Top News

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിയായ എംപിക്ക് കുത്തേറ്റു, അക്രമി എത്തിയത് ഹസ്തദാനം നൽകാനെന്ന വ്യാജേന

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തെലങ്കാനയിൽ ബി.ആര്‍.എസ്. എം.പിക്കുനേരെ ആക്രമണം. ഹസ്തദാനം നൽകാനെന്ന വ്യാജേന എത്തിയ ആള്‍ സ്ഥാനാർത്ഥികൂടിയായ എംപിയെ കുത്തി. ദുബ്ബാക്ക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും മേധക്ക് എം.പിയുമായ കോത്ത പ്രഭാകര്‍ റെഡ്ഡിക്ക് നേരെയാണ് ആക്രമണം നടന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി ഒരു പാസ്റ്ററുടെ വീട്ടിലേക്ക് നടക്കുമ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം.[www.malabarflash.com]


എംപി അണികൾക്കൊപ്പം നടന്നു നീങ്ങവെ ഒരു അജ്ഞാതന്‍ പെട്ടന്ന് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. എം.പിക്ക് ഹസ്തദാനം ചെയ്യാനെന്ന വ്യാജേനയാണ് അക്രമി എത്തിയതെന്ന് സിദ്ധിപ്പേട്ട് കമ്മിഷണര്‍ എന്‍. ശ്വേത മാധ്യമങ്ങളോട് പ്രതികരിച്ചു. എംപിയുടെ മുന്നിലേക്ക് എത്തിയ അക്രമി അരയിൽ കരുതിയ കത്തി പുറത്തെടുത്ത് വയറ്റില്‍ കുത്തുകയായിരുന്നു. ആദ്യം പരിഭ്രമിച്ചെങ്കിലും ഉടന്‍ തന്നെ ബി.ആര്‍.എസ്. പ്രവര്‍ത്തകര്‍ ചേര്‍ന്ന് അക്രമിയെ പിടികൂടി.

പിന്നാലെ എം പിയെ തൊട്ടടുത്തുള്ള ഗജ്‌വേല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെ യശോദ ആശുപത്രിയിലേക്ക് മാറ്റി. എംപിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. അക്രമിയെ ബി.ആര്‍.എസ്. പ്രവര്‍ത്തകര്‍ മർദ്ദിച്ചവശനാക്കിയാണ് പൊലീസിലേൽപ്പിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post