Top News

പിതാവിന്റെ നീറുന്ന ഓർമകളുമായി ശ്രീലക്ഷ്മി; കല്ലമ്പലത്ത് കൊല്ലപ്പെട്ട രാജുവിന്റെ മകൾ വിവാഹിതയായി

തിരുവനന്തപുരം: വിവാഹത്തലേന്ന് വീട്ടിലെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ‍ കൊല്ലപ്പെട്ട വടശ്ശേരിക്കോണം വലിയവിളാകം ‘ശ്രീ ലക്ഷ്മിയിൽ’ ജി.രാജുവിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയായി.[www.malabarflash.com] 

കേരളത്തെ നടുക്കിയ സംഭവം കഴിഞ്ഞ് 15 ദിവസത്തിനു ശേഷമാണ് ശ്രീലക്ഷ്മി വിവാഹിതയായത്. വിനുവാണു വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

കൈപിടിച്ചു നൽകാൻ പിതാവ് ഇല്ലാത്തിന്റെ വേദന ശ്രീലക്ഷ്മിയുടെയും കുടുംബത്തിന്റെയും മുഖത്ത് നിഴലിച്ചിരുന്നു. എങ്കിലും രാജുവിന്റെ ആഗ്രഹം പൂർത്തിയായ സംതൃപ്തിയിലാണു ശ്രീലക്ഷ്മിയുടെ കുടുംബം. വർക്കലയിലെ ശാരദാമഠത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അച്ഛന്റെ ചിത്രത്തിനു മുന്നിൽ കൈകൂപ്പി പ്രാർഥിച്ച്, കുഴിമാടത്തിലെത്തി അനുഗ്രഹം തേടിയാണ് ശ്രീലക്ഷ്മി വിവാഹപന്തലിലേക്ക് എത്തിയത്.

ശ്രീലക്ഷ്മിയുടെ വിവാഹത്തിനു മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയായിരുന്നു കഴിഞ്ഞ മാസം 27ന് അർധരാത്രിയോടെ നാടിനെ കണ്ണീരിലാഴ്ത്തിയ കൊലപാതകം. സൽക്കാരപന്തലിൽ വച്ച് രാജുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ വലിയവിളാകം ജെ.ജെ.പാലസിൽ ജിഷ്ണു (ചിക്കു–26), സഹോദരൻ ജിജിൻ (അപ്പു–25), മനു ഭവനിൽ മനു (26), കെ.എസ്.നന്ദനത്തിൽ ശ്യാംകുമാർ (26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീലക്ഷ്മിയെ വിവാഹം കഴിക്കണമെന്ന ജിഷ്ണുവിന്റെ ആവശ്യം ശ്രീലക്ഷ്മിയുടെ വീട്ടുകാർ നിരസിച്ചതും മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിലുമുള്ള വിരോധമാണു കൊലപാതകത്തിൽ കലാശിച്ചത്.

Post a Comment

Previous Post Next Post