NEWS UPDATE

6/recent/ticker-posts

മരണാനന്തരം കുട്ടികളുടെ അവയവങ്ങളെടുക്കുന്ന ആശുപത്രികള്‍; 48 വര്‍ഷത്തിനിപ്പുറം മകന്‍റെ അവയവങ്ങള്‍ അമ്മയ്ക്ക്

അവയവ 'മാഫിയ'കളെ കുറിച്ച് പലപ്പോഴും സജീവമായ ചര്‍ച്ചകള്‍ വരാറുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ മനുഷ്യശരീരത്തില്‍ നിന്ന് അവയവങ്ങള്‍ മോഷ്ടിക്കുന്നവര്‍, അവയവങ്ങള്‍ക്കായി മനുഷ്യരെ കൊല്ലുന്നവര്‍ എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്ന ആശുപത്രികളെയും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും കുറിച്ച് പലപ്പോഴും വാര്‍ത്തകള്‍ വരാറുണ്ട്.[www.malabarflash.com]


അവയവദാനമെന്നത് മനുഷ്യത്വത്തിന്‍റെ ഏറ്റവും ഔന്നത്യത്തില്‍ നില്‍ക്കുന്നൊരു പ്രവര്‍ത്തിയായാണ് കണക്കാക്കപ്പെടുന്നത്. ജീവിച്ചിരിക്കെ തന്നെ വ്യക്തികള്‍ക്ക് തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിനായി എഴുതിവയ്ക്കാം. അല്ലെങ്കില്‍ പ്രിയപ്പെട്ടവര്‍ ഈ ലോകത്തോട് വിട പറയുമ്പോള്‍ അവര്‍ക്കുള്ള ഏറ്റവും നല്ല സമ്മാനമായോ, ആദരമായോ അവരുടെ അവയവങ്ങള്‍ മറ്റ് പലരുടെയും ജീവൻ തിരിച്ചെടുക്കുന്നതിനായി നമുക്ക് ദാനം ചെയ്യാൻ അവകാശമുണ്ട്. ഇത് ഭാര്യ- ഭര്‍ത്താവ്, മാതാപിതാക്കള്‍, മക്കള്‍ എന്നിങ്ങനെ അടുത്ത ബന്ധമുള്ളവരാണ് തീരുമാനിക്കേണ്ടത്.

അവയവദാനം ഉറപ്പായും പ്രോത്സാഹിപ്പിക്കേണ്ട പ്രവണത തന്നെയാണ്. മരണാനന്തര അവയവദാനത്തെയാണ് ഏറെയും പ്രോത്സാഹിപ്പിക്കേണ്ടത്.

എന്നാല്‍ അനുവാദമില്ലാതെ മരിച്ച വ്യക്തിയില്‍ നിന്ന് അവയവങ്ങളെടുക്കുന്നത് നിയമവിരുദ്ധവും ധാര്‍മ്മികവിരുദ്ധവും തന്നെയാണ്. ഇത്തരത്തിലൊരു സംഭവമാണിപ്പോള്‍ വെളിച്ചത്ത് വന്നിരിക്കുന്നത്. സ്കോട്‍ലൻഡിലാണ് സംഭവം.

1970 മുതല്‍ 2000 വരെയുള്ള കാലയളവില്‍ വിവിധ ആശുപത്രികളിലായി ഗവേഷണാവശ്യങ്ങള്‍ക്ക് നിയമവിരുദ്ധമായി മൃതദേഹങ്ങളില്‍ നിന്ന് ശേഖരിച്ച് സൂക്ഷിച്ച് വച്ചിരുന്ന അവയവങ്ങളുടെ കണക്ക് ആണിപ്പോള്‍ ഒരു സ്ത്രീ നല്‍കിയ പരാതിയെ തുടര്‍ന്ന് കണ്ടെത്തപ്പെട്ടിരിക്കുന്നത്. ആറായിരത്തോളം മനുഷ്യാവയവങ്ങളും കോശകലകളും ഇത്തരത്തില്‍ ഇക്കാലയളവില്‍ പല ആശുപത്രികളിലായി സൂക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നാണ് കണ്ടെത്തപ്പെട്ടിരിക്കുന്നത്. ഇവയില്‍ അധികവും കുട്ടികളുടേതാണെന്നതും ശ്രദ്ധേയമാണ്.

എഴുപത്തിനാലുകാരിയായ ലിഡിയ റെയ്‍ഡ് എന്ന സ്ത്രീ വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ നിയമപോരാട്ടത്തിനാണ് ഇപ്പോള്‍ ഫലമുണ്ടായിരിക്കുന്നത്. എഡിൻ‍ബര്‍ഗ് സ്വദേശിയായ ലിഡിയ 1975ല്‍ പ്രസവിച്ച ആണ്‍കുഞ്ഞ് രക്തകോശങ്ങളെ ബാധിക്കുന്ന ഗുരുതരമായ രോഗത്തെ തുടര്‍ന്ന് ഒരാഴ്ചയ്ക്കകം മരിച്ചു. ആശുപത്രിയില്‍ വച്ച് തന്നെയായിരുന്നു മരണം.

