NEWS UPDATE

6/recent/ticker-posts

ചോദിക്കാനും പറയാനും ആളില്ലേ?; തിരക്കേറിയ പാലക്കുന്ന് കവലയിൽ മത്സ്യവില്പന തകൃതിയിൽ, അപകട സാധ്യത ഏറെ

പാലക്കുന്ന്: പാലക്കുന്നിലെ തിരക്കേറിയ കവലയിൽ പരസ്യ മത്സ്യ വിൽപ്പന വാഹനങ്ങളെയും കാൽ നടയാത്രക്കാരെയും വ്യാപാരികളെയും പൊറുതിമുട്ടിക്കുന്നു.[www.malabarflash.com]


സംസ്ഥാന പാതയിൽ കാഞ്ഞങ്ങാട്, കാസർകോട്, പടിഞ്ഞാർ കൊപ്പൽ, തിരുവക്കോളി, മുദിയക്കാൽ, ആറാട്ടുകടവ് തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഗതി തിരിക്കന്ന ഈ സർക്കിളിൽ പൊതുവെ യാത്രകുരുക്കു ഒഴിഞ്ഞ നേരമില്ല. റെയിൽവേ സ്റ്റേഷൻ റോഡുമായി ബന്ധിപ്പിക്കുന്ന സർക്കിളാണിത്. റെയിൽവേ ഗേറ്റ് അടഞ്ഞു കിടന്നാൽ വാഹനങ്ങളുടെ നീണ്ട നിര ഈ സർക്കിൾ വരെ നീളും.
അവിടെയാണ്‌ പാതയോരത്ത് യാതൊരു ഉളുപ്പുമില്ലാതെ വർഷത്തിലേറെയായി മത്സ്യവില്പന നടക്കുന്നത്. തൊട്ടപ്പുറത്തു ക്ഷേത്രമുണ്ടെന്ന പരിഗണനപോലുമില്ലാതെയാണ്‌ പകലും, രാത്രി ഏറെ വൈകിയും ഇത് തുടരുന്നത്. വാഹനങ്ങളിൽ നിന്ന് ഇറങ്ങാതെ കൈനീട്ടി മത്സ്യം വാങ്ങുന്നവരെയും ഇവിടെ കാണാം.


ദുർഗന്ധം മൂലം വഴിയാത്രക്കാരും സമീപത്തെ വ്യാപാരികളും പൊറുതിമുട്ടി. ആദ്യം ഒന്നോ രണ്ടോ പേരായിരുന്നു വില്പനയ്ക്ക് എത്തിയിരുന്നത്. അതിപ്പോൾ ഏറെ വർധിച്ചു. മീൻ വെള്ളം നാട് നാറ്റിക്കുന്നത് കണ്ടില്ലെന്ന് നടിക്കാൻ ആർക്കും സാധ്യമല്ല. പഞ്ചായത്തിൽ നിരവധി തവണ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നാണ് വ്യാപാരികളുടെ പരാതി.


മാസങ്ങൾക്ക് മുൻപ് 'ഇവിടെ മത്സ്യവില്പന നിരോധിച്ചിരിക്കുന്നു' എന്ന മുന്നറിപ്പ് ബോർഡ് ബേക്കൽ പോലിസ് സ്ഥാപിച്ചിരുന്നുവെങ്കിലും ആ ബോർഡിന് കീഴെയായിരുന്നു പിന്നീട് കച്ചവടം. ആ ബോർഡ് പോലും അവർ ഇപ്പോൾ മാറ്റി വെച്ചിരിക്കുകയാണ്‌. തിരക്കേറിയ ഈ കവലയിലെ മത്സ്യവിൽപ്പന ഉടനെ ഇവിടെ നിന്ന് മാറ്റി, പഞ്ചായത്ത്‌ വക മാർക്കറ്റിലേക്ക് സ്ഥിരപ്പെടുത്തണമെന്നും വൈകാതെ ഇവിടെ അപകടം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അത് വരെ അതിനായി കാത്തിരിക്കരുതെന്നും കോട്ടിക്കുളം -പാലക്കുന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി പാലക്കുന്ന് യൂണിറ്റ്, പാലക്കുന്ന് ബ്രദർസ് ക്ലബ്ബ്‌, കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബ്, പാലക്കുന്ന് ലയൺസ് ക്ലബ്ബ്‌, വൈസ്മെൻ ക്ലബ്‌ ഓഫ് ബേക്കൽ ഫോർട്ട്‌, പാലക്കുന്ന് വെറ്റ്റൻസ് എന്നീ സംഘടനകൾ ആവശ്യപ്പെട്ടു.

Post a Comment

0 Comments