Top News

വാടകക്കൊലയാളികളെ ഉപയോഗിച്ച് യുവാവിനെ വെട്ടിക്കൊന്നു; കാമുകിയും പിതാവും അറസ്റ്റിൽ


ചെന്നൈ: മകളെ പ്രണയിച്ച യുവാവിനെ വെട്ടിക്കൊലപ്പെടുത്തി കനാലിൽ തള്ളിയ സംഭവത്തിൽ അച്ഛനും മകനും മകളും അടക്കം 8 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂർ തിരുമലൈ സമുദ്രം സ്വദേശി ശക്തിവേലാണ് (23) കൊല്ലപ്പെട്ടത്. സംഭവത്തിൽ അയ്യാസാമിപ്പട്ടി സ്വദേശി ബാലഗുരു, മകൾ ദേവിക, മകൻ ദുരൈമുരുക‍ൻ എന്നിവരെയും 5 വാടക കൊലയാളികളെയുമാണ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

ശക്തിവേലും ദേവികയും പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇരുവരും ഒരേ സമുദായക്കാരാണെങ്കിലും ദേവികയുടെ പിതാവായ ബാലഗുരു പ്രണയത്തെ എതിർക്കുകയും ശക്തിവേലിനെ കൊല്ലാൻ പദ്ധതിയിടുകയുമായിരുന്നു. സുഹൃത്തായ സത്യയുമായി ചേർന്ന്, മധുരയിൽ നിന്നുള്ള വാടക കൊലയാളികളെ കൃത്യം നിർവഹിക്കാൻ ഏർപ്പാടാക്കി.

ഭൂമിയിടപാട് സംബന്ധിച്ച് സംസാരിക്കാനെന്ന വ്യാജേന ശക്തിവേലിനെ കൃഷിയിടത്തിലേക്കു വിളിച്ചുവരുത്തിയ ബാലഗുരു വാടക കൊലയാളികളുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു. ശക്തിവേലിന്റെ മൃതദേഹവും ഇയാൾ വന്ന വാഹനവും ഇവർ സമീപത്തെ കനാലിൽ തള്ളി. മകൾ ദേവികയും മകൻ ദുരൈമുരുകനും ഇതിനു കൂട്ടുനിന്നതായി അന്വേഷണത്തിൽ തെളിഞ്ഞെന്നും പോലീസ് പറഞ്ഞു.

കനാലിൽ നിന്ന് മൃതദേഹം കണ്ടെത്തിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ബാലഗുരുവും മക്കളും അറസ്റ്റിലായത്. ഇയാളിൽ നിന്ന് പണം വാങ്ങാനെത്തിയപ്പോഴാണ് വാടകക്കൊലയാളികൾ പോലീസ് പിടിയിലായത്.

Post a Comment

Previous Post Next Post