Top News

അടിവസ്ത്രത്തിലും ശരീരത്തിനുള്ളിലും ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ കരിപ്പൂരിൽ പിടിയിൽ


കരിപ്പൂർ: ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലുമായി ഒളിപ്പിച്ച് ദമ്പതിമാർ കടത്താൻ ശ്രമിച്ചത് രണ്ടേ കാൽ കിലോയോളം സ്വർണ മിശ്രിതം . കഴിഞ്ഞ ദിവസം രാത്രി ജിദ്ദയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് IX 398 വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ യുവ ദമ്പതികളാണ് എയർ കസ്റ്റംസിൻ്റെ പിടിയിലായത്.[www.malabarflash.com]


ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 1.25 കോടി രൂപ വില മതിക്കുന്ന 2276 ഗ്രാം സ്വർണമിശ്രിതമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ ദമ്പതികളായ അമീർമോൻ പുത്തൻ പീടികയിൽ (35) നിന്നും സഫ്ന പറമ്പനിൽ (21) നിന്നുമാണ് സ്വർണ്ണമിശ്രിതം പിടികൂടിയത്. അമീർമോൻ തൻ്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നാലു ക്യാപ്സൂളുകളിൽ നിന്നും 1172 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതവും സഫ്ന തന്റെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച പാക്കറ്റിൽ നിന്നും 1104 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതവുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.

പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും 24 കാരറ്റ് പരിശുദ്ധിയുള്ള 2055 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. കേസിൽ കസ്റ്റംസ് ദമ്പതികളുടെ അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിച്ചു വരികയാണ്.

കള്ളക്കടത്തുസംഘം രണ്ടുപേർക്കും 50000 രൂപ വീതമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. ഈ ദമ്പതികൾ തങ്ങളുടെ കുട്ടിയോടൊത്ത് ജിദ്ദയിൽ നിന്നും തിരിച്ചു വരുമ്പോഴാണ് കള്ളക്കടത്തിന് ശ്രമിച്ചത്. കുടുംബസമേതം എത്തുന്ന യാത്രക്കാർക്ക് നൽകുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്തു സ്വർണം കടത്താനാണ് ദമ്പതികൾ ശ്രമിച്ചത്.

സഫ്നയെ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ സ്വർണ്ണമിശ്രിതം അടങ്ങിയ പാക്കറ്റ് ലഭിച്ചതിനാൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് അമീർമോനും താനും സ്വർണം ഒളിപ്പിച്ചു കൊണ്ടുവന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥരോട് സമ്മതിച്ചത്.

Post a Comment

Previous Post Next Post