Top News

'2 മിനിറ്റി'നെ ചൊല്ലി തർക്കം; സ്വകാര്യ ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം, ബസുടമയടക്കം 3 പേർ അറസ്റ്റിൽ

ആലപ്പുഴ: സ്വകാര്യ ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ആദവ് എന്ന സ്വകാര്യ ബസിലെ ജീവനക്കാരെയും ബസുടമയേയുമാണ് ആലപ്പുഴ നൂറനാട് പോലീസ് പിടികൂടിയത്.[www.malabarflash.com]


പാലമേൽ എരുമക്കുഴി കാവുമ്പാട് കുറ്റി മുകളിൽ അജിത്ത് (31), പന്തളം മുടിയൂർക്കോണം കുളത്തിങ്കൽ അർജുൻ (24), പന്തളം പൂഴിക്കാട് ആക്കിനാട്ടേത്ത് ആനന്ദ് ശിവൻ (27) എന്നിവരെയാണ് നൂറനാട് സി ഐ, പി ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട - ചാരുംമൂട് റൂട്ടിൽ ഓടുന്ന വൈഷ്ണവ് എന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരനായ പെരിങ്ങനാട് പള്ളിക്കൽ പോത്തടി രാജീവം വീട്ടിൽ രാജീവിനെ (40) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. 

കെ പി റോഡിൽ കരിമുളയ്ക്കൽ പാലൂത്തറ പമ്പിന് മുന്നിൽ വെച്ച് രാവിലെ സർവീസ് കഴിഞ്ഞ് പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന ബസിൽ വിശ്രമിക്കുകയായിരുന്ന രാജീവിനെ ഇവർ ആക്രമിക്കുകയായിരുന്നു. ആദവ് എന്ന സ്വകാര്യ ബസിന്റെ രണ്ട് മിനിറ്റ് സമയം വൈഷ്ണവ് ബസ് എടുത്ത് സർവീസ് നടത്തിയതായി ആരോപിച്ചായിരുന്ന ആക്രമണം.

മൂന്ന് പ്രതികളും ചേർന്ന് ബസിനുള്ളിൽ ചാടിക്കയറി മാരകമായി ഉപദ്രവിക്കുകയും ഇടിക്കട്ട ഉപയോഗിച്ച് തലക്ക് അടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രാജീവന്‍ കെസിഎം ആശുപത്രിയിൽ ചികിത്സയിലാണ്. തുടർന്ന് ഒളിവിൽ പോയ പ്രതികളെ കഴിഞ്ഞദിവസം അടൂരിൽ നിന്നുമാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. ബസും കസ്റ്റഡിയിലെടുത്തു. 

മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ് ഐ നിധീഷ്, എ എസ് ഐ രാജേന്ദ്രൻ, സി പി ഒ മാരായ അനി, കലേഷ്,വിഷ്ണു, ബിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. 

മാവേലിക്കര, ചാരുംമൂട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസുകളിലെ ജീവനക്കാർ തമ്മിൽ സമയത്തെ ചൊല്ലി തർക്കങ്ങള്‍ ഉള്ളതായി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, തരർക്കമുണ്ടാക്കുന്ന ബസുകൾ കസ്റ്റഡിയിൽ എടുത്ത് പെർമിറ്റ് റദ്ദാക്കുന്ന നടപടികൾ സ്വീകരിക്കുമെന്നും നൂറനാട് എസ് എച്ച് ഒ പി ശ്രീജിത്ത് അറിയിച്ചു.

Post a Comment

Previous Post Next Post