Top News

യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കി വഴിയില്‍ തള്ളി; രണ്ട് പ്രതികള്‍ അറസ്റ്റില്‍

കോഴിക്കോട്: പേരാമ്പ്രയിൽ യുവാവിനെ മർദിച്ച് അവശനാക്കിയ ശേഷം വഴിയിൽ തള്ളിയ കേസിൽ രണ്ട് പ്രതികളെ പോലീസ് പിടികൂടി. കൊല്ലം ശാസ്താംകോട്ട സ്വദേശികളെ ആലപ്പുഴയിൽ നിന്നാണ് പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ‍ഡ് ചെയ്തു. ആക്രമണത്തിനിരയായ യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.[www.malabarflash.com]


പേരാമ്പ്ര സ്വദേശിയായ ജിനീഷിനെ കാറിൽ കൂട്ടിക്കൊണ്ടുപോയി മർദിച്ച ശേഷം വഴിയിൽ തള്ളിയിട്ട കേസിലാണ് ശാസ്താംകോട്ട സ്വദേശികളായ സയ്യിദ് മുഹമ്മദ്, നിയാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്വട്ടേഷൻ സംഘത്തിലുള്ളവരാണ് പിടിയിലായത്. ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പേരാമ്പ്രയിലെ ബാറിൽ വെച്ച് പരിചയപ്പെട്ട യുവാവിനെ നാലംഗ സംഘം കാറിൽ കയറ്റിക്കൊണ്ടുപോയി മ‍ർദിച്ചത്. മദ്യക്കുപ്പിയും ഗ്ലാസുമുപയോഗിച്ച് തലക്കും നെ‍ഞ്ചിലും അടിച്ചു. തുടർന്ന് അവശനായ യുവാവിനെ പയ്യോളിയിൽ ഉപേക്ഷിച്ചു. കൃത്യത്തിന് ശേഷം കടന്നുകളഞ്ഞ പ്രതികളെ അലപ്പുഴ സൗത്ത പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പിടികൂടിയത്.

അക്രമി സംഘത്തിൽ നാല് പേരുണ്ടായിരുന്നുവെന്നാണ് ജിനീഷിന്റെ മൊഴി. മറ്റ് പ്രതികളായ മുസ്തഫ, അമൽ എന്നിവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

Previous Post Next Post