Top News

ഓണ്‍ലൈന്‍ സാധനങ്ങളുടെ വിതരണത്തിന്റെ മറവില്‍ ലഹരിവില്‍പ്പന; മൂന്ന് യുവാക്കള്‍ പിടിയില്‍

പത്തനംതിട്ട: ഓണ്‍ലൈന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ മറവില്‍ ലഹരിവസ്തുക്കള്‍ വില്‍ക്കുന്ന സംഘത്തിലെ മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. കോഴഞ്ചേരി തെക്കേമല തുണ്ടാഴം ജയേഷ് ഭവനില്‍ ജയേഷ് (23), പാലക്കാട് കൈരാടി വടക്കന്‍ ചിറ ഇടശ്ശേരി വീട്ടില്‍ ജിജു സജു (26), കോഴഞ്ചേരി മേലുകര നവീന്‍ ജോണ്‍ മാത്യു (24) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 1.65 ഗ്രാം എം ഡി എം എയും നാല് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.[www.malabarflash.com]


ജിജുവും നവീനും ഒരു ഓണ്‍ലൈന്‍ കമ്പനിയിലെ ജീവനക്കാരാണ്. മൂന്ന് പേരും ചേര്‍ന്നാണ് ലഹരിവില്‍പ്പന നടത്തിവന്നത്. കൂടുതല്‍ ആളുകള്‍ ഇവരുടെ സംഘത്തിലുള്ളതായി ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. 12 പാക്കറ്റുകളായിട്ടാണ് എം ഡി എം എ സൂക്ഷിച്ചിരുന്നത്. പാക്കറ്റ് ഒന്നിന് 3,000 രൂപ നിരക്കിലാണ് പ്രതികള്‍ വില്‍പന നടത്തി വന്നത്. 36,000 രൂപയോളം വില വരും ഇതിന്.

ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡും ആറന്മുള പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാരംവേലി സ്‌കൂളിന് സമീപത്തുനിന്നും യുവാക്കള്‍ കുടുങ്ങിയത്. നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി. കെ എ വിദ്യാധരന്റെ മേല്‍നോട്ടത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡും ആറന്മുള പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് അറസ്റ്റ്.

ആറന്മുള പോലീസ് ഇന്‍സ്പെക്ടര്‍ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തില്‍ എസ് ഐ അലോഷ്യസ് അലക്‌സാണ്ടര്‍, എ എസ് ഐ അജി, സി പി ഒമാരായ ഉമേഷ് ടി നായര്‍, തിലകന്‍, രാജഗോപാല്‍, സുനില്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post