Top News

'അക്രമികൾക്ക് വിട്ടുകൊടുത്തത് പോലീസ്'; വെളിപ്പെടുത്തി മണിപ്പുരിൽ അക്രമം നേരിട്ട യുവതി

ഇംഫാൽ: രാജ്യം തലകുനിച്ച മണിപ്പുര്‍ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ പോലീസാണ് തങ്ങളെ ജനക്കൂട്ടത്തിനു വിട്ടു കൊടുത്തതെന്ന് വെളിപ്പെടുത്തി ലൈംഗികാതിക്രമം നേരിട്ട യുവതികളിലൊരാള്‍. അതിക്രമത്തിനിരയാകുംമുമ്പ് തങ്ങള്‍ പോലീസിനൊപ്പമായിരുന്നെന്നും പോലീസുകാരാണ് അക്രമി സംഘത്തോടൊപ്പം തങ്ങളെ റോഡിലുപേക്ഷിച്ചതെന്നും യുവതി പറഞ്ഞു.[www.malabarflash.com]


ഇതരസമുദായക്കാരായ അക്രമികള്‍ ഗ്രാമം ആക്രമിക്കുമ്പോള്‍ പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നു. വീട്ടില്‍ നിന്ന് തങ്ങളെ കൂട്ടിക്കൊണ്ടുപോയ പോലീസ് ഗ്രാമത്തില്‍ നിന്ന് അകലെയുള്ള സ്ഥലത്ത് തങ്ങളെ അക്രമികള്‍ക്ക് വിട്ടുനല്‍കുകയായിരുന്നെന്നും യുവതി പറയുന്നു. സഹോദരനും പിതാവും തനിക്കൊപ്പമുണ്ടായിരുന്നുവെന്നും അവരെ അക്രമികള്‍ കൊലപ്പെടുത്തിയതായും യുവതി വ്യക്തമാക്കി.

സംഭവത്തിലെ മുഖ്യപ്രതിയെ അറസ്റ്റുചെയ്തെന്നും മറ്റുള്ളവരെ ഉടന്‍ പിടികൂടുമെന്നും മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബിരന്‍ സിങ് വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

മണിപ്പുരില്‍ രണ്ടുസ്ത്രീകളെ എതിര്‍ സമുദായക്കാരായ അക്രമികള്‍ ചേര്‍ന്ന് നഗ്‌നരാക്കി റോഡിലൂടെ പ്രകടനമായി നടത്തിക്കുന്ന വീഡിയോയാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. കലാപം പൊട്ടിപ്പുറപ്പെട്ടതിനുപിന്നാലെ മേയ് നാലിന് ചിത്രീകരിച്ച വീഡിയോ ആണിത്. സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി വീഡിയോ പ്രചരിച്ചതോടെ സംസ്ഥാനം വീണ്ടും കലാപഭൂമിയായി.

സ്ത്രീകള്‍ പാടത്തുവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായെന്നും അതിനുശേഷമാണ് നഗ്‌നരാക്കി നടത്തിച്ചതെന്നും കുക്കി ഗോത്രസംഘടനയായ ഐ.ടി.എല്‍.എഫ്. ആരോപിച്ചു. ആക്രമിച്ചത് മെയ്ത്തികളാണെന്നും കുക്കി-സോ വിഭാഗക്കാരാണ് ഇരകളായ സ്ത്രീകളെന്നും അവര്‍ പറഞ്ഞു.

Post a Comment

Previous Post Next Post