Top News

കാറിന്‍റെ ഡാഷ് ബോർഡിൽ 50 ലക്ഷത്തിന്‍റെ എംഡിഎംഎ; വയനാട്ടിൽ വന്‍ മയക്കുമരുന്ന് വേട്ട, മൂന്ന് പേർ അറസ്റ്റിൽ

കല്‍പ്പറ്റ: വയനാട്ടിൽ വന്‍ മയക്കു മരുന്ന് വേട്ട. മുത്തങ്ങയില്‍ നിന്ന് അരക്കിലോയോളം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട്ടിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് ജില്ലാ പോലീസ് മേഥാവി ആർ. ആനന്ദ് പറഞ്ഞു.[www.malabarflash.com] 

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ മുത്തങ്ങ ആര്‍ടിഒ ചെക്‌പോസ്റ്റിനു സമീപമായിരുന്നു സംഭവം. സുല്‍ത്താന്‍ ബത്തേരി എസ്എച്ച്ഒ സന്തോഷും സംഘവും നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് കാറില്‍ കടത്താന്‍ ശ്രമിച്ച എംഡിഎംഎ പിടികൂടിയത്.

ഫോക്‌സ് വാഗൻ പോളോ കാറിലെത്തിയ മൂന്ന് യുവാക്കളുടെ പെരുമാറ്റത്തില്‍ പൊലീസിന് പന്തികേടു തോന്നി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറിന്‍റെ ഡാഷ് ബോർഡിൽ വിദഗ്ദമായി ഒളിപ്പിച്ച നിലയിൽ 492 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ഇതോടെ കാറിലുണ്ടായിരുന്ന കൊടുവള്ളി സ്വദേശി മുഹമ്മദ് മിദ്‌ലജ്, വയനാട്ടുകാരായ ജാസിം അലി, അഫ്താഷ് എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കോളേജ് പരിസരങ്ങളിലും മറ്റും വില്‍പ്പനയ്ക്കായി ബംഗളൂരുവില്‍ നിന്ന് കൊണ്ടുവന്നതാണ് മയക്കുമരുന്നെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. സംസ്ഥാനത്ത് തന്നെ അപൂര്‍വമായാണ് ഇത്രയും കൂടിയ അളവിൽ എംഡിഎംഎ പിടികൂടിയിട്ടുള്ളത്. പിടികൂടിയ എംഡിഎംഎയ്ക്ക് ചില്ലറ വിൽപ്പനയിൽ 50 ലക്ഷത്തോളം രൂപ വില വരുമെന്നാണ് വിവരം. പ്രതികൾക്ക് പിന്നിൽ മറ്റ് സംഘങ്ങളുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.

Post a Comment

Previous Post Next Post