NEWS UPDATE

6/recent/ticker-posts

സ്റ്റേജിന് സമീപം കാര്‍ വന്ന നിമിഷം, എല്ലാം മറന്ന് അവര്‍ തക്ബീറിലലിഞ്ഞു; കാന്തപുരം വീണ്ടും പൊതു വേദിയിൽ

കോഴിക്കോട്: സമയം വൈകീട്ട് 7.40, ജനനിബിഢമായ മര്‍കസ് നഗരി ഒരു നിമിഷം എല്ലാം മറന്ന് തക്ബീറിലലിഞ്ഞു. സുന്നി കൈരളിയുടെ അമരക്കാരന്‍ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ  കാര്‍ മര്‍കസ് സമ്മേളന വേദിക്കരികിലേക്ക് കടന്നു വരുന്ന ആ സുന്ദര മുഹൂര്‍ത്തം അവര്‍ക്ക് അത്രമേല്‍ അനുഭൂതി പകരുന്നതായിരുന്നു. [www.malabarflash.com]

രോഗ ശയ്യയിലായിരുന്ന ഉസ്താദിന് വേണ്ടി അവര്‍ പ്രാര്‍ഥിച്ചത് നീണ്ട അഞ്ച് മാസക്കാലമാണ്. ആ നേതൃത്വത്തിന്റെ തണല്‍ വീണ്ടും ആസ്വദിക്കാന്‍ കഴിഞ്ഞതിന്റെ ആവേശം തന്നെയായിരുന്നു വ്യാഴാഴ്ചത്തെ സമ്മേളനത്തില്‍ പ്രകടമായത്.

സാധാരണ മര്‍കസ് സമ്മേളനങ്ങളിലെ മുഴുവന്‍ സെഷനുകളിലും ഒരു ഗൃഹനാഥനായി സംബന്ധിക്കുന്ന കാന്തപുരം ഉസ്താദ് ഇന്ന് സമാപന സംഗമത്തിലേക്ക് മാത്രമാണ് എത്തിച്ചേര്‍ന്നത്.

ഇത്തവണത്തെ മര്‍കസ് സമ്മേളനത്തിന് ഒട്ടേറെ പ്രത്യേകതകളുണ്ടായിരുന്നു. സാധാരണയില്‍ മാസങ്ങള്‍ നീണ്ട പ്രചാരണങ്ങള്‍ക്കൊടുവിലാണ് സമ്മേളനം വന്നുചേരാറുള്ളത്. എന്നാല്‍, ഇത്തവണ പ്രചാരണത്തിന് ദിവസങ്ങളുടെ മാത്രം ദൈര്‍ഘ്യമേ ഉണ്ടായിരുന്നുള്ളൂ. നേരത്തെ ചെറിയ രീതിയില്‍ നടത്താന്‍ ഉദ്ദേശിച്ച ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനം കാന്തപുരം ഉസ്താദിന്റെ കൂടി നിർദേശപ്രകാരമാണ് വിപുലമാക്കിയത്. വിശ്രമത്തിനൊടുവില്‍ ഉസ്താദ് പങ്കെടുക്കുന്ന സമ്മേളനം എന്ന നിലക്ക് ജനസഞ്ചയം ഒഴുകിയെത്തിയതോടെ ഇവരെ നിയന്ത്രിക്കാൻ സംഘാടകരും മര്‍കസ് ഭാരവാഹികളും ഏറെ വിയര്‍ത്തു.

ചുരുങ്ങിയ ദിവസങ്ങള്‍, ഒരുക്കേണ്ടത് വമ്പന്‍ സംവിധാനങ്ങള്‍. എന്നാല്‍, ഒഴുകിയെത്തിയ മഹാ സഞ്ചയത്തെ ഒരു നിലക്കും നിരാശപ്പെടുത്താതെ ഞൊടിയിട വേഗത്തിലായിരുന്നു മര്‍കസിന്റെ മുറ്റത്ത് വമ്പന്‍ സജ്ജീകരണങ്ങളൊരുക്കിയത്.

Post a Comment

0 Comments