Top News

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന ഇസഡ് പ്ലസ് സുരക്ഷയില്‍ കറങ്ങിയ 'വിഐപി' അറസ്റ്റിൽ

ശ്രീനഗര്‍: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയില്‍ ബുള്ളറ്റ് പ്രൂഫ് സ്‌കോര്‍പിയോ എസ്.യു.വിയില്‍ യാത്രയും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചുവന്നയാള്‍ അറസ്റ്റില്‍.[www.malabarflash.com]

ഗുജറാത്ത് സ്വദേശിയായ കിരണ്‍ ഭായ് പട്ടേലാണ് കശ്മീര്‍ ഭരണകൂടത്തെ കബളിപ്പിച്ച് ഔദ്യോഗിക സൗകര്യങ്ങള്‍ നേടിയെടുത്തത്. ശ്രീനഗറിലേക്ക് നടത്തിയ സന്ദര്‍ശനങ്ങള്‍ക്കിടെയാണ് ഇയാള്‍ ഭരണകൂടത്തെ കബളിപ്പിച്ചത്.

പ്രധാനമന്ത്രിയുടെ ഓഫീസിലെ നയരൂപീകരണ- ക്യാമ്പയ്ന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറലാണെന്നാണ് ഇയാള്‍ തെറ്റിദ്ധരിപ്പിച്ചിരുന്നത്. പത്ത് ദിവസം മുമ്പ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും വിവരം പുറത്തുവിട്ടിരുന്നില്ല. കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെയാണ് വിവരം പുറത്തുവന്നത്.

ട്വിറ്ററില്‍ ആയിരക്കണക്കിന് ഫോളോവേഴ്സുള്ള കിരണ്‍ ഭായ് പട്ടേലിന് വെരിഫൈഡ് പ്രൊഫൈലാണുള്ളത്. ബി.ജെ.പിയുടെ ഗുജറാത്ത് ജനറല്‍ സെക്രട്ടറി പ്രതാപ് സിങ് വഗേലയടക്കം ഇയാളെ ട്വിറ്ററില്‍ പിന്തുടരുന്നുണ്ട്. കശ്മീരിലേക്കുള്ള ഇയാളുടെ സന്ദര്‍ശനങ്ങളുടെ ചിത്രങ്ങളും ഇയാള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. അര്‍ദ്ധസൈനിക വിഭാഗത്തിനൊപ്പമുള്ള ചിത്രമടക്കമാണ് പങ്കുവെച്ചത്.

വിര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റിയില്‍ നിന്ന് പിഎച്ച്.ഡി. നേടിയെന്ന് അവകാശപ്പെടുന്ന ഇയാള്‍ ത്രിച്ചി ഐ.ഐ.എമ്മില്‍ നിന്ന് എം.ബി.എയും, കംപ്യൂട്ടര്‍ സയന്‍സില്‍ എം. ടെക്കും കംപ്യൂട്ടര്‍ എന്‍ജിനീയറിങ്ങും നേടിയതായും അവകാശപ്പെടുന്നു.

ഇയാള്‍ ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുത്തുവെന്നും ഗുജറാത്തില്‍ നിന്ന് കശ്മീരിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും വെളിപ്പെടുത്തലുണ്ട്. ഫെബ്രുവരിയിലാണ് ഇയാള്‍ ആദ്യമായി കശ്മീരിലെത്തുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും ശ്രീനഗറില്‍ എത്തിയതിന് പിന്നാലെയാണ് സംശയനിലയിലാവുന്നത്.

ജില്ലാ മജിസ്ട്രേറ്റായ ഐ.എ.എസ്. ഓഫീസറാണ് ശ്രീനഗറിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ സന്ദര്‍ശനത്തിന് എത്തുന്ന വിവരം കൈമാറിയത്. ഇന്റലിജന്‍സാണ് ഇയാള്‍ ആള്‍മാറാട്ടം നടത്തുകയാമെന്ന വിവരം പോലീസിനെ അറിയിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ട പോലീസ് ശ്രീനഗറിലെ ഹോട്ടലില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇയാളെ തിരിച്ചറിയുന്നതില്‍ വീഴ്ച വരുത്തിയതിന് രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവും. സംഭവത്തില്‍ ഗുജറാത്ത് പോലീസും അന്വേഷണം നടത്തിവരികയാണ്.

Post a Comment

Previous Post Next Post