Top News

ട്രെയിനിന്‍റെ വാതിൽപ്പടിയിൽ ഇരുന്ന് ഉറങ്ങിയ യാത്രക്കാരൻ പുറത്തേക്ക് വീണുമരിച്ചു

മലപ്പുറം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് വീണ് ഒരാൾ മരിച്ചു. ട്രെയിനിന്‍റെ വാതിൽപ്പടിയിൽ ഇരുന്ന ഉറങ്ങിയയാളാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. തിരുവനന്തപുരം സ്വദേശി കുഞ്ഞുമോൻ എന്നയാളാണ് മരിച്ചത്.[www.malabarflash.com]

മലപ്പുറം താനൂർ റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്. ഏറനാട് എക്സ്പ്രസിലെ യാത്രക്കാരനായിരുന്നു ഇദ്ദേഹം. വാതിൽപ്പടിയിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു കുഞ്ഞുമോൻ. ട്രെയിൻ ഓടുന്നതിനിടെ ഇയാൾ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.

കുഞ്ഞുമോൻ തെറിച്ചുവീഴുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന യാത്രക്കാർ ബഹളംവെച്ചു. വിവരം ഉടൻ തന്നെ താനൂർ സ്റ്റേഷൻ മാസ്റ്ററെയും, റെയിൽവേ സംരക്ഷണ സേനയെയും അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞുമോനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തലയിൽ ആഴത്തിലുണ്ടായ മുറിവാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. 

സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്തിട്ടുണ്ട്. വാതിൽപ്പടിയിൽ ഇരുന്ന ഉറങ്ങുകയായിരുന്ന കുഞ്ഞുമോൻ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്നാണ് സഹയാത്രികർ പൊലീസിന് നൽകിയ മൊഴി.

Post a Comment

Previous Post Next Post