Top News

ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സെഷന്‍സ് കോടതി ഉത്തരവ് ഭാഗികമായി റദ്ദാക്കി.[www.malabarflash.com]

കേസിലെ രണ്ടാം പ്രതിയായ വഫ ഫിറോസിനെ കേസില്‍ നിന്ന് ഒഴിവാക്കി.സര്‍ക്കാരിന്റെ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുക എന്നത് ഗുരുതരമായ തെറ്റാണെന്ന് കോടതി വ്യക്തമാക്കി. സാധാരണ വാഹനാപകടം എന്ന നിലയില്‍ സംഭവത്തെ കാണാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

കേസില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഡിസ്ചാര്‍ജ് പെറ്റീഷന്‍ പരിഗണിച്ചാണ് വഫ ഫിറോസിനെ കേസില്‍ നിന്ന് ഒഴിവാക്കിയത്. ഇവര്‍ക്കെതിരെ ചുമത്തിയ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

നേരത്തെ സെഷന്‍സ് കോടതി ശ്രീറാം വെങ്കിട്ടരാമനെതിരെ ചുമത്തിയ നരഹത്യാക്കുറ്റം റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. ശ്രീറാമില്‍ നിന്ന് നരഹത്യാക്കുറ്റം ഒഴിവാക്കിയ സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കുക. നരഹത്യാക്കുറ്റം ചുമത്തി കുറ്റവിചാരണയ്ക്ക് ഉത്തരവിടുക തുടങ്ങിയവയായിരുന്നു സര്‍ക്കാര്‍ അപ്പീലിലെ ആവശ്യങ്ങള്‍.

Post a Comment

Previous Post Next Post