ഒരാഴ്ച മാത്രം പ്രായമുള്ള കുഞ്ഞായിരുന്നതിനാല്‍ പോസ്റ്റുമോര്‍ട്ടം വേണ്ട എന്നായിരുന്നു ലിഡിയയുടെയും ബന്ധുക്കളുടെയും തീരുമാനം. എന്നാല്‍ ഇത് വക വയ്ക്കാതെ ആശുപത്രി അധികൃതര്‍ പോസ്റ്റുമോര്‍ട്ടം നടത്തിയത്രേ. ശേഷം ആശുപത്രിക്കാര്‍ തന്നെ ചെറിയ പെട്ടിയില്‍ കുഞ്ഞിന്‍റെ മൃതദേഹം വച്ച് സംസ്കാരത്തിന് തയ്യാറാക്കി തന്നു. ഇതനുസരിച്ച് സംസ്കാരവും നടന്നു.

പിന്നീട് ചില സംശയങ്ങള്‍ മനസില്‍ തോന്നിയ ലിഡിയ തന്‍റെ പിന്നീട് മകന്‍റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ നിയമാനുമതി തേടുകയായിരുന്നു. ഇതിന് അനുമതി ലഭിക്കുന്നതിന് തന്നെ വര്‍ഷങ്ങളെടുത്തു. ഒടുവില്‍ 2017ല്‍ അനുമതി ലഭിച്ചപ്പോള്‍ വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു കുഞ്ഞിന്‍റെ ശവപ്പെട്ടി പുറത്തെടുത്തത്. എന്നാല്‍ ഈ പെട്ടിക്കകത്ത് മൃതദേഹമേ വച്ചിരുന്നില്ല എന്നത് ഇതോടെ വ്യക്തമായി.

കാരണം എല്ലുകളടക്കം ഒരു മൃതദേഹം പഴകിയതിന്‍റെ യാതൊരു തെളിവും പെട്ടിക്കകത്തുണ്ടിയാരുന്നില്ല. കുഞ്ഞുങ്ങളെ ധരിപ്പിക്കുന്ന ഉടുപ്പും തൊപ്പിയുമെല്ലാമായിരുന്നു അകത്തുണ്ടായിരുന്നത്.

ഇതോടെ മകന്‍റെ മൃതദേഹം ലഭിക്കണമെന്ന ആവശ്യവുമായി ലിഡിയ നിയമപോരാട്ടം തുടര്‍ന്നു. ഈ നിയമപോരാട്ടത്തിനാണിപ്പോള്‍ തിരശ്ശീല വീണിരിക്കുന്നത്. ഗവേഷണത്തിനായി ഇവരുടെ അനുമതിയില്ലാതെ കുഞ്ഞിന്‍റെ ശരീരത്തില്‍ നിന്ന് അന്ന് ആശുപത്രിക്കാരെടുത്ത അവയവങ്ങള്‍ 48 വര്‍ഷത്തിനിപ്പുറം ആശുപത്രി ലാബില്‍ നിന്ന് തന്നെ വിട്ടുകിട്ടിയിരിക്കുകയാണ്. ഇതിനൊപ്പമാണ് പല ആശുപത്രികളിലുമായി നടന്ന അഴിമതികളും പുറത്തുവന്നിരിക്കുന്നത്.

ക്യാൻസര്‍ രോഗിയായ ലിഡിയ ഇപ്പോള്‍ ചികിത്സയിലാണ്. എങ്കിലും മകന്‍റെ അവയവങ്ങള്‍ ആചാരപ്രകാരം തന്നെ മറവ് ചെയ്യാനുള്ള ഒരുക്കം നടത്തുകയാണിവര്‍. അതേസമയം മകന്‍റെ മൃതദേഹത്തിന്‍റെ മറ്റ് അവശിഷ്ടങ്ങള്‍ എവിടെയാണെന്നതും ഇന്നും ഈ അമ്മയ്ക്ക് അടക്കം ആര്‍ക്കുമറിയില്ല.

'എനിക്കെന്‍റെ മകനെ തിരികെ വേണം എന്നുണ്ടായിരുന്നു. ഇപ്പോള്‍ ഞാൻ മരിക്കും മുമ്പ് എനിക്ക് അവന്‍റെ സംസ്കാരം ചെയ്യേണ്ട വിധത്തില്‍ ചെയ്യാനുള്ള അവസരമായി. അത്രയേ എനിക്കുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ എനിക്ക് എന്താണ് അനുഭവപ്പെടുന്നത് എന്ന് പറയാൻ വാക്കുകളില്ല. ഒരുപാട് സമാധാനം തോന്നുന്നു...'- ലിഡിയയുടെ വാക്കുകള്‍.

Post a Comment

0 Comments