NEWS UPDATE

6/recent/ticker-posts

നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം: കൊളത്തുങ്കാൽ തെയ്യംകെട്ടിന് തുടക്കമായി

പാലക്കുന്ന്: ഒരു നൂറ്റാണ്ടിലേറെയായ കാത്തിരിപ്പിന് സാക്ഷാൽക്കാര പുണ്യമെന്നോണം തൃക്കണ്ണാട് കൊളത്തുങ്കാൽ വയനാട്ടുകുലവൻ തറവാട്ടിൽ തെയ്യംകെട്ടിന് കലവറ നിറയ്‌ക്കലോടെ തുടക്കമായി. നൂറ്റാണ്ടുകളുടെ പഴക്കമുള്ള തറവാട്ടിൽ ആദ്യമായാണ്‌ തെയ്യംകെട്ട് ഉത്സവം നടക്കുന്നത്.[www.malabarflash.com]

2019ൽ ൽ ആഘോഷകമ്മിറ്റി രൂപീകരിച്ച് 20 ൽ നടക്കേണ്ടിയിരുന്ന തെയ്യംകെട്ട്, കോവിഡിന്റെ കുരുക്കിൽ പെട്ട് മാറ്റിവെക്കേണ്ടി വന്ന തറവാടുകളിൽ ഒന്നാണിത്. രണ്ടു വർഷത്തിന് ശേഷം അതേ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇവിടെ തെയ്യംകെട്ട് നടക്കുന്നത്.

രാവിലെ കന്നിക്കലവറയ്ക്ക് ശേഷം തറവാട് സ്ഥിതി ചെയ്യുന്ന ചിറമ്മൽ പ്രാദേശത്തു നിന്നാണ് സദ്യയൊരുക്കാനുള്ള വിവിധ വിഭവങ്ങളുമായി കലവറ ഘോഷയാത്ര തറവാട്ടിൽ ആദ്യമെത്തിയത്. തുടർന്ന് കരിപ്പോടി, തെക്കേക്കര, പടിഞ്ഞാർക്കര, ബേവൂരി, ഒന്നാം കിഴക്കേക്കര, അരവത്ത് പ്രാദേശിക സമിതികളിൽ നിന്നും വിവിധ വയനാട്ടുകുലവൻ തറവാടുകളിൽ നിന്നും മറ്റും കലവറ നിറയ്‌ക്കാൻ വിഭവങ്ങൾ എത്തി. 

വൈകുന്നേരം കുട്ടികളുടെ കൈകൊട്ടിക്കളിയും തിരുവാതിരക്കളിയും ഉണ്ടായിരുന്നു. സന്ധ്യാദീപത്തിന് ശേഷം കൈവീത് നടന്നു. തുടർന്ന് പള്ളിയറയിൽ നിന്ന് തിരിവെളിച്ചവുമായി തെയ്യംകെട്ടിനായി പണിത മറക്കളത്തിലെ മധ്യ ഭാഗത്തു കെട്ടിയ മറയിൽ ദീപം തെളിയിച്ച് പീഠവും ആയുധവും വെച്ചു. ഉത്സവം തീരും വരെ ഇതായിരിക്കും ദേവസ്ഥാനം. തോറ്റംപാട്ടിന് ശേഷം ആചാരസ്ഥാനികർ തെയ്യക്കാരുടെ പേരുകൾ പ്രഖ്യാപിച്ചു. ജയൻ കുറ്റിക്കോലും (കണ്ടനാർ കേളൻ) കുമാരൻ താനൂർ (കുലവൻ) എന്നിവരാണ് പ്രധാന കോലധാരികൾ.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തറവാട്ടിലെത്തുന്ന ആയിരങ്ങളെ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്നും ഭക്തജനങ്ങൾ വോളന്റിയർന്മാരോട് സഹകരിക്കണമെന്നും ആഘോഷ കമ്മിറ്റി ഭാരവാഹികളായ ചെയർമാൻ സി. എച്ച്. നാരായണൻ, വർക്കിംഗ്‌ ചെയർമാൻ പി. പി. ചന്ദ്രശേഖരൻ, ജനറൽ കൺവീനർ ദാമോദരൻ കൊപ്പൽ, ട്രഷറർ സുധാകരൻ കുതിർ, തറവാട് പ്രസിഡന്റ് പി. കുഞ്ഞിക്കണ്ണൻ എന്നിവർ അറിയിച്ചു.

എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും.

Post a Comment

0 Comments