കന്യാകുമാരി: നാകർകോവിൽ കോട്ടാറിൽ ഗൃഹനാഥനെ ഡമ്മി തോക്ക് കാട്ടി ഭീഷണിപ്പെടുത്തി വീട്ടിൽ നിന്ന് 20 പവന്റെ സ്വർണം കവർന്ന മൂന്നു പേർ അറസ്റ്റിൽ. അമർ (47), റഹീം (33), കെളരി (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടാർ,വേദനഗർ, മേല പുതുതെരുവ് സ്വദേശി മുഹമ്മദ് ഉമർ സാഹിബിന്റെ (55) വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ദിവസം രാത്രി 9 മണിക്കയായിരുന്നു സംഭവം.[www.malabarflash.com]
ഉമർ വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയമായിരുന്നു മോഷണം നടന്നത്. ഭാര്യ ജാസ്മിനും മകൾ നബീമയും ചേർന്ന് നാഗർകോവിലുള്ള സ്വകാര്യ ആശുപത്രിയിൽ മരുന്ന് വാങ്ങാൻ പോയിരിക്കുകയായിരുന്നു. വൈറ്റ് കളർ ഹുണ്ടായി കാറിൽ പർദ്ദയണിഞ്ഞെത്തിയ ഏഴു പേർ അതിക്രമിച്ച് വീടിനകത്ത് കയറിയാണ് മോഷണം നടത്തിയത്.
ഉമർ സാഹിബിനെ ഡമ്മി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി കസേരയിൽ കെട്ടിയിട്ട് വായിൽ കറുത്ത ബാൻഡേജ് ഉപയോഗിച്ച് ഒട്ടിച്ച ശേഷം അരിവാൾ കൊണ്ട് ഉമറിനെ കാലിൽ വെട്ടി പരിക്കേൽപ്പിച്ചു. തുടർന്ന് അലമാരയിലുണ്ടായിരുന്ന 20 പവന്റെ സ്വർണം മോഷ്ടിക്കുകയായിരുന്നു.
ആശുപത്രിയിൽ പോയിട്ട് തിരികെ വന്ന ജാസ്മിൻ മോഷ്ടാക്കളെ കണ്ട് നിലവിളിച്ചതിന്നെ തുടർന്ന് പ്രതികൾ അവിടെ നിന്ന് കാറിൽ കയറി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. കുറച്ചു ദൂരം പോയപ്പോൾ കാർ നിയന്ത്രണം തെറ്റി അടുത്തുള്ള മതിലിൽ ഇടിച്ചു. ശബ്ദം കേട്ട് സമീപവാസികള്‍ വന്നപ്പോഴേക്കും കാർ ഉപേക്ഷിച്ച് പ്രതികൾ ഓടി രക്ഷപ്പെട്ടു.
ഇതിനിടെ ഒരാളെ നാട്ടുകാർ പിടികൂടി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കോട്ടാർ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീട്ടിൽ നിന്ന് ഡമ്മി തോക്കും അരിവാളും പോലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലിനൊടുവിൽ സംഘത്തിലുള്ള രണ്ടുപേരെ കൂടി പ്രത്യേക സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
തോക്ക് ഓൺലൈനിൽ നിന്ന് വാങ്ങിയതാണെന്ന് പ്രതികൾ പറഞ്ഞു. കോട്ടാർ പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
0 Comments