Top News

'മട്ടന്‍കറി തികഞ്ഞില്ലെന്ന് വരന്റെ വീട്ടുകാര്‍'; വിവാഹം വേണ്ടെന്ന് വെച്ച് വധു

മട്ടന്‍കറിയെച്ചൊല്ലി വരന്റെ ബന്ധുക്കളും പെൺവീട്ടുകാരും തമ്മില്‍ തര്‍ക്കം. ഒടുവില്‍ വിവാഹം വേണ്ടെന്ന് വെച്ച് വധു. സാമ്പല്‍പ്പൂരിലാണ് സംഭവം.സാമ്പല്‍പ്പൂര്‍ ജില്ലയിലെ ധാമയിലാണ് വധുവായ സാംഖ്യ സുചാരിത ബെഹ്‌റയുടെ വീട്. ബാങ്കുദ്യോഗസ്ഥനായിരുന്നു വരന്‍. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവരുടെയും വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്.[www.malabarflash.com]


വിവാഹവേദിയിലേക്ക് വരനെത്തുന്ന ബരാത്ചടങ്ങിന് ശേഷമായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. സാമ്പല്‍പ്പൂരിലെ അയിന്താപള്ളിയിലായിരുന്നു വിവാഹ വേദിയൊരുക്കിയിരുന്നത്. ഞായറാഴ്ച രാത്രിയോടെ വരന്റെ സംഘം ഇവിടെ എത്തി. തുടര്‍ന്ന് വരന്റെ ബന്ധുക്കൾക്ക് നല്‍കിയ ഭക്ഷണത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് വിവാഹം നിര്‍ത്തിവെയ്ക്കുന്നതിലേക്ക് നയിച്ചത്.

വിവാഹവേദിയിലെത്തിയ വരന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഭക്ഷണം നല്‍കിയിരുന്നു. എന്നാൽ അവസാനമായപ്പോഴേക്കും മട്ടന്‍കറി തീര്‍ന്നു. വരന്റെ ബന്ധുക്കളിൽ ഏഴോ എട്ടോ പേര്‍ക്ക് മട്ടന്‍ കറി വിളമ്പിയില്ല. ഇതാണ് തര്‍ക്കത്തിന് കാരണമായത്.

അര്‍ദ്ധരാത്രിയായത് കൊണ്ട് തന്നെ വധുവിന്റെ വീട്ടുകാര്‍ വരന്റെ വീട്ടുകാരെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ മട്ടന്‍കറി വേണമെന്ന് അവർ വാശിപിടിക്കുകയായിരുന്നു. വരനൊപ്പം എത്തിയവരിൽ പലരും മദ്യപിച്ചിരുന്നു. തര്‍ക്കം മുറുകിയതോടെയാണ് വിവാഹം വേണ്ടെന്ന് വെച്ച് വധു വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി.

“മട്ടന്‍കറി തികഞ്ഞില്ലെന്ന് പറഞ്ഞ് അവര്‍ എന്റെ അച്ഛനോട് കയര്‍ത്ത് സംസാരിക്കാന്‍ തുടങ്ങി. അവരെ സമാധാനിപ്പിക്കാന്‍ എന്റെ വീട്ടുകാര്‍ പരമാവധി ശ്രമിച്ചു. മട്ടന്‍ കറിയ്ക്ക് പകരം ചിക്കന്‍ വിളമ്പാമെന്നും പറഞ്ഞു. എന്നാല്‍ അതൊന്നും അവര്‍ ചെവിക്കൊണ്ടില്ല. മോശമായ രീതിയില്‍ എന്റെ ബന്ധുക്കളോട് പെരുമാറുകയായിരുന്നു. ബഹളമുണ്ടാക്കരുതെന്ന് എന്റെ അച്ഛന്‍ അവരുടെ കാല് പിടിച്ച് പറഞ്ഞു. എന്നാല്‍ അതൊന്നും അവര്‍ കേട്ടില്ല. അതെനിയ്ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. ഉടന്‍ തന്നെ വിവാഹം നടക്കില്ലെന്നും വന്നവരോട് പോയ്‌ക്കോള്ളാനും ഞാന്‍ പറഞ്ഞു,” വധു വ്യക്തമാക്കി

എന്നാല്‍ വധുവിന്റെ വീട്ടുകാരുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് വരന്റെ വീട്ടുകാരും രംഗത്തെത്തിയിരുന്നു.

“200 പേര്‍ക്കുള്ള ഭക്ഷണം കരുതിയിട്ടുണ്ടെന്നാണ് അവര്‍ ആദ്യം ഞങ്ങളോട് പറഞ്ഞത്. ഞങ്ങളുടെ ഘോഷയാത്രയില്‍ 150 പേര്‍ മാത്രമാണ് പങ്കെടുത്തത്. പലരും ഭക്ഷണം കഴിച്ചിരുന്നില്ല. ഇക്കാര്യം എന്റെ അച്ഛന്‍ വധുവിന്റെ ബന്ധുവിനോട് പറഞ്ഞു. എന്നാല്‍ അദ്ദേഹം മോശമായ രീതിയിലാണ് ഞങ്ങളോട് പെരുമാറിയത്. മട്ടന്‍ കറിയെച്ചൊല്ലിയുള്ള തര്‍ക്കമല്ല വിവാഹം നിര്‍ത്തിവെയ്ക്കാന്‍ കാരണമെന്ന്,” വരന്‍ പറഞ്ഞു.

“അര്‍ദ്ധരാത്രി 12 മണിമുതല്‍ 4 മണി വരെ ബന്ധുക്കള്‍ തമ്മില്‍ ചര്‍ച്ച നടന്നു. വിവാഹം നിര്‍ത്തിവെയ്ക്കരുതെന്ന് നിരവധി തവണ വധുവിന്റെ വീട്ടുകാരോട് പറഞ്ഞു. എന്നാല്‍ അവര്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ല,” എന്ന് വരന്റെ പിതാവ് പറഞ്ഞു.

Post a Comment

Previous Post Next Post