Top News

പോലീസ് ചമഞ്ഞെത്തി ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്ന് പണംതട്ടി; ഓണ്‍ലൈന്‍ ചാനല്‍ പ്രവര്‍ത്തകര്‍ പിടിയില്‍

പെരിന്തല്‍മണ്ണ: പോലീസാണെന്നു പറഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തേക്ക് അതിക്രമിച്ചുകയറി കാല്‍ലക്ഷം രൂപയോളം തട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ പെരിന്തല്‍മണ്ണയില്‍ അറസ്റ്റില്‍.[www.malabarflash.com]

പ്രാദേശിക ഓണ്‍ലൈന്‍ ചാനല്‍ പ്രവര്‍ത്തകരായ തിരൂര്‍ പാലക്കാനത്ത് മുഹമ്മദ് റാഫി (39), തിരൂര്‍ തെക്കന്‍ കുറ്റൂര്‍ തോട്ടുംപുറത്ത് അബ്ദുള്‍ ദില്‍ഷാദ് (40) എന്നിവരെയും സഹായിയായിരുന്ന അസം നൗഗോണ്‍ ജില്ലയിലെ ലോപിനി സ്വദേശി റതിബുര്‍ റഹ്‌മാന്‍ (23) എന്നയാളെയുമാണ് പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്പെക്ടര്‍ എ. പ്രേംജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 23-ന് പെരിന്തല്‍മണ്ണ-കോഴിക്കോട് റോഡില്‍ ഇതരസംസ്ഥാന തൊഴിലാളി കുടുംബം താമസിക്കുന്ന വീട്ടിലേക്ക് പോലീസാണെന്നു പറഞ്ഞ് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് സംഘം അതിക്രമിച്ചുകയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ലഹരിവസ്തുക്കളുണ്ടോയെന്നും വീട് പരിശോധിക്കണമെന്നും പറഞ്ഞ് വീട്ടുടമയെയും ഭാര്യയെയും ഭീഷണിപ്പെടുത്തി. വീഡിയോ എടുത്ത് പണം ആവശ്യപ്പെടുകയായിരുന്നെന്നും പോലീസ് പറഞ്ഞു. അസം സ്വദേശിയെ ഉപയോഗിച്ചായിരുന്നു ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ കണ്ടെത്തിയിരുന്നത്. ചോദ്യംചെയ്യലിനിടെ പ്രതികള്‍ മഞ്ചേരി, വല്ലപ്പുഴ എന്നിവിടങ്ങളിലും സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

പ്രതികള്‍ ഉപയോഗിച്ചിരുന്ന ഓണ്‍ലൈന്‍ ചാനലിന്റെ സ്റ്റിക്കറുകള്‍ പതിച്ച സ്‌കോര്‍പിയോ ജീപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post