തിരുവനന്തപുരം: പൂവച്ചലിൽ കുട്ടിയെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തമിഴ്നാട് അതിർത്തിയിൽ വെച്ചാണ് പൂവച്ചൽ ‘ഭൂമിക’യിൽ (ഇപ്പോൾ നാലാഞ്ചിറയിൽ താമസം) പ്രിയരഞ്ജനെ (42) പോലീസ് അറസ്റ്റ് ചെയ്തത്. റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ ആണ് ഇയാളെ കസ്റ്റഡിയിൽ എടുത്ത്. കൊലപാതകം ആസുത്രിതമെന്ന് പോലീസ് പറഞ്ഞു.[www.malabarflash.com]
പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ അധ്യാപകനായ അരുൺകുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഷീബയുടെയും മകൻ ആദിശേഖറിനെ (15) ആണ് ഓഗസ്റ്റ് 30-ന് വൈകീട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന് മുന്നിൽ വെച്ച് കാറിടിച്ച് കൊലപ്പെടുത്തിയത്.
ക്ഷേത്രത്തിന് മുന്നിൽ സൈക്കിൾ ചവിട്ടുകയായിരുന്ന കുട്ടിയെ പ്രിയരഞ്ജൻ ഓടിച്ചിരുന്ന കാർ ഇടിച്ചിടുകയായിരുന്നു. സി.സി.ടി.വി. ദൃശ്യത്തിന്റെയും, കുട്ടിയുടെ മാതാപിതാക്കളുടെയും, അടുത്ത ബന്ധുവിന്റെയും മൊഴി അനുസരിച്ചാണ് പ്രതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തതെന്ന് കാട്ടാക്കട ഡിവൈ.എസ്.പി. എൻ.ഷിബു പറഞ്ഞു. പ്രതിക്ക് കുട്ടിയോട് മുൻ വൈരാഗ്യം ഉണ്ടായിരുന്നുവെന്നാണ് അച്ഛനമ്മമാരുടെയും മറ്റൊരു ബന്ധുവിന്റെയും മൊഴി.
സംഭവത്തിന് ശേഷം വാഹനം ഉപേക്ഷിച്ച് ഇയാൾ ഒളിവിലായിരുന്നു. തമിഴ്നാട് അതിർത്തിയിൽ ഉണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നാല് സംഘങ്ങളായി അന്വേഷണ സംഘം തിരയുകയായിരുന്നു. തുടർന്ന് തമിഴ്നാട് അതിർത്തിയിൽ നിന്ന് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
0 Comments