Top News

ജ്യേഷ്ഠന്റെ മരണം കൊലപാതകം, കൊല ഹെൽമറ്റ് കൊണ്ടു തലയ്ക്കടിച്ച്; അനുജനും സുഹൃത്തും അറസ്റ്റിൽ

തൃശൂർ: ജ്യേഷ്ഠനെ ഹെൽമറ്റ് കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ബൈക്കിൽ നിന്നു തെറിച്ചുവീണു മരിച്ചതാണെന്നു പ്രചരിപ്പിച്ച അനിയനും സുഹൃത്തും വെസ്റ്റ് പോലീസിന്റെ പിടിയിൽ. അരിമ്പൂർ നാലാംകല്ല് കുന്നത്തുംകര ഷാജിയുടെ മകൻ ഷൈൻ (29) കൊല്ലപ്പെട്ട സംഭവത്തിൽ അനുജൻ ഷെറിൻ (27), സുഹൃത്ത് നാലാംകല്ല് പരക്കാട് ചെട്ടിക്കാട്ടിൽ അരുൺ (25) എന്നിവരെയാണു എസ്എച്ച്ഒ ടി.പി. ഫർഷാദും സംഘവും പിടികൂടിയത്.[www.malabarflash.com]

തങ്ങൾക്കൊപ്പം ബൈക്കിലിരുന്നു സഞ്ചരിക്കുമ്പോൾ പിന്നിലേക്കു തെറിച്ചുവീണ ഷൈൻ റോഡിൽ തലയിടിച്ചു മരിച്ചു എന്നാണു ഷെറിനും അരുണും പ്രചരിപ്പിച്ചത്. എന്നാൽ, ബൈക്കിൽ നിന്നു വീണാൽ സംഭവിക്കുന്ന മുറിവല്ല ഷൈനിന്റെ തലയിൽ കണ്ടതെന്നും ശക്തിയായി അടിയേറ്റുണ്ടായ മുറിവാണെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതു നിർണായകമായി.

സംഭവത്തെക്കുറിച്ചു പോലീസ് കണ്ടെത്തിയ വിവരങ്ങളിങ്ങനെ: തിരുച്ചിറപ്പള്ളിയിൽ പെയിന്റിങ് ജോലിയാണു ഷൈന്. സഹോദരൻ ഷെറിൻ കുന്നത്തങ്ങാടിയിൽ ഓട്ടോറിക്ഷാ ഡ്രൈവറും. അനുജന്റെ കയ്യിൽ നിന്നു ഷൈൻ പലപ്പോഴായി പണം കടംവാങ്ങിയിരുന്നു. ഇതിന്റെ പേരിൽ ഇവർക്കിടയിൽ തർക്കങ്ങളും പതിവായിരുന്നു. 

തിരുച്ചിറപ്പള്ളിയിൽ നിന്നു ചൊവ്വാഴ്ച രാത്രി 11.45ന് ആണു ഷൈൻ തൃശൂരിലെത്തിയത്. വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാൻ ബൈക്കുമായി എത്താൻ ഷെറിനെ ഫോണിൽ വിളിച്ച് ഷൈൻ ആവശ്യപ്പെട്ടു. മദ്യപിച്ചിരുന്നതിനാൽ ഷെറിൻ ബൈക്ക് ഓടിക്കാനായി അയൽവാസി അരുണിനെയും കൂട്ടി. ബാറിൽ മദ്യപിച്ച ശേഷമാണു ഷൈൻ ഇവർക്കൊപ്പം ബൈക്കിൽ വീട്ടിലേക്കു പുറപ്പെട്ടത്.

ചേറ്റുപുഴ – അരണാട്ടുകര റോഡിലെത്തിയപ്പോൾ പെട്രോൾ തീർന്നു ബൈക്ക് നിന്നു. ഇതിന്റെ പേരിൽ തർക്കമായി. പെട്രോൾ നിറയ്ക്കാൻ ഷൈനിനോടു ഷെറിൻ പണം ആവശ്യപ്പെട്ടു. നൽകില്ലെന്നു ഷൈൻ പറഞ്ഞതോടെ പലപ്പോഴായി തന്നോടു വാങ്ങിയ പണം മുഴുവൻ തിരിച്ചുനൽകാൻ ഷെറിൻ ആവശ്യപ്പെട്ടു. തർക്കം മൂത്തപ്പോൾ ഷൈൻ മുന്നോട്ടുനടന്നു. പിന്നിലൂടെ ഓടിയെത്തിയ ഷെറിൻ സഹോദരനെ ഹെൽമറ്റു കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. 

മരിച്ചു എന്നു മനസ്സിലാക്കിയപ്പോൾ ഷെറിൻ ഭയന്നു. ഹെൽമറ്റ് പൊന്തക്കാട്ടിലേക്കെറിഞ്ഞ ശേഷം ആംബുലൻസ് വിളിച്ച് ഷൈനിനെ ആശുപത്രിയിലെത്തിച്ചു. ബൈക്കിൽ നിന്നു തെറിച്ചു പിന്നിലേക്കു വീണെന്നാണ് ആശുപത്രിയിലും പറഞ്ഞത്. എന്നാൽ, ക്ഷതം പരിശോധിച്ച ഫൊറൻസിക് സർജൻ ഡോ. വിമൽ വിജയ് നൽകിയ സൂചനയാണു കൊലപാതകം തെളിയിച്ചത്. 

എസ്ഐ വിജയൻ, സീനിയർ സിപിഒ ഹരിഹരൻ, സിപിഒ ബിയോ തുടങ്ങിയവരും അന്വേഷണ സംഘത്തിലുൾപ്പെട്ടു. തെളിവെടുപ്പിനു ശേഷം പ്രതികളെ റിമാൻഡ് ചെയ്തു.

ഷൈനിന്റെ മരണമറിഞ്ഞ് അനുശോചനവുമായെത്തിയ നാട്ടുകാർക്കും ബന്ധുക്കൾക്കും മുന്നിൽ പ്രതികൾ നടത്തിയത് അഗാധമായ ദുഃഖാഭിനയം. ‘ചേട്ടൻ പോയി, ഉണർത്തേണ്ട..’ എന്നായിരുന്നു ഷെറിൻ പലരോടും കണ്ണീരോടെ പങ്കുവച്ചത്. എന്താണു സംഭവിച്ചതെന്നു ചോദിച്ചവരോടെല്ലാം ബൈക്കിനു പിന്നിൽ നിന്നു തെറിച്ചുവീണുവെന്നായിരുന്നു മറുപടി. അരുണും ഈ സമയം മുഴുവൻ ഷെറിനൊപ്പമുണ്ടായിരുന്നു. സംസ്കാരച്ചടങ്ങുകൾ തീർന്നയുടൻ പോലീസ് എത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തപ്പോഴാണ് അടുത്ത ബന്ധുക്കൾ പോലും കാര്യമറിഞ്ഞത്.

Post a Comment

Previous Post Next Post