NEWS UPDATE

6/recent/ticker-posts

നോമ്പിന്റെ വഴികളില്‍ ആത്മബലത്തിന്റെ കരുത്തുമായി മന്ത്രി പി പ്രസാദ്

നോമ്പുകാലത്ത് ആത്മബലത്തിന്റെ കരുത്തുമായി സി പി ഐ നേതാവും മന്ത്രിയുമായ പി പ്രസാദ്. കൃത്യമായി ഓര്‍മയില്ലെങ്കിലും കഴിഞ്ഞ ഇരുപത് വര്‍ഷത്തിന് മുകളിലായി പ്രസാദ് നോമ്പ് അനുഷ്ഠിക്കുന്നു. വിദ്യാര്‍ഥി രാഷ്ട്രീയ രംഗത്ത് നേതൃ നിരയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സുഹൃത്തുക്കളുടെ നോമ്പനുഷ്ഠാനത്തിന് പിന്തുണ നല്‍കിയാണ് പ്രസാദും നോമ്പെടുക്കാന്‍ തുടങ്ങിയത്. പിന്നീട് പൊതുരംഗത്ത് തിരക്കായപ്പോഴും വ്രതാനുഷ്ഠാനം തുടര്‍ച്ചയായി കൊണ്ടുപോകാന്‍ മനസ്സ് തയ്യാറെടുക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.[www.malabarflash.com]


നോമ്പ് നോല്‍ക്കുന്ന സുഹൃത്തുക്കളുടെ സാമീപ്യവും വായനയിലൂടെ കിട്ടിയ അറിവും അതിന് പ്രേരണയായി. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പിതാവ് പരമേശ്വരന്‍ പിള്ള നല്‍കിയ പി ടി ഭാസ്‌കരന്‍ പണിക്കരുടെ ഇസ്ലാമും കമ്മ്യൂണിസ്റ്റുകാരും എന്ന പുസ്തകമാണ് പ്രസാദിന് ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ വഴിയൊരുക്കിയത്.

വിശ്വാസി സമൂഹം വളരെയധികം പവിത്രതയോട് കൂടി കാണുന്ന ഒന്നാണ് റമസാന്‍. ആര്‍ത്തികളെ അടക്കി നിര്‍ത്താന്‍ കഴിയുമോ എന്ന വലിയ ചോദ്യം ഈ കാലഘട്ടം നമ്മുടെ മുമ്പാകെ ഉയര്‍ത്തുന്നുണ്ട്. നാം ഇന്ന് നേരിടുന്ന വലിയ പ്രശ്‌നങ്ങളുടെയെല്ലാം കാരണങ്ങളില്‍ ഒന്ന് ആര്‍ത്തി നമ്മുടെയെല്ലാം ഉള്ളിലേക്ക് കുടിയേറുന്നതാണെന്ന് പ്രസാദ് പറഞ്ഞു. ആര്‍ത്തിയെ അകറ്റി നിര്‍ത്തുകയും അടക്കി നിര്‍ത്തുകയും ചെയ്യുകയെന്നുള്ളത് സുപ്രധാനമായ കാര്യമാണ്. മുതലാളിത്ത കോര്‍പ്പറേറ്റ് ആഗോള വത്ക്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ അത് പരമപ്രധാനമായ ഒരു രാഷ്ട്രീയ പ്രശ്‌നം കൂടിയാണ്.

മനുഷ്യന് സ്വീകരിക്കാന്‍ കഴിയുന്നത് മാത്രം സ്വീകരിക്കാനും വേണ്ടാത്തത് മാറ്റി നിര്‍ത്താനും മനസിനെ പ്രാപ്തമാക്കാന്‍ കഴിയുന്ന കാലഘട്ടം കൂടിയാണ് റമസാനെന്നും പ്രസാദ് വ്യക്തമാക്കി. ഇടപഴകി ജീവിക്കുന്ന സമൂഹത്തില്‍ എല്ലാ മതങ്ങളെ കുറിച്ചും പഠിക്കാനും നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളാനും മനുഷ്യന്‍ തയ്യാറാകണം. രാവിലെ 3.30 ന് ഉണര്‍ന്ന് കുളി കഴിഞ്ഞു വരുമ്പോഴേക്കും കാപ്പി തയ്യാറാക്കി മാതാവ് ഗോമതി അമ്മയും ഭാര്യ ലൈനയും ഉണ്ടാകും. പിന്നീട് വായനയുടെയും എഴുത്തിന്റെയും ലോകത്തേക്ക് പോകും. കൂടുതല്‍ എഴുതുവാനും വായിക്കുവാനും നോമ്പുകാലം പ്രേരക ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു. നോമ്പനുഷ്ഠിക്കുന്നതിന് ഭാര്യക്കും അമ്മക്കും പുറമെ മക്കളുടെയും പിന്തുണ മന്ത്രി പ്രസാദിനുണ്ട്.

റാശിദ് പൂമാടം

Post a Comment

0 Comments