NEWS UPDATE

6/recent/ticker-posts

അപകടം ജീവനെടുത്ത യുവാവിന്റെ കുടുംബത്തിന് വീടൊരുക്കി വിദ്യാലയവും പ്രദേശവാസികളും

തൃക്കരിപ്പൂർ: അകാലത്തിൽ അപകടത്തിൽ പൊലിഞ്ഞ യുവാവിന്റെ കുടുംബത്തിന് തണ​ലൊരുക്കി ഒരു വിദ്യാലയവും പ്രദേശവാസികളും. സുമനസ്സുകൾ സ്വരുക്കൂട്ടിയ തുക കൊണ്ട് പണിത സ്നേഹ വീട് തിങ്കളാഴ്ച കൈമാറുമെന്ന് അണിയറ പ്രവർത്തകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.[www.malabarflash.com]


തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കുടുംബത്തിന് താക്കോൽ കൈമാറും. 2022 ജനുവരിയിൽ അപകടത്തിൽ മരണപ്പെട്ട ഇളമ്പച്ചിയിലെ യുവാവിൻറെ ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന അനാഥമായ കുടുംബത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കുടുംബസഹായ സമിതി രൂപീകരിച്ചത്. വൈകാതെ ഇളംബച്ചി ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവ.ഹയർസെക്കൻഡറി എൻ.എസ്.എസ് യൂനിറ്റ് കുടുംബസഹായ സമിതിയുമായി കൈകോർത്തു.

പൊതുജനങ്ങളിൽ നിന്നും സഹായങ്ങൾ സ്വീകരിച്ചുകൊണ്ട് വീട് നിർമാണ പ്രവർത്തനം ആരംഭിച്ച കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ഇതോടെ ഊർജ്ജവും വേഗവും കൈവന്നു. പരിസരത്തെ വീടുകളിൽ നിന്ന് പഴയ പത്ര കടലാസും മറ്റ് സാധനങ്ങളും ശേഖരിച്ച് വിൽപ്പന നടത്തിയാണ് സാമ്പത്തിക സമാഹരണം നടത്തിയത്. ഒരു ലക്ഷത്തിലധികം രൂപ ഇത്തരത്തിൽ സമാഹരിച്ചു . ബിരിയാണി, അച്ചാർ ചലഞ്ച് എന്നിവയിലൂടെയും നല്ല തുക കണ്ടെത്തി. വീട് നിർമ്മാണത്തിന് 13 ലക്ഷം രൂപയോളം ചെലവായിട്ടുണ്ട്.

വ്യക്തികളും സംഘടനകളും സാമ്പത്തികമായും കായികമായും മാനസികമായും കൂടെനിന്നു. ഈ കുടുംബത്തിലെ മൂന്നു കുട്ടികൾക്കും വിദ്യാഭ്യാസസഹായം ചടങ്ങിൽ വിതരണം ചെയ്യും. നിർമ്മാണ കമ്മിറ്റി ചെയർമാൻ ഇ. ചന്ദ്രൻ, കൺവീനർ ടി.വി വിനോദ് കുമാർ, പ്രിൻസിപ്പൽ സി.കെ.ഹരീന്ദ്രൻ, എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ എസ്.എസ്.ശരത്, പി.ടി.എ പ്രസിഡൻറ് കെ.പി. കമലാക്ഷൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Post a Comment

0 Comments