Top News

ലോകത്തെ ഏറ്റവും വിലകൂടിയ കസേര, വില 200 കോടി രൂപ!

ആദിമ സമൂഹങ്ങളിൽ പോലും മനുഷ്യർ ഇരിപ്പിടങ്ങൾ നിർമിക്കാൻ ശ്രദ്ധിച്ചിരുന്നു. ഇരിപ്പിടങ്ങളിൽ ഏറ്റവും പ്രശസ്തം കസേരകൾ തന്നെ. പ്രാചീന ഈജിപ്തിൽ നിന്നു പോലും വളരെപ്പഴയ കസേരകൾ കണ്ടെത്തിയിട്ടുണ്ട്. ആധുനിക ചരിത്രത്തിൽ ഏറ്റവും വിലപിടുപ്പുള്ള കസേരയുടെ വിലയെത്രയെന്നറിയുമോ. 2009ൽ ഈ കസേര വിറ്റപ്പോൾ 2.19 കോടി യൂറോയാണ് വിലയായി ലഭിച്ചത്. ഏകദേശം 200 കോടി രൂപ മൂല്യം.[www.malabarflash.com] 

ഡ്രാഗൺ ചെയർ എന്നാണ് ഈ കസേരയുടെ പേര്. 1917-1919 കാലയളവിൽ പ്രശസ്ത ഐറിഷ് ആർക്കിടെക്റ്റും ഫർണീച്ചർ ഡിസൈനറുമായിരുന്ന എയ്‌ലീൻ ഗ്രേയാണ് ഈ കസേര നിർമിച്ചത്. 

വാസ്തുവിദ്യയിൽ പുരോഗമന സങ്കൽപങ്ങൾ കൊണ്ടുവന്നതിൽ ശ്രദ്ധേയ പങ്കുവഹിച്ചിട്ടുള്ള ആർക്കിടെക്റ്റാണ് എയ്‌ലീൻ ഗ്രേ. ഫ്രാൻസിലെ റോസ്‌ക്യുബ്രൂൺ ക്യാപ് മാർട്ടിനിൽ ഇവർ രൂപകൽപന ചെയ്തു നിർമിച്ച ഇ-1027 എന്ന വീട് വളരെ പ്രശസ്തമാണ്. എയ്‌ലീൻ നിർമിച്ചതിനാലാണ് ഈ കസേരയ്ക്കിത്ര വില വന്നതും. തടിയും കുഷ്യനും കൊണ്ടുണ്ടാക്കിയ കസേരയാണ് ഡ്രാഗൺ ചെയർ. ഇതിലെ തടിയിൽ 2 ചൈനീസ് ഡ്രാഗൺ രൂപങ്ങൾ കൊത്തിയിട്ടുമുണ്ട്. മേഘങ്ങളുടെ ചിത്രങ്ങളുമുണ്ട്. ചൈനീസ് കലാരീതികൾ അനുകരിച്ചുള്ളതാണ് ഈ കൊത്തുവിദ്യ. ഈ കസേരയിലെ ഓരോ ഭാഗവും സ്വന്തം ഭാവനയ്ക്കനുസരിച്ച് വളരെ സമയമെടുത്താണ് എയ്‌ലീൻ  നിർമിച്ചത്.

സൂസന്നെ ടാൽബോട്ട് എന്ന വനിതയായിരുന്നു ഈ കസേരയുടെ ആദ്യ ഉടമ. 1971ൽ ചെസ്‌ക വല്ലോയിസ് എന്ന പാരിസുകാരൻ പുരാവസ്തുവ്യവസായി ഇത് 2700 ഡോളറിനു വാങ്ങി. 1973ൽ വലോയിസ് ഇതു വിറ്റു. 2009ൽ നടന്ന ലേലത്തിലാണ് ഡ്രാഗൺ ചെയർ 200 കോടി രൂപയോളം മൂല്യം വരുന്ന തുകയ്ക്കു വിറ്റുപോയത്. 1971ൽ ഇതു വാങ്ങിയ ചെസ്‌ക വ്‌ല്ലോയിസാണ് ഇതു വീണ്ടും വാങ്ങിയതെന്ന കൗതുകവുമുണ്ട്.

Post a Comment

Previous Post Next Post