NEWS UPDATE

6/recent/ticker-posts

ഉമ്മയില്ലാത്ത നോമ്പുകാലം

ഒരു നോമ്പുകാലം കൂടി വന്നെത്തി.... ജീവിതത്തില്‍ ഇത്രത്തോളം സങ്കടത്തോടെ ഒരു നോമ്പുകാലത്തേയും വരവേറ്റിട്ടില്ല... ഒരു നോമ്പിന്റെ തലേദിവസവും ഇത്രത്തോളം കരഞ്ഞിട്ടില്ല... ഉമ്മ കൂട്ടിനല്ലാത്ത ജീവിതത്തിലെ ആദ്യത്തെ നോമ്പുകാലമാണ്.

കഴിഞ്ഞ നോമ്പുതുടങ്ങുമ്പോള്‍ ഉമ്മ ഓടി നടന്ന് ചുറുചുറുക്കോടെ  വീട്ടിലുണ്ടായിരുന്നു... ഈ നോമ്പുവരുമ്പോള്‍ എന്റെ ഉമ്മ ബാവിക്കര  പള്ളിയിലെ ആറടി മണ്ണില്‍ കിടന്നുറങ്ങുകയാണ്.

നോമ്പല്ലേ ഡാ.. വീടൊക്കെ ഒരുക്കിവെക്കണല്ലോ.. എന്ന് പറഞ്ഞ് വീടാകെ തുടച്ചുവൃത്തിയാക്കുന്ന ഉമ്മയെ വെറുതെ നോക്കിപോവുകയാണ് എന്റെ വീട്ടിലും എന്റെ ജീവിതത്തിലും... ഇനി എന്റെ ഉമ്മയില്ലെന്ന്  എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല...

പണിയൊക്കെ കഴിഞ്ഞ് ഇങ്ങനെ കിടക്കാന്‍ നല്ല രസാണ ഡാ
എന്ന് പറഞ്ഞ് വെറും നിലത്ത് ഉമ്മയുടെ ഒരു കിടത്തമുണ്ട് നോമ്പുതുറയുടെ മഗ്‌രിബ് ബാങ്കിനുവേണ്ടി ഭക്ഷണങ്ങളൊക്കെ നിരത്തിവെച്ച്  കാത്തിരിക്കുമ്പോള്‍ അരികത്ത് ഇനി എന്റെ ഉമ്മയില്ല...

ഡാ, വെറും വയറ്റില്‍ അത് തിന്നരുത്, ഇത് തിന്നരുത് എന്ന് പറഞ്ഞ് എന്നെ ചേര്‍ത്തുനിര്‍ത്തിയിരുന്ന ആ സ്‌നേഹം ഇനിയില്ല

ഉമ്മ... ഉമ്മ പോയശേഷം ഞാന്‍ ആളാകെ മാറിപ്പോയി... പഴയ ഞാനേയല്ല
ആരോടും അധികം സംസാരിക്കാതെ... എവിടെയും അധികം നില്‍ക്കാതെ
എല്ലാറ്റില്‍ നിന്നും സ്വയം പിന്‍വലിഞ്ഞ്... ഞാന്‍ മറ്റൊരു മനുഷ്യനായി മാറുകയാണ്

ഉമ്മ ഇല്ലാത്ത ലോകത്ത് ഒരു സന്തോഷവും കണ്ടെത്താനേ കഴിയുന്നില്ല.....
എനിക്കെല്ലാം എന്റെ ഉമ്മയായിരുന്നു... അതിനപ്പുറം എനിക്കൊരു ലോകമുണ്ടായിരുന്നില്ല... അത്താഴത്തിന് ഉരുട്ടിവിളിക്കാന്‍ ഇനി ഉമ്മയില്ല.....
ബാങ്ക് കൊടുക്കുന്ന നേരത്തും വീട്ടിലെത്തിയില്ലെങ്കില്‍ വഴി നോക്കി നില്‍ക്കാന്‍ ഇനി എന്റെ ഉമ്മയില്ല...

തൊപ്പിയൊക്കെ എടുത്ത് വെച്ച് തറാവീഹിന് യാത്ര അയക്കാനും
ഉമ്മയില്ല....

സഹോദരാ... നിങ്ങളൊക്കെ നിങ്ങളുടെ ഉമ്മയുടെ അരികിലിരുന്ന് കഥ പറയുമ്പോള്‍.... ഞാന്‍ എന്റെ മുറിയിലിരുന്ന് കരയുകയാണ്...

എബി കുട്ടിയാനം

Post a Comment

0 Comments