Top News

കടകള്‍ക്കും ഭക്ഷണശാലകള്‍ക്കും തീയിട്ടു; ഹരിയാണയില്‍ സംഘര്‍ഷം അയയുന്നില്ല

ചണ്ഡീഗഢ്: ഹരിയാണയിലെ നൂഹില്‍ വി.എച്ച്.പി. റാലി ആള്‍ക്കൂട്ടം തടഞ്ഞതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം രൂക്ഷമായി തുടരുന്നു. ബാദ്ഷാപുരിലെ കടകളും ഭക്ഷണശാലകളും ഇറച്ചിവില്‍പ്പന കേന്ദ്രങ്ങളുമടക്കം ചൊവ്വാഴ്ച തീയിട്ടു നശിപ്പിച്ചു.[www.malabarflash.com]


പെട്രോള്‍ ഉപയോഗിച്ചാണ് അക്രമികള്‍ ചില കടകള്‍ അടിച്ചുതകര്‍ക്കുകയും ആരാധനാലയങ്ങള്‍ക്കു മുന്നില്‍വെച്ച് പ്രകോപനമുണര്‍ത്താന്‍ ഉദ്ദേശിച്ചുള്ള മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും അക്രമികള്‍ കേടുപാടുകള്‍ വരുത്തി. ഇരുന്നൂറോളം ആളുകള്‍ സംഘടിച്ചെത്തിയാണ് അക്രമം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അവരുടെ കൈയില്‍ വടിയും കല്ലുകളുമുണ്ടായിരുന്നു.

സംസ്ഥാനത്ത് സംഘര്‍ഷത്തില്‍ ഇതിനകംതന്നെ അഞ്ചുപേര്‍ മരിക്കുകയും എഴുപതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വി.എച്ച്.പി. റാലിക്കുനേരെ കല്ലേറുണ്ടായതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഇതോടെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്തു.

ഗുരുഗ്രാമിലെ ആരാധനാലയത്തിന് അക്രമികള്‍ തീവെച്ചതായും അക്രമണത്തില്‍ നായിബ് ഇമാം എന്നയാള്‍ കൊല്ലപ്പെട്ടതായും പോലീസ് പറഞ്ഞിരുന്നു. സംഘര്‍ഷം സമീപ ജില്ലകളിലേക്കും വ്യാപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post