽ സുബ്ഹി നിസ്കരിക്കുന്നതിനിടെയായിരുന്നു സംഭവം. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. ഷാഫിയുടെ മയ്യിത്ത് ബാരാമുള്ളയിൽ ഖബറടക്കി.[www.malabarflash.com]


അദ്ദേഹത്തിന് നാല് വെടിയുണ്ടകളേറ്റതായി മുഹമ്മദ് ഷാഫിയുടെ സഹോദരൻ മുഹമ്മദ് മിർ പറഞ്ഞു. 2012ലാണ് ഷാഫി വിരമിച്ചത്.

നാല് ദിവസത്തിനിടെ ജമ്മു കശ്മീരിൽ നടക്കുന്ന മൂന്നാമത്തെ വലിയ ഭീകരാക്രമണമാണിത്. നേരത്തെ ഡിസംബർ 21ന് രജൗരിയിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരർ ആക്രമണം നടത്തിയിരുന്നു. ഇതിൽ 5 സൈനികർ വീരമൃത്യു വരിച്ചു.

ഡിസംബർ 23ന് അഖ്‌നൂറിലേക്ക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചിരുന്നു. അതിൽ സുരക്ഷാസേന നടത്തിയ വെടിവയ്പിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു.

Post a Comment

Previous Post Next Post