Top News

കാലിക്കടത്ത് ആരോപിച്ച് ചുട്ടുകൊന്ന സംഭവം; പ്രതിയായ ബജ്റംഗ്ദൾ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഖബറിടത്തിൽ പ്രതിഷേധം

ഹരിയാനയിലെ ഭീവാനിയിൽ കാലിക്കടത്ത് ആരോപിച്ച് കൊലപ്പെടുത്തിയ യുവാക്കളുടെ ഖബറിനരികിൽ പ്രതിഷേധവുമായി ബന്ധുക്കൾ. ആരോപണവിധേയനായ ബജ്റംഗ്ദൾ നേതാവ് മോനു മനേസറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഹരിയാനയിലെ ഗോ രക്ഷാ ഗുണ്ടയും യൂ ട്യൂബറുമാണ് മോനു മനേസർ. ഇയാളാണ് കേസിലെ മുഖ്യപ്രതി.[www.malabarflash.com]


എല്ലാ പ്രതികളെയും പിടികൂടുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ബന്ധുക്കൾ പറഞ്ഞു. അഞ്ചുപേരടങ്ങുന്ന സംഘമാണ് യുവാക്കളെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ ഒരാളെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത്. മർദനമേറ്റ് അവശരായ യുവാക്കളെ പോലീസ് സ്റ്റേഷനിലെത്തിച്ചിരുന്നുവെന്നും എന്നാൽ പോലീസ് അവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്നും അറസ്റ്റിലായ റിങ്കു പൊലീസിന് മൊഴി നൽകിയിരുന്നു. അതിനുശേഷമാണ് അവർ മരിച്ചതെന്നും തുടർന്ന് പെട്രോളൊഴിച്ച് കത്തിച്ചെന്നുമാണ് റിങ്കു മൊഴി നൽകിയത്.

രാജസ്ഥാനിലെ ഭരത്പൂരിൽനിന്ന് തട്ടിക്കൊണ്ടുപോയ നാസിർ (27), ജുനൈദ് (35) എന്നിവരെയാണ് ഹരിയാനയിലെ ഭീവാനിയിൽ ചുട്ടുകൊന്ന നിലയിൽ കണ്ടെത്തിയത്. ബജ്‌റംഗ്ദൾ പ്രവർത്തകരായ പശുസംരക്ഷക ഗുണ്ടകളാണ് കൊലപാതകം നടത്തിയതെന്നാണ് ആരോപണം. രാജസ്ഥാൻ, ഹരിയാന പോലീസ് സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രാജസ്ഥാൻ സർക്കാർ പത്ത് ലക്ഷം രൂപയും ബന്ധുവിന് ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post