Top News

'ഡോർ അടഞ്ഞില്ല'; 10 മണിക്കൂറിലേറെ യാത്രക്കാരെ ദുരിതത്തിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്

ദമാം: 10 മണിക്കൂറിലേറെ വൈകി യാത്രക്കാര്‍ക്ക് ദുരിതം വിതച്ച ദമാം-തിരുവനന്തപുരം എയർ ഇന്ത്യ എക്‌സ്പ്രസ് ഐഎക്സ് 582 വിമാനം ഒടുവിൽ യാത്രയായി. ബുധനാഴ്ച  സൗദി സമയം ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞാണ് വിമാനം പുറപ്പെട്ടത്. ദമാം രാജ്യാന്തര വിമാനത്താവളത്തിലെ റൺവേയിൽ നിർത്തിയിട്ട വിമാനത്തിനകത്ത് സ്ത്രീകളും കുട്ടികളും രോഗികളും വയോധികരുമടക്കമുള്ള നൂറിലേറെ പേർ മണിക്കൂറുകളോളമായി കനത്ത ചൂട് സഹിച്ച് കഴിയുകയായിരുന്നു.[www.malabarflash.com]

 
ബുധനാഴ്ച  പുലർച്ചെ 2നായിരുന്നു വിമാനം പറക്കേണ്ടതായിരുന്നത്. വിമാനം രണ്ടു മണിക്കൂർ വൈകി രാവിലെ 4.20ന് പുറപ്പെടുമെന്ന അറിയിപ്പ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഇത് പലർക്കും ലഭിക്കാത്തതിനാൽ വിമാനത്താവളത്തിൽ നാല് മണിക്കൂർ നേരത്തേ എത്തിയവരാണ് കൂടുതൽ പ്രയാസത്തിലായത്. പലരും അടിയന്തര കാര്യങ്ങൾക്കായി കുറഞ്ഞ അവധിയിൽ നാട്ടിലേയ്ക്ക് പുറപ്പെട്ടവരാണ്. വിമാനം വീണ്ടും രണ്ടര മണിക്കൂറോളം വൈകുമെന്ന അറിയിപ്പാണ് പിന്നീട് യാത്രക്കാർക്ക് ലഭിക്കുന്നത്.

നാലര മണിക്കൂറിലേറെ കാത്തിരിക്കേണ്ടിവന്ന യാത്രക്കാർ പരാതിയും ബഹളവും തുടങ്ങിയതോടെ രാവിലെ എട്ടോടെ വിമാനത്തിനുള്ളിലേയ്ക്ക് കയറ്റി. വീണ്ടും രണ്ടു മണിക്കൂറിലേറെ വിമാനത്തിലിരുന്നിട്ടും പുറപ്പെട്ടില്ലായിരുന്നു. യാത്ര വൈകുന്നതിന്റെ കാരണങ്ങളോ സാങ്കേതികത്വമോ വിശദീകരിക്കാനും അധികൃതർ തയ്യാറായില്ലെന്നും യാത്രക്കാർ ആരോപിച്ചു. ഏറേ നേരമായി കാത്തിരുന്ന യാത്രക്കാർ വിമാനത്തിനകത്ത് എയർകണ്ടീഷണർ പ്രവർത്തിപ്പിക്കാത്തതിനാൽ അസഹനീയ ചൂട് സഹിക്കാൻ പറ്റാത്ത സ്ഥിതിയായിരുന്നു.

കുട്ടികൾ ചൂടും വിശപ്പും സഹിക്കാതെ കരഞ്ഞു. ആകെ ചെറിയ ബോട്ടിൽ കുടിവെള്ളം മാത്രമാണ് കൊടും ചൂടിൽ ബുദ്ധിമുട്ടുന്ന തങ്ങൾക്ക് ലഭിച്ചതെന്നും യാത്രക്കാർ പരാതിപ്പെട്ടു. വിമാനത്തിലെ ഡോർ കൃത്യമായി അടഞ്ഞില്ലെന്ന സിഗ്‌നൽ കാണുന്നതായും അതുകൊണ്ട് പൈലറ്റ് വിമാനം പറത്താൻ തയാറാവുന്നില്ലെന്നുമാണ് വൈകലിന്റെ കാരണം പറഞ്ഞത്.

Post a Comment

Previous Post Next Post