NEWS UPDATE

6/recent/ticker-posts

കോലത്തുനാട്ടിൽ പൂരോത്സവത്തിന് തുടക്കം; കാർത്തിക നാൾ മുതൽ പൂരം വരെ രാപകൽ നീളുന്ന ഉത്സവം

പാലക്കുന്ന്: പൂരമെന്ന് കേട്ടാൽ തെക്കൻ ഭാഗത്തുള്ളവർക്കത് മേളവും വെടികെട്ടും കുടമാറ്റവുമൊക്കെ ചേർന്ന തൃശൂർ പൂരമാണ്. വടക്കൻ കേരളക്കാർക്കിത് മീനത്തിലെ കാർത്തിക തൊട്ട് പൂരം വരെ നീളുന്ന അനുഷ്ഠാന ആചാരമാണ്. വടക്കൻ കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും പൂരോത്സവം പൂക്കളിലും പൂരക്കളിയിലും പൂരക്കഞ്ഞിയിലും മറത്തു കളിയിലും ആഘോഷമാകുന്ന  വസന്തോത്സവമാണ്.[www.malabarflash.com]

ക്ഷേത്രങ്ങളിൽ കാർത്തിക നാൾ തൊട്ട് ഉത്സവം തുടങ്ങുന്നു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ കാർത്തിക നാൾ കുലകൊത്തി മകീര്യം നാൾ ഉത്സവത്തിന് തുടക്കം കുറിക്കും. പതിവായി 9 ദിവസമാണെങ്കിലും ഇത്തവണ അത് 10 ദിവസം നീളും. ഞായറാഴ്ച ഉച്ചയോടെ ഉത്സവത്തിന് കുലകൊത്തി. പണിക്കരെ പടിഞ്ഞാറ്റയിൽ ഇരുത്തി കർമികൾ, അവകാശികൾ അരിയും മഞ്ഞൾ കുറിയും ശിരസ്സിലിട്ട് പ്രാർഥിച്ച് വാഴിച്ചു. പി.വി. കുഞ്ഞിക്കോരനാണ് 50 വർഷത്തിലേറെയായി ഇവിടെ പൂരക്കളി പണിക്കർ.

28ന് രാത്രി 10 നകം ഭണ്ഡാര വീട്ടിൽ നിന്ന് മേലാപ്പും കുടയും കൈവിളക്കുമായി എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തും. പൂജാരി കുടുംബത്തിൽ പെട്ട 10 വയസിൽ കവിയാത്ത പെൺകുട്ടിയാണ്‌ പൂരക്കുഞ്ഞി. 

ആദ്യദിവസം പൂവിടലും പൂരക്കളിയും തുടങ്ങും. ക്ഷേത്രത്തിലും ഭണ്ഡാര വീട്ടിലും പൂരോൽസവ നാളുകളിൽ പൂവിടൽ നടക്കും. ഇത്തവണ നാല് ദിവസം രാത്രിയിലാണ് പൂരക്കളി.

ഏപ്രിൽ 2 മുതൽ 4 വരെ പകലായിരിക്കും കളി. അന്ന് രാത്രിയിലാണ് പൂരംകുളി ഉത്സവം. പൂരംകുളിയോടെ തിടമ്പും തിരുവായുധങ്ങളും അത്തും താളിയും തേച്ച് കുളിപ്പിച്ച് ശുദ്ധിചെയ്ത് പൂരത്തറയിൽ വെക്കും.
പിന്നീട് അവ പീഠത്തിലേക്ക് മാറ്റും . 5ന് ഉത്രവിളക്കോടെ സമാപനം.

Post a Comment

0 Comments